മലയാളത്തിന്‍റെ എഴുത്തമ്മ

ജിബി ദീപക്ക്(അദ്ധ്യാപിക,എഴുത്തുകാരി)

“ജീവിതത്തില്‍ സുനിശ്ചിതമായത് ഒന്നേയുള്ളു. അതാണ് മൃത്യു. ഞാനിനിയും വരും, കഷ്ടപ്പെടാനും പാട്ട് പാടാനും…”
മരണം ഒന്നിന്റെയും അവസാനമല്ലെന്നും മറ്റു ചിലതിന്റെ തുടക്കമാണെന്നുമുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ ഇനിയുമീ ഭൂമിയില്‍ വരാനും അവശതയനുഭവിക്കുന്നവര്‍ക്ക് തണല്‍മരമാകാനും, അഭയമാകാനും സുഗതകുമാരി ടീച്ചറിന്റെ മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ട്. ടീച്ചറിന്റെ വാക്കുകള്‍ അത് സാക്ഷ്യപ്പെടുത്തുന്നു.


മനസ്സിന് ദുഃഖമുണ്ടാകുമ്പോഴാണ് പലപ്പോഴും കവിതയുടെ കടന്നുവരവെന്ന് സുഗത കുമാരി ടീച്ചര്‍ പറയുന്നു. എല്ലാം ദുഃഖമാണെന്നും, ദുഃഖത്തിന്‍റെ മൂലകാരണം തൃഷ്ണയാണെന്നും അവര്‍ വിശ്വസിക്കുന്നു.വിട്ടുവീഴ്ചയില്ലാത്ത പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍, നിരാലംബര്‍ക്കും, പിച്ചിചീന്തപ്പെട്ട പെണ്‍കുട്ടികള്‍ക്കും ആശ്രയം, തീരാവേദനകളെ കവിതയിലേക്ക് ആവാഹിച്ച സര്‍ഗ്ഗശേഷി, മലയാള കവിതയുടെ മാതൃഭാവമായി വിളങ്ങുന്ന സുഗതകുമാരി ടീച്ചര്‍ക്ക് ഭാവങ്ങളേറെയാണ്. മരണപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്നേ തന്നെ അവര്‍ തന്‍റെ ഒസ്യം തയ്യാറാക്കിവെച്ചു. സമൂഹത്തിനായി സ്വയം സമര്‍പ്പിച്ചു പ്രവര്‍ത്തിച്ച കര്‍മ്മയോഗിണിയുടെ സ്ഥിതചേതനയാര്‍ന്ന വാക്കുകളിലൂടെ മലയാള മണ്ണ് ആ അഭിലാഷങ്ങള്‍ കേട്ടറിഞ്ഞു.


പ്രകൃതിയിലേക്ക്, മണ്ണിലേക്ക് മടങ്ങാന്‍ സമയമെടുത്തുവെന്ന തോന്നിതുടങ്ങിയ നിമിഷങ്ങളില്‍ തന്‍റെ ഭൗതിക ശരീരമെന്തു ചെയ്യണം എന്ന് നേരത്തെ തന്നെ വേണ്ടപ്പെട്ടവര്‍ക്ക് അവര്‍ നിര്‍ദേശം നല്‍കി. അതനുസരിച്ച് മാത്രമേ ആ കാര്യങ്ങള്‍ ചെയ്യാവൂ എന്ന ശാഠ്യം ആ വാക്കുകളില്‍ കാണാം. ഒരാള്‍ മരിച്ചാല്‍ പതിനായിരക്കണക്കിന് റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിന് രൂപയുടെ പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നത്. ശവപുഷ്പങ്ങള്‍! എനിക്കവ വേണ്ട. മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട. ജീവിച്ചിരിക്കുമ്പോള്‍ ഇത്തിരി സ്‌നേഹം തരിക. അതുമാത്രം മതി.’ സ്‌നേഹിക്കപ്പെടാനുള്ള മനസ്സിന്റെ ആര്‍ത്തി ടീച്ചറിന്‍റെ ഓരോ വാക്കുകളിലും നിറഞ്ഞു നില്‍ക്കുന്നത് നമുക്ക് കാണാനാകും.


തന്‍റെ മരണാനന്തരം എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന് കവയത്രി പറഞ്ഞുവച്ചിട്ടുണ്ട്.
“എനിക്ക് വേണ്ടത് ഒരാല്‍ മരം മാത്രം അതിന്റെ പുറത്ത് ഒന്നും എഴുതിവെക്കരുത്”.
ഒരാല്‍മരം തന്‍റെ ഓര്‍മ്മയ്ക്ക് ജീവിത സായാഹ്നത്തില്‍… അത് മാത്രമേ സുഗതകുമാരി ടീച്ചര്‍ കൊതിക്കുന്നുള്ളൂ. “ചുവന്ന പഴങ്ങളുണ്ടാകുന്ന ഒരാല്‍ മരം. ഒരുപാട് പക്ഷികള്‍ അതില്‍ വരും. തത്തകളൊക്കെ വന്ന് പഴങ്ങള്‍ തിന്നും. അതിന്‍റെ പുറത്ത് ഒന്നും ഒന്നും എഴുതിവെക്കരുത്. ചിതാഭസ്മവും അവിടെകൊണ്ട് വെക്കരുത്.” ആ ആല്‍മരം എവിടെ നടണം എന്നുവരെ അവര്‍ ഒസ്യത്തില്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പേയാട്, മനസ്സിന്‍റെ താളം തെറ്റിയ നിരാലംബര്‍ക്കായി അവര്‍ പടുത്തുയര്‍ത്തിയ അഭയയുടെ പിറകുവശത്തെ പാറക്കൂട്ടത്തിനടുത്ത്.


കേരളത്തിന്റെ സ്ത്രീ വിമോചന ചിന്തകളുടെ പ്രാരംഭനാളുകളില്‍ സജീവപ്രവര്‍ത്തനം നടത്തിയവരില്‍ സുഗതകുമാരി ടീച്ചറിന്‍റെ പങ്ക് വളരെ വലുതാണ്. സാമൂഹിക സാംസ്‌കാരികയിടങ്ങളില്‍ മാതാപിതാക്കള്‍ നടത്തിയ ഇടപെടലുകള്‍ അവരെ വളരെയധികം സ്വാധീനിച്ചിരുന്നു. പിതാവിന്‍റെ കവിത്വം, സാമഹ്യപ്രവര്‍ത്തനങ്ങളും, ദേശസ്‌നേഹവും, സുഗതകുമാരിയെ വളരെയധികം സ്വാധീനിച്ചിരുന്നു.


ആറന്മുളയിലെ വഴുവേലി തറവാട്ടില്‍ ഗാന്ധിയനും കവിയും കേരള നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ അമരക്കാരനുമായിരുന്ന ബോധേശ്വരന്‍റെ (കേശവപിള്ള) മകളായി 1934 ജനുവരി ഇരുപത്തിരണ്ടിനാണ് സുഗതകുമാരി ജനിച്ചത്. അക്കാലത്തെ പ്രശസ്ത സംസ്‌കൃത പണ്ഡിതയായ വി.കെ. കാര്‍ത്യായനി ടീച്ചറായിരുന്നു അമ്മ.
“എത്രയോ പരിസ്ഥിതി സമരങ്ങളുണ്ടായി. പക്ഷേ നമ്മള്‍ വൈകിപ്പോയി. അത്രയ്ക്ക് സുഖത്തിന്‍റെയും ധൂര്‍ത്തിന്‍റെ പിറകേ പോയിക്കഴിഞ്ഞിരിക്കുന്നു മലയാളി. അന്തരീക്ഷവായു മലിനമായിക്കൊണ്ടിരിക്കുന്നു. മഹാരോഗങ്ങള്‍ പടരുന്നു. എന്നിട്ടും ഒരു കൂസലുമില്ല മനുഷ്യന്. എനിക്ക് ഭയമാണ്. ഭാവിയിലെ കുട്ടികളെപറ്റി എനിക്കൊരുപാട് ആശങ്കയാണ്”. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രകൃതിയെപ്പറ്റിയും, മലയാള ഭാഷയില്‍ നിന്ന് അകന്ന് പൊയ്‌ക്കൊണ്ടിരിക്കുന്ന പുതിയ തലുറയെപ്പറ്റിയും ടീച്ചര്‍ വല്ലാതെ ആകുലപ്പെട്ട് സംസാരിച്ചിരുന്നു.

