നേരും വെളിച്ചവും
ജിബി ദീപക്ക്(എഴുത്തുകാരി അദ്ധ്യാപിക)
2017 ല്‍ ആണെന്ന് തോന്നുന്നു ‘ വെളിച്ചത്തിലേക്ക് വീശുന്ന ചില്ലുജാലകങ്ങള്‍ എന്ന കഥ ഞാനെഴുതുതുന്നത്. പുരുഷാധിപത്യസമൂഹത്തെ വരച്ചുകാട്ടുക, സംശയ രോഗത്തിന് പിടിയിലായ ഒരു പെണ്‍കുട്ടിയുടെ കഥപറയുക എന്നീ ഉദ്ദേശ്യങ്ങളായിരുന്നു ഞാന്‍ ആ കഥ സൃഷ്ടിച്ചതിന്‍റെ പിന്നില്‍. കഥയുടെ ക്ലൈമാക്സിൽ തന്നെ അടിച്ചമര്‍ത്തിവച്ച പുരുഷനെ ഉപേക്ഷിച്ച് നായിക മറ്റൊരുത്തന്‍റെ കൂടെ പോകന്നുണ്ട്. സ്ത്രീയുടെ പ്രതിരോധമായി ഞാനതിനെ ചേര്‍ത്ത് വച്ചതാണ്.
കഴിഞ്ഞ ദിവസം സാജിത- റഹ്മാന്റെ കഥ മാധ്യമങ്ങളില്‍ ചര്‍ച്ചായപ്പോഴും ഈ കഥയെ പെട്ടെന്നൊന്നും എന്‍റെ മനസ്സ് ഓർമ്മപ്പെടുത്തിതന്നില്ല. ഏറെ നേരത്തിനുശേഷം പെട്ടൊന്നോർമ്മ മനസ്സിലേക്ക് പാഞ്ഞെത്തി. ഞാനെഴുതിയ കഥയില്‍ അതിലെ നായകന്‍റെ പേരും റഹ്മാന്‍ എന്നുതന്നെയല്ലേ. അതിലും അവന്‍ അവളെ മുറിയില്‍ പൂട്ടിയിട്ട് ജോലിക്ക് പോകുന്ന രംഗങ്ങളില്ലേ.2017-ൽ ഞാനീ കഥ എന്റെ മുറിയിലുന്ന് എഴുതുമ്പോൾ ….. കഥയിലെ നായകന്റെ അതേ പേരുള്ള ഒരാൾ പാലക്കാടുള്ള അയാളുടെ വീട്ടിൽ, അവളെയും മുറിയിൽ പൂട്ടിയിട്ട് ജോലിക്ക് പോവുകയായിരുന്നു ……..
പ്രണയം, ചിലര്‍ക്ക് കാല്പനിക ലോകം തീര്‍ത്തുകൊടുക്കും, ചിലരാകട്ടെ പ്രായോഗികബുദ്ധിയോടെ പ്രണയത്തെയും നേരിടും. വ്യക്തികള്‍ തമ്മിലുള്ള പ്രണയത്തില്‍ ഇരുവ്യക്തികളും ഒരേതലത്തില്‍ നിന്നുകൊണ്ട് ചിന്തിക്കാന്‍ ശീലിക്കുമ്പോള്‍ പരാതികളും, പരിഭവങ്ങളുമൊക്കെ വലുതായി ശല്യം ചെയ്യാതെ ജീവിതം സുഗമമായി മുന്നോട്ട് പോവുകയും ചെയ്യും.
കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത ഒരു വാര്‍ത്തയാണ് പാലക്കാടുള്ള സാജിത- റഹ്മാന്റെ ജീവിതവിശേഷങ്ങള്‍. വാര്‍ത്ത വായിച്ചവരെയും കേട്ടറിഞ്ഞവരെയും ഒന്നുപോലെ ആശയക്കുഴപ്പത്തിലാക്കിയ ആ വാര്‍ത്ത ഇങ്ങനെയായിരുന്നു.
പ്രണയിച്ച യുവതിയെ 10 വര്‍ഷം സ്വന്തം മുറിയില്‍ ഒളിപ്പിച്ച യുവാവ്.
