സംഗീത ചക്രവര്‍ത്തി വി. ദക്ഷിണാമൂർത്തിയുടെ 3-ാം ചരമവാർഷികം

എത്ര കേട്ടാലും മതിവരാത്ത ഒരു പിടി നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച കർണ്ണാടക സംഗീതജ്ഞനും സംഗീത സംവിധായകനുമായിരുന്ന വെങ്കിടേശ്വരയ്യർ ദക്ഷിണാമൂർത്തി എന്ന വി. ദക്ഷിണാമൂർത്തി.ഒരു കുടുംബത്തിലെ 4 തലമുറയിലെ ഗായകരെ കൊണ്ടു പാടിച്ച സംഗീതസംവിധായകൻ എന്ന അപൂർവ്വ ബഹുമതിയും ദക്ഷിണാമൂർത്തിക്കാണ്. നടനും ഗായകനുമായ അഗസ്റ്റിൻ ജോസഫ് ഭാഗവതർ (നല്ല തങ്ക), അദ്ദേഹത്തിന്റെ പുത്രൻ കെ.ജെ. യേശുദാസ്, യേശുദാസിന്റെ പുത്രൻ വിജയ് യേശുദാസ് (ഇടനാഴിയിൽ ഒരു കാലൊച്ച), വിജയിന്റെ പുത്രി അമേയ (ശ്യാമരാഗം) എന്നിവരാണ് ആ നാലുതലമുറകളിലെ ഗായകർ. വെങ്കടേശ്വര അയ്യരുടേയും പാർവ്വതി അമ്മാളുടേയും മകനായി 1919 ഡിസംബർ 9-ന് ആലപ്പുഴയിലാണ് ജനിച്ചത്.

അമ്മയിൽ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ച് 12-ാം വയസ്സിൽ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി. ചലച്ചിത്ര ഗാനത്തോട് ശാസ്ത്രീയ സംഗീതത്തെ സന്നിവേശിപ്പിച്ചുണ്ടുള്ള പാട്ടുകൾ ദക്ഷിണാമൂർത്തിയുടെ പ്രത്യേകതയായിരുന്നു. അഗസ്റ്റിൻ ജോസഫ് നായകനായ നല്ല തങ്ക എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി സംഗീത സംവിധാനം നിർവ്വഹിച്ചത്. ഈ ചിത്രത്തിലെ ഒരു ഗാനവും അഗസ്റ്റിൻ ജോസഫ് പാടുകയുണ്ടായി. ആദ്യകാലത്ത് അഭയദേവും പിൽക്കാലത്ത് ശ്രീകുമാരൻ തമ്പിയുമാണ് ദക്ഷിണാമൂർത്തിയുടെ കൂടെ കൂടുതൽ തവണ സഹകരിച്ചത്. പി. ഭാസ്കരൻ, വയലാർ രാമവർമ്മ, ഒ.എൻ.വി. കുറുപ്പ് എന്നിവർക്കൊപ്പവും ധാരാളം ഗാനങ്ങൾ സൃഷ്ടിച്ചു.

എ. ആർ. റഹ്മാന്റെ പിതാവ് ആർ. കെ. ശേഖറും ദക്ഷിണാമൂർത്തിയുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. പി. ലീല, പി. സുശീല, കല്ല്യാണി മേനോൻ, ഇളയരാജ തുടങ്ങിയ പ്രശസ്തരായ പല ഗായകരുടേയും, സംഗീത സംവിധായകരുടേയും ഗുരുകൂടിയായിരുന്നു. 2008ൽ മിഴികൾ സാക്ഷിക്കാണ് അവസാനമായി സംഗീതം നൽകിയത്. 1971 ൽ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാറിന്റെ ചലച്ചിത്രപുരസ്കാരവും 1998 ൽ ജെ.സി.ഡാനിയൽ പുരസ്കാരവും 2003 ൽ ‘സംഗീത സരസ്വതി’ പുരസ്കാരവും 2013ൽ സ്വാതിതിരുനാൾ പുരസ്കാരവും ലഭിച്ചു. 2013 ഓഗസ്റ്റ് 2 ന് അന്തരിച്ചു. എത്ര കേട്ടാലും മതിവരാത്ത ഈണവും താളവും ആസ്വാദകർക്ക് സമ്മാനിച്ചതിനു ശേഷമാണ് സ്വാമി യാത്രയായത്. ദക്ഷിണാമൂർത്തിയുടെ ഈണത്തിൽ പിറന്ന ഗാനങ്ങൾ ഭൂരിഭാഗവും ആലപിച്ചത് കെ.ജെ.യേശുദാസ് ആണ്. സ്വാമി ഇല്ലായിരുന്നെങ്കിൽ തന്നിലെ ഗായകൻ ഉണ്ടാകില്ലായിരുന്നുവെന്ന് യേശുദാസ് തന്നെ പറഞ്ഞിട്ടുണ്ട്.

കടപ്പാട്
വായനക്കൂട്ടം (കലാഗ്രാമം ബുക്ക്‌ ക്ലബ്ബ് )

Leave a Reply

Your email address will not be published. Required fields are marked *