ആത്മവിശകലനത്തില്‍ എന്താണീ ജീവിതമെന്ന ചോദ്യത്തിന് ടീച്ചര്‍ പ്രിയപ്പെട്ട വൈലോപ്പിള്ളിയുടെ വരികള്‍ ഓര്‍ത്തുപാടി.
‘ഒരു ചെറുപ്പൂവിലൊതുങ്ങും അതില്‍ ചിരികടലിലും കൊള്ളില്ലതിന്‍റെ കണ്ണീര്‍’വ്യക്തിഗതമായ വേദനകളെ വിശ്വഗതമായി വികസിപ്പിക്കുന്നതില്‍ സുഗതകുമാരിക്കുള്ള മികവിനെക്കുറിച്ച് ‘പാതിരാപ്പൂക്കള്‍’ എന്ന സമാഹാരത്തിന്നെഴുതിയ അവതാരികയില്‍ പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍ പ്രസ്താവിക്കുന്നു ‘തന്‍റെ ദുഃഖത്തിന്‍റെ സാമൂഹിക മാനത്തെ ഊട്ടിയുറപ്പിക്കുന്ന നിരവധി കവിതകള്‍ അവരുടേതായിട്ടുണ്ട്.’


വര്‍ത്തമാന കാല ജീവിതത്തിന്റെ തിക്തതകള്‍ കാണുന്ന കവിക്ക് താനുള്‍പ്പെടുന്ന മാര്‍ഗ്ഗത്തിന്റെ നേര്‍ക്കുളം അതിക്രമങ്ങള്‍ക്കും ഭീഷണികള്‍ക്കും നിസ്സഹായതകള്‍ക്കും മുന്നില്‍ കണ്ണടയ്ക്കാനാവില്ല. സ്ത്രീത്വത്തിന്റെ വിവിധ വശങ്ങള്‍ അവരുടെ നിരീക്ഷണത്തിന് വിധേയമാകുന്നത് ‘ജെബി’ ‘പെണ്‍കുഞ്ഞ്- 90’ , ‘കാത്യ’, ‘നെല്‍കൂത്ത്’ ‘അമ്മ’, ദേവദാസിയുടെ പാട്ട് എന്നിങ്ങനെ ഒട്ടനവധി കവിതകളില്‍ സുഗതകുമാരി ആവിഷ്‌ക്കരിക്കുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷപദവി വഹിച്ചിരുന്ന കാലത്തെ അവരുടെ അനുഭവങ്ങള്‍ ഇതിനു സഹായിച്ചിരിക്കും.
കൃഷ്ണ നീയെന്നെ അറിയില്ല’, രാധയെവിടെ’ ‘ഒരു വൃന്ദാവനരംഗം’, ‘ശ്യാമരാധ’, മറ്റൊരു രാധിക തുടങ്ങി നിരവധി കൃഷ്ണ കവിതകളിലൂടെ ഈ സങ്കല്‍പം കൃഷ്ണ സങ്കല്പത്തെയും കവി വരച്ചിടുന്നു.