ഇരുസമുദായങ്ങളില്‍പ്പെട്ടവരായിരുന്നു സാജിതയും, റഹ്മാനും. പ്രണയം രണ്ടുവര്‍ഷം പിന്നിടുന്ന വേളയില്‍ വെറും നാലുജോടി വസ്ത്രങ്ങളുമായി ഒരു ദിവസം സാജിത റഹ്മാന്റെ അരികിലെത്തി. തന്നെ സ്വീകരിക്കണമെന്ന് കെഞ്ചി. തിരിച്ചയക്കരുതെന്ന് അപേക്ഷിച്ചു. തന്നെ വിശ്വസിച്ച്, തന്നോട് അഭയം ചോദിച്ചു വന്ന അവളെ റഹ്മാന്‍ നിരാശപ്പെടുത്തിയില്ല. കൂടെ കൂട്ടി. വീട്ടുകാരിലും നാട്ടുകാരിലും ഒരാള്‍ പോലെയറിയാതെ അയാള്‍ അവളെ സ്വന്തം കുടുസുമുറിയില്‍ താമസിപ്പിച്ചു. തന്റെ ഭക്ഷണത്തിന്റെ പാതി നല്‍കി. അയാള്‍ ആഗ്രഹിച്ച രീതിയില്‍ അവള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കി. ഇത് ഒന്നും രണ്ടുമല്ല. ഏകദേശം പത്തുവര്‍ഷക്കാലം തുടര്‍ന്നുപോന്നു. ഇപ്പോള്‍ നാട്ടുകാരുടെ ചില സംശയത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണങ്ങളിലാണ് കാര്യങ്ങളുടെകാര്യങ്ങളുടെ ചുരുളഴിയുന്നത്. ഇപ്പോള്‍ വാര്‍ത്തകള്‍ കേട്ടവരാകട്ടെ ഏത് വിശ്വസിക്കണം. എന്ത് വിശ്വസിക്കണം എന്ന ആശയക്കുഴപ്പത്തിലുമായി.
വികാരങ്ങള്‍ മനുഷ്യരെ അന്ധമായി ചിന്തിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും കെല്പുള്ളവരാണ്. കോപമായാലും, പ്രണയമായും അതുപോലെ ഏത് വികാരമായാലും.
സ്‌നേഹമെന്നത് മനുഷ്യന് ആവശ്യം കിട്ടേണ്ട ഒന്നാണ്. വെളിച്ചം കിട്ടുന്നിടത്തേക്ക് ചില്ലകള്‍ ചായുന്നതുപോലെ സ്‌നേഹം മനുഷ്യനെയും വഴി നടത്തും. സുഖസമൃദ്ധിയോടെ ജീവിക്കുന്ന ചില കുടുംബങ്ങളിലെ കുട്ടികള്‍, വേലയും, കൂലിയുമില്ലാത്ത ചെറുപ്പക്കാരുടെ കൂടെ ഒളിച്ചോടിപോകുന്ന കഥകള്‍ കേട്ടു ശീലിച്ചവരാണ് നമ്മള്‍. ഇങ്ങനെപ്പോയ ചില കുട്ടികളോട് സംസാരിക്കാന്‍ അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. വീട്ടില്‍ നിന്നും കിട്ടാതെ വന്ന സ്‌നേഹം, മറ്റൊരാളില്‍ നിന്നും കിട്ടിയപ്പോള്‍, അതാണ് സ്വര്‍ഗ്ഗം എന്ന് കരുതി ഒളിച്ചോടിയവരായിരുന്നു അവരിലധികവും. ചിലര്‍ യാഥാര്‍ത്ഥ്യലോകത്തിലേക്ക് താഴ്ന്ന് വീണപ്പോള്‍ ജീവിതവുമായി അവിടെയും ഏറ്റുമുട്ടി. ചിലര്‍ പൊരുതി ജീവിച്ചു. ചിലര്‍ പകച്ചു പതറി ഒതുങ്ങിനിന്നു.
