പൊന്നിനേക്കാള്‍ വിലപ്പെട്ടത് ഇവളാണ്. വിവാഹ സമ്മാനമായി കിട്ടിയ ആഭരണങ്ങള്‍ തിരികെ നല്‍കി വരന്‍

സ്ത്രീധനത്തിനെതിരെ സംസാരം മാത്രമേ നമുക്കുള്ളു. വാക്കുകളിലൂടെയുള്ള പ്രതിരോധം മാത്രമല്ല പ്രവര്‍ത്തിയിലൂടെ ചെയ്ത് കാണിക്കുകയാണ് ആലപ്പുഴ നൂറനാട് പള്ളിക്കൽ ഹരിഹരാലയത്തിൽ കെ വി സത്യൻ- ജി സരസ്വതി ദമ്പതികളുടെ മകൻ സതീഷ് സത്യൻ.


ശ്രുതിയ്ക്ക് മാതാപിതാക്കൾ വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ സതീഷ് തിരികെ നൽകി.
നമുക്ക് താലിമാല മാത്രം മതി. ശ്രുതിയ്ക്ക് നിർബന്ധമുണ്ടെങ്കിൽ ഓരോ കൈയിലും ഓരോ വള കൂടിയാവാം.ശ്രുതിയുടെ കൈപിടിച്ച് സതീഷ് പറഞ്ഞു. ശ്രുതി സമ്മതിച്ചതോടെ 50 പവനിൽ ഇവയൊഴിച്ച് ബാക്കിയുള്ള ആഭരണങ്ങൾ മാതാപിതാക്കൾക്ക് ഊരി നൽകി.


വിവാഹ സമയത്ത് വധു അണിഞ്ഞ ആഭരണങ്ങളെല്ലാം ചടങ്ങിനു ശേഷം സതീഷും അച്ഛനും ചേർന്ന് എസ്എൻഡിപി ശാഖായോഗം ഭാരവാഹികളുടെ സാന്നിധ്യത്തിൽ വധുവിന്റെ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. വധു ശ്രുതി രാജ് നൂറനാട് പണയിൽ ഹരിമംഗലത്ത് പടീറ്റതിൽ ആർ. രാജേന്ദ്രൻ- പി ഷീല ദമ്പതിമാരുടെ മകളാണ്. വ്യാഴാഴ്ച പണയിൽ ദേവീക്ഷേത്രത്തിലായിരുന്നു ഇരുവരുടെയും വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന വിവാഹത്തിൽ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *