ജഗന്നാഥൻ ഓര്‍മ്മയായിട്ട് പത്താണ്ട്

ദൂരദര്‍ശന്‍റെ പ്രതാപകാലത്ത് കൈരളി വിലാസം ലോഡ്ജ് എന്ന സീരിയലിലൂടെ പ്രേക്ഷകപ്രീതി നേടിയ ചലച്ചിത്ര-നാടക-സീരിയൽ നടനും നാടകസംവിധായകനും,l നൃത്തസംവിധായകനും ഗായകനുമായിരുന്നു ജഗന്നാഥൻ. നാടകത്തിനും സിനിമക്കും പുറമേ ദൂരദർശനിലും മറ്റ് ചാനലുകളിലുമൊക്കെ നിരവധി ടെലി സീരിയലുകളിൽ നിറഞ്ഞ് നിന്നിരുന്ന അഭിനേതാവായിരുന്നു.

ശേഖരൻ നായരുടേയും ദേവകി അമ്മയുടേയും പുത്രനായി 1938 ൽ ചങ്ങനാശേരിയിൽ ജനിച്ചു. രാജസ്ഥാനിലെ രാഷ്ട്രീയ അനുശാസൻ യോജനിൽ നിന്ന് റാങ്കോടെ പരിശീലനം നേടി. ഇൻഡോറിലെ സ്കൂളിൽ ജോലി നോക്കിയ ശേഷം നാട്ടിൽ തിരിച്ചെത്തി നെയ്യാറ്റിൻകര ഗവണ്മെന്റ് സ്കൂൾ, സെന്റ് ജോസഫ് സ്കൂൾ, പൂജപ്പുര ഗവണ്മെന്റ് ഹൈ സ്കൂൾ, ജവഹർ ബാല ഭവൻ തിരുവനന്തപുരം എന്നിവിടങ്ങളിൽ കായികാധ്യാപകനായും ഗവണ്മെന്റ് വെൽഫയർ ഓഫീസറായും സ്പോർട്സ് ഡയറകറ്റർ അഡ്മിനിസ്ട്രേറ്ററായും ജോലി നോക്കി. സർക്കാർ ജോലിയോടൊപ്പം ജി. അരവിന്ദൻ, നെടുമുടി വേണു എന്നിവരോടൊപ്പം മലയാള നാടകവേദിയുമായി പ്രവർത്തിച്ചിരുന്നു. കാവാലം നാരായണപ്പണിക്കരുടെ അവനവൻ കടമ്പ എന്ന നാടകത്തിലെ ആട്ടപ്പണ്ടാരം എന്ന കഥാപാത്രം അവതരിപ്പിക്കുകയും പതനം, പരിവർത്തനം, കരടി, വിവാഹാലോചന തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു.

രാജീവ് നാഥ് സംവിധാനം ചെയ്ത ഗ്രാമത്തിൽ നിന്ന് എന്നതാണ് ആദ്യത്തെ മലയാള ചലച്ചിത്രം. ആ ചിത്രം റിലീസായില്ല. ഈ സിനിമയിൽ എടാ കാട്ടുപടേമല്ലേടാ…. എന്ന ഗാനം കാവാലം ശ്രീകുമാർ, ഉഷാ രവി എന്നിവരോടൊപ്പവും സ്വാഗതം എന്ന സിനിമയിൽ അക്കരെ നിന്നൊരു കൊട്ടാരം എന്ന ഗാനം പട്ടണക്കാട് പുരുഷോത്തമൻ, മിന്മിനി എന്നിവരോടൊപ്പവും ജഗന്നാഥൻ പാടിയിട്ടുണ്ട്. അരവിന്ദൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ഒരിടത്ത് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്.

1987-ൽ മോഹന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തീർത്ഥം. തുടർന്ന് സ്വാഗതം, ഉത്തരം, ആയിരപ്പറ, മഴവില്‍ക്കാവടി, സൂര്യഗായത്രി, ഒരിടത്ത്, അര്‍ത്ഥം, തച്ചോളി വര്‍ഗീസ് ചേകവര്‍, കല്യാണ ഉണ്ണികള്‍, ദേവാസുരം, കൂടിക്കാഴ്ച, സാമ്രാജ്യം, ആനവാല്‍ മോതിരം, ചാണക്യന്‍, അപ്പു, തച്ചിലേടത്ത് ചുണ്ടന്‍, ദശരഥം, പട്ടണത്തില്‍ സുന്ദരന്‍, അവിട്ടം തിരുനാള്‍ ആരോഗ്യശ്രീമാന്‍, പകല്‍ നക്ഷത്രങ്ങള്‍, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, പ്രവാചകന്‍, സൌഹൃദം തുടങ്ങി നൂറിലധികം മലയാള സിനിമകളിൽ ചെറുതും വലുതുമായ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. തമിഴിൽ മണി രത്നത്തിന്റെ തിരുടാ തിരുടാ എന്ന ചിത്രത്തിലും അഭിനയിച്ചു. 2012 ൽ പുറത്തിറങ്ങിയ അർദ്ധനാരി അവസാനമായി അഭിനയിച്ച ചിത്രം. മോഹൻലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ നൃത്തസംവിധായകനായിരുന്നു ജഗന്നാഥൻ. അഭിനയത്തിനു പുറമേ ടെലിഫിലിമുകൾക്ക് തിരക്കഥകളുമൊരുക്കിയിരുന്നു. ജഗന്നാഥൻ രചിച്ച നാടൻപാട്ടുകൾ, ഓണപ്പാട്ടുകൾ എന്നിവ റേഡിയോകളിൽ പ്രക്ഷേപണം നടത്തിയിട്ടുണ്ട്. ഭരത് ഗോപി സംവിധാനം ചെയ്ത ഉത്സവപ്പിറ്റേന്ന് നെടുമുടി വേണു സംവിധാനം ചെയ്ത പൂരം എന്ന സിനിമയുടെയും നൃത്തസംവിധാനവും പാദമുദ്ര എന്ന സിനിമക്ക് വേണ്ടി ശബ്ദവും നൽകിയിട്ടുണ്ട്. 2012 ഡിസംബർ 8-ന് അന്തരിച്ചു.

കടപ്പാട്

Leave a Reply

Your email address will not be published. Required fields are marked *