റഹ്മാന്റെയും, സാജിതയുടെയും വാര്‍ത്തകളിലൂടെ എന്റെ മനസ്സ് സഞ്ചരിച്ചപ്പോള്‍ എനിക്ക് വളരെ അത്ഭുതമായി തോന്നിയത് 10 വര്‍ഷം പിന്നിട്ടിട്ടും സാജിതയ്ക്ക് റഹ്മാനെപ്പറ്റി പറയാന്‍ പരാതികളൊന്നുമില്ലയെന്ന അറിവായിരുന്നു. തന്റെ സ്വാതന്ത്ര്യങ്ങള്‍ തനിക്കു ലഭിക്കാതെ ഒരൊറ്റ മുറിയില്‍ 10 വര്‍ഷം കഴിഞ്ഞുപോന്നിട്ടും, അവള്‍ റഹ്മാനോടൊത്തുള്ള ജീവിതത്തില്‍ സന്തുഷ്ടയായിരുന്നു. സാജിത പ്രണയത്താല്‍ അന്ധയായിരുന്നോ? റഹ്മാന്റെ പ്രണയം മറ്റു ചിന്തകള്‍ക്കും, സ്വാതന്ത്ര്യബോധത്തിനും ഇടം നല്‍കാതെ അവളരെ അന്ധയാക്കിയോ?
അവൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനായി മുറിയുടെ ജനൽ പൊളിച്ച് പുറത്തു പോകാനുള്ള സൗകര്യം അയാൾ ഒരുക്കിക്കൊടുത്തിരുന്നു. അവള്‍ ആ ജീവിതത്തില്‍ അതൃപ്തയായിരുന്നെങ്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമായിരുന്നില്ലേ ?. ആദ്യം കാണിച്ച സാഹസം വീണ്ടും ചെയ്യുമായിരുന്നില്ലേ അയാളില്‍ നിന്നും രക്ഷപ്പെട്ടോടി പോകുമായിരുന്നില്ലേ? പോലീസും, മാധ്യമങ്ങളും ചോദ്യം ചെയ്തപ്പോഴൊക്കെ അവള്‍ ഉറപ്പിച്ചു പറയുന്നുണ്ട്. ‘എനിക്ക് ഇക്കയോടൊപ്പം താമാസിച്ചാല്‍ മതി.’ അങ്ങനെയവള്‍ പറയുമ്പോള്‍, ആള്‍ക്കൂട്ടത്തി നു നടുവിൽ വാര്‍ത്താതാരങ്ങളായി നില്ക്കുമ്പോഴൊക്കെ റഹ്മാന്റെ ഓരം പറ്റി അയാളുടെ കൈയില്‍ തൂങ്ങി പിടിച്ചുകൊണ്ടാണവള്‍ സംസാരിച്ചിരുന്നത്.
വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പരന്നതോടെ സമൂഹം ഇതിനെ ചര്‍ച്ചയെക്കെടുത്തു. ചിലര്‍ റഹ്മാന്റെ പ്രവൃത്തി പുരുഷന്റെ അടിച്ചമര്‍ത്തലാണെന്ന് വാദിച്ചു. അയാള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി അവളെ ഉപയോഗിക്കുകയും, അവളുടെ വ്യക്തി സ്വാതന്ത്ര്യത്തെ നിഷേധിക്കുകയും ചെയ്തതായി അവർചൂണ്ടിക്കാട്ടി. ചിലരാകട്ടെ ഇങ്ങനെയും മനുഷ്യരുണ്ടോ എന്ന അതിശയത്താല്‍ മൂക്കത്ത് വിരല്‍വെച്ചു നിന്നു.
സാജിത 18 വയസ്സുള്ളപ്പോഴാണ് റഹ്മാനുമൊത്ത് താമസം തുടങ്ങിയത്. വീട്ടുകാരുടെ എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും സ്വന്തം ജീവിതം തെരഞ്ഞെടുക്കാന്‍വേണ്ട പ്രായം കൈവരിച്ചവരായിരുന്നു അവര്‍ രണ്ടുപേരും. എന്നിട്ടും സമൂഹത്തെ ഭയന്ന്, വീട്ടുകാരെ ഭയന്ന് റഹ്മാന്‍ എന്തിനവളെ മുറിയില്‍ പൂട്ടിയിട്ട് സംരക്ഷിച്ചു? സ്വന്തമായി ജീവിക്കാന്‍, അധ്വാനിക്കാന്‍ മനസ്സുള്ള അയാള്‍ എന്തുകൊണ്ട് നിയമവശങ്ങള്‍ തേടിയില്ല? ഒരുപക്ഷേ നിയമങ്ങളെക്കുറിച്ചും, അവകാശങ്ങളെ കുറിച്ചുമുള്ള അജ്ഞതയാവാം അതിനു പിന്നില്‍? അതുമല്ലെങ്കില്‍ വെറും ഭയം മാത്രമാവാം?
