മലയാളികളുടെ നെഞ്ചിടിപ്പ് കൂട്ടിയ വില്ലന്‍

മലയാള സിനിമയിലെ വില്ലന്‍വേഷങ്ങള്‍ക്ക് പരുക്കന്‍ സൗന്ദര്യത്തിന്റെ ചൂടും ചൂരും പകര്‍ന്ന സത്യനും, പി.ജെ.ആന്റണിക്കും, കൊട്ടാരക്കരയ്ക്കും ശേഷം മലയാള സിനിമയില്‍ പൗരുഷത്തിന്റെയും കരുത്തിന്റെയും പ്രതീകമായി കരുത്തുറ്റ നടൻ.

1933 ഏപ്രിൽ 4 നു കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി എന്ന സ്ഥലത്ത് രാമൻ നായർ-ദേവകിയമ്മ ദമ്പതികളുടെ മകനായാണ്‌ ബാ‍ലൻ കെ. നായർ ജനിച്ചത്. 1960 കാലഘട്ടത്തിലെ പ്രമുഖനാടക കലാകാരൻമാരായ കെ.ടി മുഹമ്മദ്, തിക്കോടിയന്‍, ടി. ദാമോദരന്‍ എന്നിവരുടെ നാടകങ്ങളിലൂടെ പ്രഫഷണല്‍ നാടകവേദിയില്‍ സജീവമായ ബാലന്‍.കെ നായര്‍ സ്വന്തമായി നാടകം എഴുതി അവതരിപ്പിച്ചു.

സംഗമം തിയേറ്റേഴ്‌സ്, കല എന്നീ നാടക സമിതികള്‍ക്ക് ചുക്കാന്‍പിടിച്ചു. വെള്ളിത്തിരയിലും സിനിമാ പോസ്റ്ററുകളിലും ആ രൂപം കാണുന്ന പ്രേക്ഷകർക്ക്, പ്രത്യേകിച്ച് കുട്ടികൾക്കും സ്ത്രീ പ്രേക്ഷകർക്ക് വല്ലാത്തൊരു വെറുപ്പും ഭയവുമായിരുന്നു. ഇനി ഇയാൾ എന്തൊക്കെ ക്രൂരതകളാണ് ചെയ്തുകൂട്ടാൻ പോകുന്നത് എന്ന വിചാരം ഓരോ പ്രേക്ഷകനെയും സിനിമയുടെ അവസാനം വരെ വിടാതെ പിന്തുടർന്നു. ഒടുവിൽ നായകന്റെ കൈകൊണ്ടു അയാൾ കൊല്ലപ്പെടുമ്പോൾ മാത്രമാണ് പ്രേക്ഷകന്റെ നെഞ്ചിടിപ്പ് നേരെയാവുന്നത്.

ഒരു നോട്ടം ചിരി അതിലൊക്കെ അയാൾ വില്ലന്റെ എല്ലാ ക്രൂരതകളും നമുക്ക് കാണിച്ചു തന്നു. പക്ഷെ, ജീവിതത്തിൽ നാട്ടു നന്മയും സ്നേഹവുമുള്ള ഒരു പാവം മനുഷ്യനായിരുന്നു. അന്നുവരെ അതിഭാവുകത്വം നല്‍കി വന്നിരുന്ന പ്രതിനായകരില്‍ നിന്ന് വ്യത്യസ്ഥനായി തീക്ഷണമായ നോട്ടവും പരുക്കന്‍ ശബ്ദവുംകൊണ്ട് വെള്ളിത്തിരയിലെ നായകരുടെ ഉത്തമ വില്ലനുമായി അദ്ദേഹം.ചാട്ടയിലെ കാള വേലു, അതിഥിയിലെ ശേഖരന്‍, തച്ചോളി അമ്പുവിലെ മായന്‍ കുട്ടി, എന്നിങ്ങനെ ബാലന്‍ കെ നായര്‍ എന്ന നടനെ അടയാളുപ്പെടുത്തിയ ചിത്രങ്ങള്‍ അനവധി. കോളിളക്കത്തിലെ ജയന്റെ വില്ലനായത് വിവാദങ്ങളിലും കൊണ്ടത്തിച്ചു.

സിനിമയിൽ വരുന്നതിന് മുന്‍പ് അദ്ദേഹം കോഴിക്കോട്ടെ വര്‍ക്ക്‌ഷോപ്പില്‍ മെക്കാനിക്കായി ജോലിചെയ്തും ബോളിവുഡിന്റെ നിത്യകാമുകന്‍ ദേവാനന്ദിന് വേണ്ടി സ്റ്റണ്ട് രംഗങ്ങളില്‍ ഡ്യൂപ്പായും അഭിനയിച്ചു. ശങ്കര്‍ മൂര്‍ത്തിയുടെ സര്‍ഹദിലാണ് അദ്ദേഹം ഡ്യൂപ്പായത്. 1971 ല്‍ വിന്‍സെന്റിന്റെ നിഴലാട്ടത്തില്‍ ബാലന്‍ എന്ന കഥാപാത്രമായി തന്നെ ബാലന്‍.കെ.നായര്‍ മലയാള സിനിമയില്‍ അരങ്ങേറി. മൂന്നു വര്‍ഷം കഴിഞ്ഞ് കെ.പി കുമാരന്റെ അതിഥിയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സഹനടനുള്ള അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. വര്‍ക്ക് ഷോപ്പുകാരനായ രാഘവന്‍ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

