വൈറല്‍ റോസ്മേരി വാട്ടര്‍ മുടിവളര്‍ച്ച കൂട്ടുമോ?..
ഡോ. അനുപ്രീയ ലതീഷ്
ബഹുവർഷ കുറ്റിച്ചെടിയാണ് റോസ്‌മേരി. സൂചിപോലുള്ള ഇലകളാണ്. വെള്ള, പിങ്ക്, പർപ്പിൾ, നീല എന്നീ നിറങ്ങളിൽ പൂക്കളുണ്ടാവാറുണ്ട്. അലങ്കാരസസ്യമെന്നതിനുപരി ഔഷധഗുണങ്ങളും ഭക്ഷ്യഗുണങ്ങളുമുള്ള സസ്യമാണിത്.
രണ്ടു മുതൽ 3 വരെ ഉയരത്തിൽ വളരുന്ന കുറ്റിചെടി വർഗ്ഗത്തിൽപെട്ട, സുഗന്ധം പരത്തുന്ന ഇലകളുളള ചെടിയാണ് റോസ്മേരി, യൂറോപ്പ്, ഫ്രാൻസ്,സ്പെയിൻ, പോർച്ചു ഗൽ, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ റോസ്മേരി കൃഷി ചെയ്യുന്നു. പുരാതന ഗ്രീസിൽ സർവ്വഐശ്വര്യങ്ങളുടേയും പ്രതീകമായിരുന്നു റോസ്മേരി എന്ന ദിവ്യസസ്യം. നല്ല വിപണന സാധ്യതയുള്ള സുഗന്ധം പരത്തുന്ന ഈ ചെടിയുടെ കൃഷി ഇന്ത്യയിൽ പലയിടത്തും വ്യാപകമായിക്കൊണ്ടിരിക്കുന്നു. റോസ്മേരി നസ്സ്ഒഫിഷ്യനാലിസ് എന്നാണ് മിന്റ് കുടുംബത്തിൽ പെട്ട ഈ ചെടിയുടെ ശാസ്ത്രനാമം.
മുടികൊഴിച്ചിൽ തടയാൻ ഏറെ നല്ലതാണ് റോസ് മേരി. പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള മുടികൊഴിച്ചിൽ പ്രശ്നം മാറ്റാൻ ഏറെ നല്ലതാണ് റോസ് മേരി ഇലകൾ. പ്രകൃതിദത്തമായ രീതിയിൽ മുടി വളർച്ചയെ മെച്ചപ്പെടുത്താനും കൊഴിച്ചിൽ കുറയ്ക്കാനും റോസ് മേരി ഏറെ സഹായിക്കും. തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും രോമകൂപങ്ങളിലേക്ക് പോഷകങ്ങൾ നൽകാനും സഹായിക്കുന്നതാണ് റോസ് മേരി.ശിരോചർമ്മത്തിന് വളരെ നല്ലതാണ് റോസ് മേരി. ഇതിൻ്റെ ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ താരൻ, ചൊറിച്ചിൽ എന്നീ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ വളരെയധികം സഹായിക്കും. മാത്രമല്ല റോസ് മേരി രക്തചംക്രമണവും നാഡീവളർച്ചയും പ്രോത്സാഹിപ്പിക്കാൻ സഹായിക്കും. തലയോട്ടിയിലെ ജലാംശം നിലനിർത്താൻ ഏറെ നല്ലതാണ് റോസ് മേരി. മുടി ഷാംപൂ ചെയ്ത് കഴുകിയ ശേഷം റോസ് മേരിയിട്ട് തിളപ്പിച്ച വെള്ളം ഒഴിച്ച് തല കഴുകാവുന്നതാണ്.
റോസ് മേരി ഓയിൽ തലയിൽ മസാജ് ചെയ്യുന്നത് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഇലകളാണിവ. ഇതിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഈ എണ്ണ തലയിൽ തേച്ച് പിടിപ്പിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താനും മുടി വളരാനും സഹായിക്കും. ഒലീവ് ഓയിൽ വെളിച്ചെണ്ണ എന്നിവയ്ക്ക് ഒപ്പം റോസ് മേരി എണ്ണയും ചേർത്ത് തലയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. മുടിയ്ക്ക് നല്ല തിളക്കവും ബലവും നൽകാൻ ഏറെ നല്ലതാണ് റോസ് മേരി. നല്ല ആരോഗ്യമുള്ള കട്ടി കൂടിയ മുടി ലഭിക്കാൻ റോസ് മേരി എണ്ണ ഉപയോഗിക്കാം. നെറ്റി കയറുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാനും റോസ് മേരി ഉപയോഗിക്കാം. ഡബിൾ ബോയിലിങ്ങ് രീതിയിൽ റോസ് മേരി എണ്ണ ചൂടാക്കി ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല മുടി വളർച്ചയ്ക്ക് ഇത് ഏറെ മികച്ചതാണ്.
റോസ്മേരി ചെടികളുടെ പച്ച ഇലയിൽ ഒന്നരശതമാനം വരെ തൈലത്തിന്റെ അംശമുണ്ട്. സിനിയോൾ, ബോർണിയോൾ, മോണോടെർപ്പൻ, വെർബൈനോൾ, ഫിനോലിക് ആസിഡ്, കാർനോസിക് ആസിഡ് എന്നിവയാണ് ഇതിലെ രാസഘടകങ്ങൾ. ആഹാരപദാർത്ഥങ്ങളിൽ കൂടുതൽ രുചിയ്ക്കും സുഗന്ധത്തിനും വേണ്ടി റോസ്മേരി ഉപയോഗിക്കുന്നു.കൂടാതെ സോപ്പുകൾ, പെർഫ്യൂമുകൾ, ഹെയർടോണിക് എന്നിവയിലും റോസ്മേരി തൈലം ഉപയോഗിക്കുന്നുണ്ട്. നിരവധി ഔഷധ കൂട്ടുകളില്‍ റോസ്മേരി തൈലം ഒരവശ്യവസ്തുവാണ്.