വാര്‍ത്തയില്‍ റഹ്മാന്‍ പറയുന്ന മറ്റൊരു കാര്യമുണ്ട്. വീട്ടുകാര്‍ അവനെ കൂടോത്രം ഒഴിപ്പിക്കാന്‍ ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും കൊണ്ടുപോയിരുന്നുവെന്ന്. ടെക്‌നോളജിയുടെ യുഗത്തില്‍ ജീവിക്കുമ്പോഴും, ശാസ്ത്രം പുരോഗമിച്ചു എന്ന് വീമ്പിളക്കുമ്പോഴും ഇത്തരം അന്ധവിശ്വാസങ്ങള്‍ ഇനിയും ഇവിടം വിട്ടുപോയിട്ടില്ലായെന്ന് ഈ വാര്‍ത്തകള്‍ നമ്മളെ ചൂണ്ടിക്കാട്ടുന്നു.
തികച്ചും ആശ്ചര്യപ്പെടുത്തുന്ന, മനസ്സിനെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു വാര്‍ത്ത തന്നെയാണിത്. മാധ്യമങ്ങള്‍ കൂടുതല്‍ ഈ വിഷയത്തെപ്പറ്റി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. നമ്മുടെ യുവാക്കള്‍ അവരുടെ അവകാശങ്ങളെക്കുറിച്ച്, സാമൂഹ്യ നിയമങ്ങളെക്കുറിച്ച് ബോധവാന്മാരല്ലേയെന്ന് ചിന്തിക്കേണ്ടതുണ്ട്.
ഓരോ വ്യക്തിയുടെയും വ്യക്തിത്വം അവന്‍ വളര്‍ന്നുവരുന്ന സാഹചര്യങ്ങളോട് ആശ്രയിച്ചിരിക്കുന്നു. പിന്നീട് അവന്‍ ചെയ്യുന്ന പല പ്രവൃത്തികളും അവന്റെ വ്യക്തിത്വത്തില്‍ നിന്നും ഉണ്ടാവുന്നതാണ്. ഇവിടെ റഹ്മാന്‍ എന്ന വ്യക്തിയുടെയും, സാജിത എന്ന യുവതിയുടെയും മാനസിക ചിന്തകള്‍ തികച്ചും അവരുടെ വ്യക്തിത്വ കേന്ദ്രീകൃതമായിട്ടുള്ളതാണ്. മാനസിക വിദഗ്ദ്ധര്‍ ഈ വിഷയത്തെക്കുറിച്ച് പഠിക്കുകയും എന്തുകൊണ്ട് ഇങ്ങനെയും ചിലര്‍ എന്നതിന് ഒരു വിശദീകരണം നല്‍കുകയും ചെയ്താല്‍ മനഃശാസ്ത്ര പഠനരംഗത്ത് അതൊരു മുതല്‍ക്കൂട്ടായി മാറുകയും ചെയ്യും. ഒരുകാര്യം എടുത്തുപറയട്ടെ ഇവിടെ വ്യക്തികളെയല്ല കൂടുതല്‍ ചര്‍ച്ചാവിഷയമാക്കേണ്ടത്… പ്രസ്തുത മാനസിക പ്രവൃത്തികളെയാണ്.
അങ്ങനെയുള്ള ചര്‍ച്ചകളിലൂടെ ഉരുത്തിരിയുന്ന പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് നമ്മുടെ കാഴ്ചപ്പാടുകളെ പൊളിച്ചെഴുതാം. വരും തലമുറയ്ക്ക് സ്വാതന്ത്ര്യത്തോടെ, അവകാശത്തോടെ ജീവിക്കാനുള്ള അവസരമൊരുക്കാം. അന്ധവിശ്വാസങ്ങളെ പടിയിറക്കാം.