സുഗതകുമാരിയുടെ കവിതകളുടെ അടിസ്ഥാന ശ്രുതി വിഷാദമാണെന്ന നിഗമനത്തില്‍, ദുഃഖാദിരതി പ്രവണത പ്രദര്‍ശിപ്പിച്ചിരുന്ന കാല്‍പ്പനിക കവികളുടെ തുടര്‍ച്ചക്കാരിയായി മാത്രം അവരെ കാണുന്ന സ്ഥിതി കുറെക്കാലമായിട്ടെങ്കിലും നിലനിന്നിരുന്നു. എന്നാല്‍ വിശദമായ പഠനം സുഗതകുമാരിയുടെ കവിതകളുടെ ദുഃഖശ്രുതി കാല്‍പ്പനിക കവികളുടേതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും വ്യക്തമാകും.’ആരു ചവിട്ടിത്താഴ്ത്തിലുമഴലില്‍
പാതാളത്തിലൊളിക്കിലുമേതോ
പൂര്‍വ്വസ്മരണയിലാഹ്ലാദത്തിന്‍
ലോകത്തെയും ഹൃദയം’ (പാവം മാനവഹൃദയം) എന്ന സമീപനം ദുഃഖത്തില്‍ ആണ്ടു മുങ്ങാന്‍ വ്യഗ്രത കാട്ടുന്ന കാല്‍പ്പനിക ചിത്തത്തിന്റേതില്‍ നിന്ന് ഭിന്നമാണ് അകാരണവും. അഹേതകവുമായ ദുഃഖം സ്ഥായീഭാവമാകുന്ന നിരവധി കവിതകള്‍ സുഗതകുമാരി രചിച്ചിട്ടുണ്ട്. എന്നാല്‍ ആ ദുഃഖപ്രയാണം നിരാശയുടെ പടുകുഴിയില്‍ പതിക്കാന്‍ വേണ്ടിയല്ല, മറിച്ച് സത്യത്തിന്‍റെ സത്ത കണ്ടെത്താന്‍ വേണ്ടിയാണ്. അവരെ കാല്‍പ്പനിക കവിതകളുടെ രീതികളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകവും അതുതന്നെ.


സ്ത്രീസ്വത്വത്തെ ഇത്രയേറെ മനസ്സിലാക്കിയ കവിയ്ക്ക് പ്രകൃതിയെക്കുറിച്ച് വ്യാകുലപ്പെടാതെ തരമില്ല. നിലാവിനെയും, മഴയെയും, പൂക്കളെയും, മേഘങ്ങളെയും സ്‌നേഹിച്ച ഒരു മനസ്സ്, അവയ്ക്ക്‌മേല്‍ മനുഷ്യന്‍ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുന്ന ‘സൈലന്റ് വാലി’ സംരക്ഷണ നീക്കവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇവരിലെ പ്രകൃതി സ്‌നേഹിയെ കൂടുതല്‍ ഉജ്ജസ്വലമാക്കിയത് സ്വഭാവികം. ‘സൈലന്റ് വാലി’ വനരോദനം, അട്ടപ്പാടിയെ സ്വപ്‌നം കാണുന്ന ഞാന്‍, പാല പാവമാണ്, നിങ്ങളെന്‍ ലോകത്തെ എന്തു ചെയ്തു തുടങ്ങി ഒട്ടനവധി കവിതകളില്‍ സുഗതകുമാരി പ്രകൃതി സംബന്ധിയായ ആശങ്കകള്‍ പങ്കുവയ്ക്കുന്നുണ്ട്.
‘ആവര്‍ത്തനത്താന്‍ വിരസമാവാത്തത്
പ്രേമമെന്നല്ലാതെയെന്തു പാരില്‍’

എന്ന് പറയുന്ന സുഗതകുമാരിക്ക് പ്രേമത്തിന്റെ ധന്യതയെക്കുറിച്ചു പാടിതിരിക്കാന്‍ കഴിയുന്നില്ല. പ്രേമത്തെ ‘അത്രമേല്‍ സ്‌നേഹിക്കയാല്‍’ എന്ന കവിതയില്‍ ആദ്യകാലത്തുതന്നെ അവര്‍ ഇത് പറഞ്ഞുവെച്ചിട്ടുണ്ട്. ദൃഢമായ ദാമ്പത്യത്തിന്റെ ഉറപ്പ് അവര്‍ക്ക് ലോകത്തെ നേടാന്‍ പര്യാപ്തമായ കവചമായിരുന്നു. ‘ഒടുക്കത്തെ തിരുവോണം’, രാത്രിയില്‍ ഗംഗോത്രിയില്‍, തനിച്ചു തനിച്ചിനി, പോയതിന്‍ ശേഷം എന്നീ കവിതകളിലെല്ലാം ദാമ്പത്യത്തിന്റെ മാധുര്യം അനുഭവിച്ചറിയാനാകും.


