മലയാളത്തിന്‍റെ പെരുന്തച്ചന്‍ ഓര്‍മ്മയായിട്ട് പത്താണ്ട്

തിലകന്‍ എന്ന മലയാളത്തിന്റെ അഭിനയ സാമ്രാട്ട് വിടവാങ്ങിയിട്ട് ഇന്നേക്ക് 10 വര്‍ഷം തികയുന്നു. 2012 സെപ്റ്റംബര്‍ 24 നായിരുന്നു, ശബ്ദഗാഭീര്യം കൊണ്ടും വികാര തരളിതമായ ഭാവാഭിനയം കൊണ്ടും മലയാളിയുടെ മനസു കീഴടക്കിയ അതുല്യ നടന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞത്. 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരില്‍ ആയിരുന്നു തിലകന്‍ എന്ന സുരേന്ദ്രനാഥ തിലകന്റെ ജനനം.

കാലം പോയ് മറയുമ്പോഴും മലയാള സിനിമയുടെ ആ ‘തിലക’ക്കുറി ഓര്‍മ്മകളുടെ തിരശീലയില്‍ ഒളിമങ്ങാതെ ഇന്നുമുണ്ട്. പെരുന്തച്ചനിലെ തച്ചനും മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനും കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശന്‍ മുതലാളിയും യവനികയിലെ വക്കച്ചനും കീരിടത്തിലെ അച്യുതന്‍ നായരും സ്ഫടികത്തിലെ ചാക്കോ മാഷും കാട്ടു കുതിരയിലെ കൊച്ചുവാവയുമൊക്കെ മലയാളികളുടെ ഇടനെഞ്ചില്‍ ഇന്നും തുടിക്കുന്നു.

1979 ല്‍ ഉള്‍ക്കടല്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് തിലകന്‍ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. 1981-ല്‍ കോലങ്ങള്‍ എന്ന ചിത്രത്തില്‍ മുഴുക്കുടിയനായ കള്ളുവര്‍ക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടല്‍, ഇന്ത്യന്‍ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങൾ ആണ്. മരിക്കുന്നതിനു മുന്‍പ്, അദ്ദേഹം അഭിനയിച്ച് പ്രദര്‍ശനത്തിനെത്തിയ അവസാന ചിത്രം സിംഹാസനമായിരുന്നു.

2006-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേക ജൂറിപുരസ്‌കാരം തിലകനു ലഭിച്ചു. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് ഈ പുരസ്‌കാരം നേടിക്കൊടുത്തത്. മുന്‍പ് ഇരകള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986-ലും പെരുന്തച്ചന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990-ലും തിലകന്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു. 1988-ല്‍ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം തിലകനു ലഭിച്ചു. 2009-ലെ പത്മശ്രീ പുരസ്‌കാരവും തിലകനെ തേടി എത്തിയിരുന്നു.

കടപ്പാട്

Leave a Reply

Your email address will not be published. Required fields are marked *