സ്ഥാനമോഹികളായ നേതാക്കള്‍ കണ്ടുപഠിക്കണം അഹമ്മദ് ഭായ് പട്ടേലിനെ

കടപ്പാട്: സുധാമേനോന്‍ ഫേസ്ബുക്ക് പോസ്റ്റ്

അഹമ്മദ്ഭായ് പട്ടേൽ ഈ ലോകം വിട്ടു പോയിട്ട് ഇന്നേക്ക് ഒരു വർഷം കഴിയുന്നു. അപൂര്‍വതകളുടെ മിശ്രിതം ആയിരുന്നു അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ അനന്യമായ വ്യക്തിത്വം സൂക്ഷിച്ച നേതാവ്. കേഡര്‍സ്വഭാവമില്ലാത്ത കോണ്‍ഗ്രസ് പോലുള്ള ഒരു മാസ്സ് പാര്‍ട്ടിയില്‍ ദീര്‍ഘകാലം നേതൃപദവിയില്‍ നിലനില്‍ക്കാന്‍, മികച്ച വകുപ്പും, മന്ത്രി സ്ഥാനവും, മാധ്യമങ്ങളിലെ തിളങ്ങുന്ന പ്രതിച്ഛായയും വേണമെന്ന പൊതുബോധത്തെ ഒരു ചെറു ചിരിയില്‍ ഒതുക്കി നിസ്സാരമാക്കി പാര്‍ട്ടി പ്രസിഡന്റിന്റെ നിഴലായി മാത്രം അദ്ദേഹം ഒതുങ്ങി നിന്നു, ഒന്നും രണ്ടും വര്‍ഷമല്ല, തന്റെ രാഷ്ട്രീയജീവിതത്തിലെ വസന്തകാലം മുഴുവന്‍! ഒപ്പം, എല്ലാ പ്രതിസന്ധിഘട്ടത്തിലും കോണ്‍ഗ്രസ് പാര്‍ട്ടിയെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു.’സമർപ്പണം’ എന്ന വാക്കിന് കോൺഗ്രസ്സിൽ ഒരു പര്യായപദം ഉണ്ടെങ്കിൽ അതായിരുന്നു അഹമ്മദ് പട്ടേൽ.

യുപിഎ ഭരണകാലത്തു ഏറ്റവും ശക്തനായ കോൺഗ്രസ്സ് നേതാവായിരുന്നിട്ടും അദ്ദേഹം എല്ലാവരോടും സമഭാവനയോടെ പെരുമാറി. കോണ്‍ഗ്രസ് പ്രസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിടുമ്പോഴും, അദ്ദേഹം പിന്നണിയില്‍ നിന്നുകൊണ്ട് തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒരിക്കലും അവകാശവാദങ്ങളുടെ നെറ്റിപ്പട്ടവുമായി അദ്ദേഹം ചാനല്‍ മുറികള്‍ കയറി ഇറങ്ങിയില്ല. കോണ്‍ഗ്രസ് നയിച്ച മുന്നണി സംഘര്‍ഷഭരിതമായപ്പോഴൊക്കെ അദ്ദേഹം സമവായവുമായി മുന്നിട്ടിറങ്ങി. സൌമ്യനും,ശാന്തനും, ജനകീയനുമായ അഹമ്മദ്‌ പട്ടേല്‍ എക്കാലത്തും കോണ്‍ഗ്രസ്സിന്റെ ഡിപ്ലോമാറ്റ് ആയിരുന്നു. ‘രാഷ്ട്രീയ അമ്പാസഡര്‍’ ആയിരുന്നു. അതേ സമയം, ഗുജറാത്തില്‍ അദ്ദേഹം ഹിന്ദുത്വരാഷ്ട്രീയത്തിനു എതിരെ ശക്തമായി പൊരുതി. അദ്ദേഹത്തിന്‍റെ ‘മുസ്ലിം സ്വത്വം’ കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ കൃത്യമായ ധ്രുവീകരണത്തിന് ഉപയോഗിക്കപ്പെട്ടത് അഹമ്മദ് പട്ടേലിനെ ഏറെ വേദനിപ്പിച്ചിരുന്നു

അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആകാനാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത് എന്ന് വരെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. കോണ്‍ഗ്രസ്സിന്റെ മതേതര- ലിബറല്‍ മുഖം മാത്രമായിരുന്ന അഹമ്മദ് പട്ടേലിന്റെ പേര് രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്നത് കാരണം താന്‍ ഒരിക്കലും ഗുജറാത്ത് മുഖ്യമന്ത്രി ആവില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കേണ്ടി വന്നു, അദ്ദേഹത്തിന്. ഒരുപക്ഷെ, വര്‍ത്തമാനകാല കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അഹമ്മദ് പട്ടേല്‍, കുറേക്കൂടി സജീവമാകേണ്ട കാലം കൂടിയായിരുന്നു ഇപ്പോൾ . കാരണം, അധികാരം എന്ന ഒറ്റലക്ഷ്യം മാത്രമുള്ള, ഒരുപാട് ‘സ്ട്രാറ്റജിക് പൊളിറ്റിക്കല്‍ മാനിപ്പുലേറ്റര്‍’ മാര്‍ക്കിടയില്‍, കോണ്‍ഗ്രസ് എന്ന ഒരു വികാരം ഉള്ളതുകൊണ്ടുമാത്രം കോണ്‍ഗ്രസ്സുകാരായി തുടരുന്ന തലമുറ അന്യം നിന്നുകൊണ്ടിരിക്കുകയാണ്. അവിടെയാണ് അഹമ്മദ് പട്ടേല്‍ എന്ന മിടുക്കനായ ‘സ്ട്രാറ്റജിസ്റ്റ്’ എന്നും പാര്‍ട്ടിക്ക് വേണ്ടി മാത്രം കളത്തില്‍ ഇറങ്ങി കളിച്ചു ജയിച്ചതും, തോറ്റതും. സ്വയം ഒന്നും നേടിയില്ല, അദ്ദേഹം, ഒന്നും…അതുകൊണ്ട്, ചരിത്രത്തില്‍ സോണിയാഗാന്ധിയുടെ വിശ്വസ്തന്‍ എന്ന് മാത്രം അടയാളപ്പെടുത്തേണ്ട പേരല്ല, അഹമ്മദ് പട്ടേല്‍.

അദ്ദേഹത്തെപോലുള്ള സെക്കുലർ ലിബറൽ നേതാക്കന്മാരുടെ ത്യാഗവും, കഠിനാധ്വാനവും, ഊർജ്ജവും, നിസ്വാർത്ഥമായ കൂറും കൂടിയാണ് കോൺഗ്രസ്സ് പാർട്ടിയെ കൊടുംവേനലിലും വാടി വീഴാതെ പിടിച്ചു നിർത്തിയത്. വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ ഗുജറാത്ത് നേരിടാൻ ഒരുങ്ങുമ്പോൾ, പ്രിയപ്പെട്ട അഹമ്മദ് ഭായ്, അങ്ങയുടെ നഷ്ടം ഒരിക്കലും നികത്താനാവാത്ത ഒന്നാണ്…പകരം വെയ്ക്കാൻ, ഇതുപോലെ ലിബറലും, വിനയാന്വിതനും, ജനകീയനുമായ ഒരു മുഖം എളുപ്പത്തിൽ ഓർമയിൽ വരില്ല

Leave a Reply

Your email address will not be published. Required fields are marked *