അന്ന് പാഷാണം ഷാജി ഇന്ന് ചെമ്പിൽ അശോകൻ !
ഡിജിപിയുടെ അപരനായി ട്രോളുകളിൽ നിറഞ്ഞ് നടൻ ചെമ്പിൽ അശോകൻ. അനിൽകാന്തിനെ ഡിജിപിയായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് കാക്കിയണിഞ്ഞ ചെമ്പിൽ അശോകനെയും ട്രോളൻമാർ ഏറ്റെടുത്തത്.
നേരത്തെ ലോക്നാഥ് ബെഹ്റ ഡിജിപിയായി ചുമതലയേറ്റെടുത്തപ്പോഴും നിമിഷങ്ങൾക്കകം നടൻ സാജു നവോദയയെ (പാഷാണം ഷാജി) സാമൂഹ്യ മാധ്യമങ്ങളിൽ അപരനാക്കി ട്രോളൻമാർ ആഘോഷമാക്കിയിരുന്നു.
പാഷാണം ഷാജി മാറി, ഡിജിപിയായി ചെമ്പിൽ അശോകൻ ചുമതലയേറ്റു എന്ന അടിക്കുറിപ്പോടെയുള്ള ട്രോളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
ചെമ്പിൽ അശോകന്റെ പോലീസ് വേഷങ്ങളിൽ ഉൾപ്പെടെയുള്ള ചിത്രങ്ങൾ അനിൽകാന്തിനൊപ്പം ചേർത്തുവെച്ചാണ് ട്രോളൻമാരുടെ ആഘോഷം.
ബെഹ്റ-പാഷാണം ഷാജി കോമ്പിനേഷൻ ഏറ്റെടുത്ത സാമൂഹ്യ മാധ്യമങ്ങൾ അനിൽകാന്ത്-ചെമ്പിൽ അശോകൻ കോമ്പിനേഷനും ഏറ്റെടുത്തു കഴിഞ്ഞു.
ഡിജിപിക്കൊപ്പം ട്രോളുകളുടെ ഭാഗമാകാൻ സാധിച്ചതിൽ ഏറെ സന്തേഷമുണ്ടെന്ന് ചെമ്പിൽ അശോകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ചിലർ വിളിച്ചുപറഞ്ഞ ശേഷമാണ് ട്രോളുകളെക്കുറിച്ച് അറിഞ്ഞത്. ഡിജിപിയാക്കിയുള്ള വൈറൽ ട്രോളുകൾ കണ്ടപ്പോൾ ആദ്യമൊന്ന് അത്ഭുതപ്പെട്ടു. മറ്റുള്ളവരെ പോലും താനും ട്രോളുകൾ ആസ്വദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണമെല്ലാം കഴിച്ച് ഇപ്പോൾ കുറച്ച് പുഷ്ടിപ്പെട്ടതിനാൽ രൂപത്തിൽ ചെറിയ മാറ്റമുണ്ട്. എന്നാൽ പഴയ മീശയില്ലാത്ത ചിത്രങ്ങൾ അനിൽകാന്തുമായി വളരെ സാമ്യമുണ്ട്. സന്ദർഭം ഒത്തുവന്നാൽ പുതിയ ഡിജിപിയെ കാണാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.