1981 ല്‍ ആ നടനമികവ് ഇന്ത്യ മുഴുവന്‍ അറിയപ്പെട്ടു. എം.ടിയുടെ ഓപ്പോളില്‍ പട്ടാളത്തില്‍ നിന്നും പിരിഞ്ഞ ഗോവിന്ദന്‍കുട്ടിയെന്ന പരുക്കന്‍ കഥാപാത്രത്തിലൂടെ ഭരത് അവാര്‍ഡും അദ്ദേഹം നേടി. ബെല്‍ബോട്ടം പാന്റ്‌സും കോട്ടുമണിഞ്ഞ് ചുണ്ടില്‍ പൈപ്പും വലിച്ച് നായകനെ വെല്ലുവിളിക്കുന്ന അതേ ബാലന്‍.കെ നായര്‍ക്ക് ഷര്‍ട്ടും മുണ്ടുമായിരുന്നു ഇഷ്ടപ്പെട്ട വേഷം. ആ വേഷത്തില്‍ തന്നെയാണ് അദ്ദേഹം ദേശീയ അവാര്‍ഡും വാങ്ങാന്‍ പോയത്. രണ്ട് ദശാബ്ദക്കാലം മലയാള സിനിമയില്‍ അദ്ദേഹം നിറഞ്ഞാടി. രണ്ട് തമിഴ് ചിത്രങ്ങള്‍ ഉള്‍പ്പടെ 250 ഓളം സിനിമകളില്‍ അഭിനയിച്ചു.

ഒരേ സമയം നാല് സിനിമകളില്‍ വരെ അഭിനയിച്ച കാലമുണ്ട്.80 കളിലെ ഹിറ്റുകൂട്ടുകെട്ടായ ഐ.വി ശശി-ടി. ദാമോദരന്‍ ടീമിന്റെ ചിത്രങ്ങളിലെല്ലാം ബാലന്‍ കെ. നായര്‍ക്ക് മികച്ച വേഷങ്ങളുണ്ടായിരുന്നു. ഈനാടിലെ സഖാവ് കൃഷ്ണപിള്ള, വാര്‍ത്ത, തുഷാരം, മീന്‍, 1921, ആര്യന്‍, ഒരു വടക്കന്‍ വീരഗാഥ അങ്ങനെ മികച്ച കഥാപാത്രങ്ങള്‍ നിറഞ്ഞ ചിത്രങ്ങള്‍ ഏറെ. അഗ്നിയിലെ ഇറച്ചിവെട്ടുകാരന്റെ കഥാപാത്രവും തച്ചോളി അമ്പുവിലെ വേഷവും അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു.ക്രൂരതയുടെ പര്യായമായി മാത്രം പലരും ഓര്‍ക്കുന്ന ബാലന്‍.കെ.നായര്‍ തന്നെ ഒരു സിനിമയില്‍ വില്ലനോട് മനസ്സില്‍ ഏറെ തങ്ങിനില്‍ക്കുന്ന ഒരു ഡയലോഗ് പറയുന്നുണ്ട്. ആര്യന്‍ എന്ന ചിത്രത്തിലാണത്.

‘പകയും പകവീട്ടലും കൊണ്ട് കറുത്ത് മരവിച്ച ഖല്‍ബില്‍ സ്‌നേഹത്തിനും ബന്ധത്തിനും വിലയുണ്ടാവില്ല’ എന്നാണ് കുഞ്ഞാലി എന്ന ആര്യനിലെ കഥാപാത്രം പറഞ്ഞത്. ഓര്‍ക്കാന്‍ പോലും ഭയപ്പെടുന്ന വേഷങ്ങളിലൂടെ ഗര്‍ജ്ജിച്ച അതേ ബാലന്‍.കെ നായര്‍ തന്നെയാണ് കുഞ്ഞാലിയായിയ ഇത് പറഞ്ഞത്. തനിക്ക് വില്ലന്‍ വേഷങ്ങള്‍ മാത്രമല്ല നല്ല റൊമാന്റിക് വേഷങ്ങളും ഗാനവും വരെ ചേരുമെന്ന് തെളിയിക്കുന്ന ചിത്രമായിരുന്നു ഓപ്പോള്‍. ചിത്രത്തിലെ വിമുക്ത ഭടനായ ഗോവിന്ദന്‍ കുട്ടിയെ അദ്ദേഹം അനശ്വരമാക്കി.

മേനകയുടെ കഥാപാത്രത്തോട് പ്രണയാദുരമാകുന്ന ഗോവിന്ദന്‍ കുട്ടിയില്‍ മറ്റൊരു ബാലന്‍ കെ നായരെ പ്രേക്ഷകര്‍ കണ്ടു. അന്നുവരെ തന്നെ വില്ലന്‍ വേഷങ്ങളില്‍ തളച്ചിട്ടതിനോടുള്ള മധുര പ്രതികാരം കൂടിയല്ലേ പ്രണയം തുളുമ്പുന്ന ഗോവിന്ദന്‍ കുട്ടിയുടെ പുഞ്ചിരി. ചിത്രത്തിലെ ഏറ്റുമാനൂര്‍ അമ്പലത്തില്‍ എഴുന്നള്ളത്ത് എന്ന ഗാനം ഇത് വ്യക്തമാക്കുന്നുമുണ്ട്. ഓപ്പോളിലെ അഭിനയത്തിന് ബാലന്‍ കെ നായര്‍ക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു.സിനിമാ സീരിയല്‍ താരം മേഘനാദന്‍ മകനാണ്. അവസാന കാലത്ത് 10 വര്‍ഷത്തോളം രോഗപീഡകളോട് ഏറ്റുമുട്ടി അര്‍ബുദത്തിന് കീഴടങ്ങി 2000 ആഗസ്ത് 26 നാണ് ബാലന്‍.കെ നായര്‍ വിടപറഞ്ഞത്.

കടപ്പാട്

Leave a Reply

Your email address will not be published. Required fields are marked *