ബോളിവുഡ് ഇതിഹാസം ദീലീപ് കുമാർ വിടവാങ്ങി
ബോളിവുഡ് ഇതിഹാസം ദീലീപ് കുമാർ (98) വിടവാങ്ങി. മുംബൈ ഹിന്ദുജ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനേത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അഞ്ച് ദശാബ്ദം നീണ്ട അഭിനയജീവിതത്തിൽ എണ്ണം പറഞ്ഞ കഥാപാത്രങ്ങളാണ് അദ്ദേഹം അവിസ്മരണീയമാക്കിയത്. മുഗൾ ഇ അസം, ദേവദാസ്, രാം ഔർ ശ്യാം, അന്ദാസ്, മധുമതി തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ ദിലീപ്കുമാറിനെ ഇന്ത്യൻ സിനിമയുടെ ഔന്നിത്യങ്ങളിലെത്തിച്ചു.
80 കളിൽ റൊമാന്റിക് നായകനിൽ നിന്ന് കാമ്പുള്ള കഥാപാത്രങ്ങളിലേക്ക് അദ്ദേഹം മാറി. ക്രാന്തി, ശക്തി, കർമ്മ, സൗദാഗർ അടക്കമുള്ള സിനിമകളിൽ ശക്തമായ വേഷങ്ങളിലെത്തി. 1998 ൽ പുറത്തിറങ്ങിയ ക്വില ആണ് അവസാന ചിത്രം. 1966 ലാണ് ബോളിവുഡ് താരമായ സൈറ ബാനുവിനെ വിവാഹം കഴിച്ചത്.
1944 ലിൽ ജ്വാർ ഭട്ട എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ദിലീപ് കുമാർ ആറു പതിറ്റാണ്ട് കാലം അഭിനയരംഗത്ത് നിറഞ്ഞുനിന്നു. ഇക്കാലയളവിൽ 62 സിനിമകളിൽ വേഷമിട്ടു. ആൻ, ദാഗ്, ആസാദ് ഗംഗ ജമുന അടക്കമുള്ള സിനിമകൾ ദിലീപ് കുമാറിന്റെ അഭിനയശൈലി അടയാളപ്പെടുത്തിയ സിനിമകളായിരുന്നു.
നടൻ, നിർമാതാവ് എന്നീ നിലകളിൽ തിളങ്ങിയ ദിലീപ് കുമാർ രാജ്യസഭാംഗമായും നാമനിർദേശം ചെയ്യപ്പെട്ടു.
യൂസഫ് ഖാൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്. 1922 ഡിസംബർ 11ൽ പാകിസ്താനിലെ പെഷാവറിൽ ജനിച്ച അദ്ദേഹത്തിന്റെ അഭിനയ ജീവിതം തൂടങ്ങുന്നത് 1944 ലാണ്. ജ്വാർ ഭാട്ടയായിരുന്നു ആദ്യ ചിത്രം. 1940, 1950, 1960, 1980 കാലഘട്ടത്തിൽ മികച്ച ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഫിലിംഫെയർ അവാർഡ് ആദ്യമായി നേടിയ നടൻ ദിലീപ് കുമാറാണ്. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച നടൻ എന്ന റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്.
2015 ൽ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. ദാദാ സാഹിബ് ഫാൽകെ പുരസ്കാരം 1994 ൽ അദ്ദേഹത്തിന് ലഭിച്ചു. പാകിസ്താൻ സർക്കാരും രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ നിഷാൻ -ഇ- ഇംതിയാസ് നൽകി 1997 ൽ ആദരിച്ചു.