കഥമുത്തച്ഛന് ആശംസകൾ

മുത്തശ്ശികഥകള്‍ കേട്ടുവളരുന്ന ഒരു ബാല്യം ഇന്നത്തെ കുട്ടികള്‍ക്കന്യമാണ്. എന്നാല്‍ ഇന്നും മനസ്സുവെച്ചാല്‍, വായിച്ചാസ്വദിക്കാന്‍ കുട്ടികഥകള്‍ നമുക്ക് ഏറെലഭ്യമാണ്. കുട്ടികഥകളും, കുട്ടികവിതകളും, കുട്ടിമനസ്സില്‍ ചെലുത്തുന്ന സ്വാധീനം, ആനന്ദം അതെത്ര വലുതാണെന്ന് അതനുഭവിച്ചര്‍ക്കേയറിയൂ.
ബാലസാഹിത്യകാരില്‍ പ്രമുഖനാണ് വൈപ്പിന്‍കരക്കാരനായ സിപ്പി പള്ളിപ്പുറം. ദേശീയ അധ്യാപക അവാര്‍ഡ് നേടിയ ഒരു വ്യക്തികൂടിയാണ് അദ്ദേഹം.
പാഠപുസ്തകത്തിലെ കവിതകള്‍ പഠിച്ചും, പഠിപ്പിച്ചും വിരസത തോന്നിയ നാളുകളിലാണ് സിപ്പി സര്‍ കവിതയെഴുത്തിലോട്ട് തിരിയുന്നത്. പിന്നയത് കഥകളിലേക്കും, നോവലുകളിലേക്കും വളര്‍ന്നു.

കഴിഞ്ഞ നാല് ദശകങ്ങളായി ഇരുന്നൂറില്‍പരം ബാലസാഹിത്യകൃതികള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചെണ്ട, പൂരം, മയിലും മഴവില്ലും, കാട്ടില കഥകള്‍, തത്തമ്മേ പൂച്ച പൂച്ച, ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുണ്ണി, പാവയ്ക്കക്കുട്ടന്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചില രചനകളാണ്.കാട്ടിലെ കഥകള്‍ ഇംഗ്ലീഷിലേക്കും, തത്തകളുടെ ഗ്രാമം തമിഴ്, ഗുജറാത്തി, തെലുങ്ക് എന്നീ ഭാഷകളിലേക്കും കേന്ദ്ര സാഹിത്യ അക്കാദമി വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കുട്ടികളില്‍ പ്രകൃതി സ്‌നേഹം, ദേശഭക്തി, ഗുരുഭക്തി, മാതാപിതാക്കളോടുള്ള ബഹുമാനം, സത്യസന്ധത, ആത്മാര്‍ത്ഥത, കാരുണ്യശീലം തുടങ്ങിയ സദ്ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുന്നവയാണ് അദ്ദേഹത്തിന്റെ കൃതികളെല്ലാം തന്നെ.

വ്യത്യസ്തവും, കൗതുകകരവുമായ ഒട്ടനവധി കാര്യങ്ങള്‍ അദ്ദേഹം കഥകളിലൂടെയും കവിതകളിലൂടെയും പറഞ്ഞുവെക്കുന്നുണ്ട്. ‘നല്ല കവിതകളും, നല്ല കഥകളും, നല്ല നോവലുകളും വായിക്കുന്നതിലൂടെ മാത്രമേ ഒരുവന് പൂര്‍ണ്ണ മനുഷ്യനാകാന്‍ കഴിയൂ’- സിപ്പി സാറിന്റെ വാക്കുകളാണിത്.

സിപ്പി പള്ളിപ്പുറം എന്ന എഴുത്തുകാരന് ആസ്വാദകര്‍ ഏറെയാണ്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ വായിച്ചാനന്ദിപ്പിക്കുന്ന രചനാവൈഭവമാണ് അദ്ദേഹത്തിന്റേത്.
തന്റെ രചനകളിലൂടെ പൂക്കളെയും, പുഴകളെയും, കാടുകളെയും, സ്‌നേഹിക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാനായതാണ് തന്റെ ഏറ്റവും വലിയ നേട്ടമായി അദ്ദേഹം കാണുന്നത്.

അങ്ങനെ പുതുതലമുറ മറന്നുപോയ വായനാശീലം തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ട് ബാലസാഹിത്യരംഗത്ത് ഇന്നും സജീവമായി നിലനിന്നുകൊണ്ട് അദ്ദേഹം നമുക്കൊപ്പമുണ്ട്.
കുട്ടികളുടെ സാഹിത്യം രചിക്കാന്‍ അവരുടേത് പോലുള്ള നിര്‍മ്മലമായ നിഷ്ങ്കളങ്കമായ ഒരു മനസ് കൂടി വേണ്ടതുണ്ട്. അങ്ങനെയൊരു മനസ്സിനാല്‍ അനുഗ്രഹിതനായ എഴുത്തുകാരനാണ് സിപ്പി പള്ളിപ്പുറം ഇനിയും നമ്മുടെ കുഞ്ഞുമക്കള്‍ക്കായി അദ്ദേഹത്തിന്റെ തൂലിക ഇനിയും ചലിക്കട്ടെ…അദ്ദേഹത്തിന് എല്ലാവിധ ആയുരാ രോഗ്യ സൗഖ്യങ്ങളും നേരുന്നു…

ജിബി ദീപക് (എഴുത്തുകാരി )

Leave a Reply

Your email address will not be published. Required fields are marked *