‘ധര്‍മം എന്ന പശു’, ബയാഹു’ ‘ധര്‍മത്തിന്റെ നിറം കറുപ്പാണ്’ ഹേ രാമ’, ആഗസ്റ്റ് 15, സാരേ ജഹാം സേ അച്ഛാ, ആദിവാസി സാക്ഷരത തുടങ്ങിയ നിരവധി കവിതകള്‍ അവരുടെ സാമൂഹ്യ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ക്ക് ഉത്തമോദാഹരണങ്ങളാണ്. സമൂഹത്തിന്റെ അനീതികളെയും, നിസ്സഹായതകളെയും, ബലഹീനതകളെയും സംവേദനക്ഷമമായ മനസ്സ്.
“ഇനിയൊന്നും എഴുതാനില്ല… പറയാനുള്ളതൊക്കെ പറഞ്ഞു. ഒരേ കാര്യം തന്നെ ആയിരവും പറഞ്ഞു. കുറച്ചുപേര്‍ കേട്ടു. തൊണ്ണൂറു ശതമാനം പേരും കേട്ടില്ല.” ആത്മാഭിമാനവും, നൈരാശ്യവും കൂടിക്കുഴഞ്ഞ ടീച്ചറുടെ വാക്കുകളാണിത്. അതുകൊണ്ട് തന്നെ ഈ ജന്മംകൊണ്ട് കര്‍മ്മം പൂര്‍ത്തിയാവുന്നില്ല എന്ന് ടീച്ചറിന് തോന്നിയിരിക്കണം. അതാവാം ടീച്ചര്‍ ഇങ്ങനെയും കൂടി പറഞ്ഞ് വെച്ചത്.”ഇതോടെ ശാന്തി കിട്ടുമെന്നൊന്നും ഞാന്‍ വിചാരിക്കുന്നില്ല. ഇനിയും കുറെ ജന്മങ്ങള്‍ ഞാന്‍ വന്ന് ഇതുപോലെ പാടുപെടണം. അപ്പോഴായിരിക്കും ശാന്തി കിട്ടുക…”


മരണമെന്നത് ഒരവസാനമായിരിക്കുമോ…? ആത്മാവ് പഴകിയ വസ്ത്രമുപേക്ഷിച്ച് പുതിയ വസ്ത്രം ധരിച്ച് ഒരു പുനര്‍ജന്മത്തിലൂടെ ഇവിടെ അവതരിക്കാറുണ്ടോ…? ഉത്തരങ്ങള്‍ ഇന്നും നമുക്ക് മുന്നിലില്ല. എങ്കിലും പ്രകൃതിയെ സ്‌നേഹിച്ചൊരമ്മ…. അക്ഷരങ്ങളെ ചേര്‍ത്ത് പിടിച്ചൊരമ്മ… നമ്മുടെ മലയാളത്തിന്റെ എഴുത്തമ്മ ഇനിയും ഒരുപാട് ഒരുപാട് ജന്മങ്ങളിലൂടെ മലയാള മണ്ണിനെ കുളിരണിയിപ്പിക്കാന്‍ ഇവിടെ ജന്മമെടുക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.
ആയുസ്സെന്ന അപാരതയെ നിഷ്പ്രഭമാക്കിക്കൊണ്ട് രാത്രിമഴയുടെ പതംപറയലുകളില്ലാതെ, പെയ്തിറങ്ങി പോയ ആ ദൃഢവ്യക്തിത്വത്തിനു മുമ്പില്‍ മലയാളത്തിന്റെ മൗനാദരങ്ങള്‍ അര്‍പ്പിക്കാം…

Leave a Reply

Your email address will not be published. Required fields are marked *