സിക്ക വൈറസ് എങ്ങനെയൊക്കെ പകരാം

 ഈഡിസ് കൊതുകു പരത്തുന്ന രോഗമാണ് സിക്കവൈറസ് എന്നും ലക്ഷണങ്ങള്‍ക്കനുസൃതമായ രോഗ പരിചരണം കൊണ്ട് രോഗം ഭേദമാക്കാമെന്നും മെഡിക്കല്‍ വിദഗ്ദര്‍ അറിയിച്ചു. പനി, തലവേദന, ശരീര വേദന, സന്ധി വേദന, തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ പാടുകള്‍, ശരീരത്തില്‍ തിണര്‍പ്പ്, കണ്ണു ചുവക്കുക എന്നിവയാണ് സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍. നിലവില്‍ ഈ രോഗത്തിന് പ്രത്യേക ചികിത്സയോ വാക്സിനേഷനോ ലഭ്യമല്ല. രണ്ടു മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടു നില്ക്കാം. അണുബാധയുള്ള എല്ലാവരിലും രോഗലക്ഷണങ്ങള്‍ കാണണമെന്നില്ല. 

രോഗം പകരുന്നത് എങ്ങനെ

 രോഗാണു ബാധിച്ച ഈഡിസ് കൊതുക് മനുഷ്യരെ കടിക്കുന്ന വഴി. രോഗബാധയുള്ള വ്യക്തിയില്‍ നിന്നും രക്തം സ്വീകരിക്കുന്നതിലൂടെ. രോഗബാധയുള്ള വ്യക്തിയുമായുള്ള ലൈംഗീക ബന്ധത്തിലൂടെ. ഗര്‍ഭാവസ്ഥയിലോ പ്രസവ സമയത്തോ സിക്ക രോഗമുള്ള അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് രോഗം പകരാം.

സിക്ക രോഗബാധ കുട്ടികളിലും മുതിര്‍ന്നവരിലും നാഡി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഗര്‍ഭിണികളെ സിക്ക രോഗം ഗുരുതരമായി ബാധിക്കും. ഗര്‍ഭഛിദ്രം ഉണ്ടാകാനിടയുണ്ട്. ഗര്‍ഭിണിയി്ലെ സിക്ക വൈറസ് ബാധ നവജാത ശിശുക്കള്‍ക്ക് മൈക്രോസെഫാലി (തലയ്ക്കു വലിപ്പം കുറയുന്ന) വൈകല്യത്തിന് കാരണമാകുന്നു. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് രണ്ടാഴ്ചയ്ക്കകം പനി വരുന്നുവെങ്കില്‍ സിക്ക രോഗം സംശയിക്കണം. ഈഡിസ് കൊതുകു വളരാനിടയുള്ള ശുദ്ധ ജലം കെട്ടിക്കിടക്കാനിടയുള്ള ഉറവിടങ്ങള്‍ ഒഴിവാക്കുക. കൊതുകു കടി ഒഴിവാക്കാന്‍ വ്യക്തിഗത സുരക്ഷ പകല്‍ സമയത്തും ഉറപ്പാക്കുക. ആഴ്ചയില്‍ ഒരിക്കല്‍ ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ശീലമാക്കുക എന്നിവ ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *