പ്രകൃതിഭംഗി ആസ്വദിച്ച് കൊല്ലം – ചെങ്കോട്ട റെയിൽവേ പാതയിലൂടെ യാത്ര ചെയ്യാം

കേരളത്തിലെ ഏറ്റവും മനോഹരമായ പാതയേതെന്ന് ഗൂഗിളിനോട് ചോദിച്ചാൽ പറയും ഷൊർണുർ – നിലമ്പുർ പാതയാണെന്ന്. എന്നാൽ ഞങ്ങൾ പറയും അത് കൊല്ലം – ചെങ്കോട്ട റെയിൽവേ പാതയാണെന്ന്.. അത് എന്ത് കൊണ്ടാണെന്ന് ചോദിച്ചാൽ അത് വഴി യാത്ര ചെയ്തിട്ടുള്ളവർ വളരെ സിമ്പിൾ ആയി പറഞ്ഞു തരും.

ഒരു പക്ഷെ കേരളത്തിൽ കൊല്ലം ചെങ്കോട്ട പോലെ ഇത്ര മനോഹരമായ ചുരം പാത കാണില്ല. 94 KM ദൂരം പാസഞ്ചർ ട്രെയിനിൽ വെറും 25 രൂപയ്ക്ക് നിങ്ങൾക്ക് മനോഹരമായ പ്രകൃതിയെ ആസ്വദിച്ച് യാത്രചെയ്യാം. കൊല്ലം നഗരത്തിൽ നിന്നും മലകളെ ഭേദിച്ച് കൊണ്ട് തമിഴ്‌നാട്ടിലേക്ക് പോകുന്ന റയിൽ പാത സഞ്ചാരികൾക്ക് ദൃശ്യമനോഹരമായ ഒരു യാത്രയാണ് നൽകുന്നത്. പുനലൂരിനുംആര്യങ്കാവിനുമിടയിൽ മലതുരന്ന് ചെറുതും വലുതുമായ 5 തുരങ്കങ്ങൾ, ഒട്ടേറെ പാലങ്ങൾ, കഴുതുരുട്ടിയിൽ കൊല്ലം – തിരുമംഗലം ദേശീയപാതയ്ക്ക് സമാന്തരമായി കോട്ടവാതിലുകളുടെ സൗന്ദര്യവുമായി പതിമൂന്ന് കണ്ണറപ്പാലം, വനത്തിന്നിടയിലൂടെയുള്ള യാത്ര എന്നിവ യാത്രക്കാർക്ക് തീർത്തും ഹൃദ്യമായ അനുഭവമാണ്.റെയില്‍വേ മന്ത്രിയുടെ ഓഫീസിലും പാര്‍ലമെന്‍റ് കവാടത്തിലും നിരവധി സിനിമകളിലുമൊക്കെ തന്‍റെതായ ഇടം കണ്ടെത്തിയ താരമാണ് പാതയിലെ പതിമൂന്ന് കണ്ണറ പാലം. പുളളി ചില്ലറക്കാരനല്ല പഴയ ബ്രട്ടീഷ് എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്‍റെ നേര്‍സാക്ഷ്യമാണ്.

പതിമൂന്ന് കണ്ണറ പാലത്തിലൂടെ ഇന്ത്യന്‍ റെയില്‍വേയുടെ അല്‍പ്പം വളഞ്ഞുളള യാത്ര ഏതൊരു ക്യാമറമാനെയും ത്രസ്സിപ്പിക്കുന്നതാണ്. കഴുതുരുട്ടി ആറും, കൊല്ലം – തിരുമംഗലം ദേശീയ പാതയും പതിമൂന്ന് കണ്ണറ പാലവും സഹ്യന്‍റെ മനോഹര മലനിരകളും നിരന്ന് നില്‍ക്കുന്നത് ശരിക്കും നമ്മളില്‍ കാഴ്ച്ചാ വിസ്മയം സൃഷ്ടിക്കും . അരക്കിലോമീറ്ററിലേറെ ദൂരമുളള ആര്യങ്കാവ് – പുളിയറ തുരങ്കമാണ് പാതയിലെ മറ്റൊരു പ്രധാന വിസ്മയം. ഇതിന്‍റെ ഇരുവശത്തും പഴയ തിരുവിതാംകൂര്‍ രാജാധികാരത്തിന്‍റെ ശംഖ് മുദ്രണവുമുണ്ട്. പാത മലനിരകള്‍ കടന്ന് തമിഴ്നാട്ടിലെത്തിയാൽ പിന്നെ സമതലത്തിലെ വയൽക്കാഴ്ച്ചകളാണ് ചിലപ്പോൾ പണ്ട് നമുക്ക് നഷ്ടമായ കേരളമാണോ ഇതെന്ന് വരെ തോന്നിപ്പോയേക്കാം.

നീലഗിരിക്കുന്നുകളിലൂടെയുളള ട്രെയിന്‍ യാത്രയ്ക്ക് തികച്ചും സമാനമാണ് കൊല്ലം – ചെങ്കോട്ട പാതയിലൂടെയുളള ട്രെയിന്‍ യാത്രയും. കാടിനെതൊട്ടറിഞ്ഞ് ചെങ്കോട്ടയ്ക്ക് നടത്തുന്ന യാത്ര ഏതൊരു വ്യക്തിക്കും അവിസ്മരണീയമാവും.എല്ലാവരും ഷൊർണുർ – നിലമ്പുർ റയിൽ പാതയെ വാനോളം പുകഴ്ത്തുമ്പോൾ ഒരിക്കലെങ്കിലും കൊല്ലം – ചെങ്കോട്ട റയിൽ പാത വഴി യാത്ര ചെയ്ത് നോക്കണം. നിങ്ങളുടെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ദൃശ്യവിസ്മയമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.

കടപ്പാട് ശ്യാം എസ് പുനലൂര്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!