‘രാത്രിമഴ’ പെയ്തൊഴിഞ്ഞിട്ട് രണ്ടാണ്ട്

കേരളത്തിന്‍റെ സാഹിത്യ, സാമൂഹിക, സാംസ്​കാരിക രംഗത്ത്​ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള ഒരു ജീവിതം മുഴുവൻ മലയാളികൾക്കുവേണ്ടി കവിത ചൊല്ലിയ മാതൃഭാഷയ്ക്കുവേണ്ടി തളരാതെ പോരാടിയ കവയിത്രി.

കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്നു. സൈലൻ്റ് വാലി പ്രക്ഷോഭം മുതൽ എറ്റവും ഒടുവിൽ സൈബർ ഇടങ്ങളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ വരെ സുഗതകുമാരി ശക്തമായി ശബ്ദമുയർത്തി. 1996ൽ സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷയാകാനുളള നിയോഗവും സുഗതകുമാരിക്കായിരുന്നു. അഭയഗ്രാമം, അത്താണി, എന്നിങ്ങനെ സമൂഹത്തിന് തണലൊരുക്കിയ സ്ഥാപനങ്ങളുടെ അമരക്കാരിയുമായി.

മനോനില തെറ്റിയവർക്കും ആരുമില്ലാത്തവർക്കും അസുഖങ്ങളാൽ തകർന്നുപോയവർക്കുമെല്ലാം താങ്ങായി നിലകൊണ്ടു. കർമ്മഭൂമി പൊതുപ്രവർത്തനമെങ്കിലും രാഷ്ട്രീയത്തിലേക്കുളള ക്ഷണം എല്ലാകാലത്തും അവർ നിരസിച്ചിരുന്നു. സ്വാതന്ത്ര്യ സമരസേനാനിയും എഴുത്തുകാരനുമായിരുന്ന പരേതനായ ബോധേശ്വരന്റെയും തിരുവനന്തപുരം ഗവ. വിമന്‍സ് കോളജിലെ സംസ്‌കൃതം അധ്യാപികയായിരുന്ന പരേതയായ വി.കെ കാര്‍ത്ത്യാനിയുടെയും മകളായി 1934 ജനുവരി 22 നാണ് ജനനം. ഭര്‍ത്താവ്: എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ, പരേതനായ ഡോ. കെ. വേലായുധന്‍ നായര്‍. എന്‍ സി ഇ ആര്‍ടി മേധാവിയും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടറുമായിരുന്നു. വിദ്യാഭ്യാസ വിചക്ഷണയും എഴുത്തുകാരിയും അധ്യാപികയുമായിരുന്ന പരേതയായ ബി ഹൃദയകുമാരി, എഴുത്തുകാരിയും ചിന്തകയുമായിരുന്ന പരേതയായ സുജാതാ ദേവി എന്നിവര്‍ സഹോദരങ്ങളാണ്. കവിത മനുഷ്യ ദു:ഖങ്ങൾക്കു മരുന്നായും പ്രകൃതിക്ക് കൈത്താങ്ങായും അനീതിക്കെതിരെ ആയുധമായും ഉപയോഗിച്ച എഴുത്തുകാരി 2020 ഡിസംബർ 23-ന് അന്തരിച്ചു.


മുത്തുച്ചിപ്പി (1961), പാതിരാപ്പൂക്കൾ (1967), പാവം മാനവഹൃദയം (1968), ഇരുൾ ചിറകുകൾ (1969), രാത്രിമഴ (1977),അമ്പലമണി (1981), കുറിഞ്ഞിപ്പൂക്കൾ (1987), തുലാവർഷപ്പച്ച (1990),vരാധയെവിടെ (1995), കൃഷ്ണ കവിതകൾ എന്നിവയാണ്​ പ്രധാനകൃതികൾ. കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യ പ്രവർത്തക അവാർഡ്, ആശാൻ പ്രൈസ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം, ആശാൻ സ്മാരക സമിതി (മദ്രാസ്) അവാർഡ്, വിശ്വദീപം അവാർഡ്, അബുദാബി മലയാളി സമാജം അവാർഡ്, ജന്മാഷ്ടമി പുരസ്കാരം, എഴുകോൺ ശിവശങ്കരൻ സാഹിത്യ അവാർഡ്, ലളിതാംബിക അന്തർജ്ജനം അവാർഡ്, വള്ളത്തോൾ അവാർഡ്(2003), കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്(2004), ബാലാമണിയമ്മ അവാർഡ് (2004), പത്മശ്രീ പുരസ്കാരം (2006), പ്രകൃതിസംരക്ഷണ യത്നങ്ങൾക്കുള്ള ഇന്ത്യാഗവണ്മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്, സാമൂഹിക സേവനത്തിനുള്ള ജെംസെർവ് അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം(2009 ),സരസ്വതി സമ്മാൻ (2012) എന്നിങ്ങനെ എണ്ണമറ്റ അംഗീകാരങ്ങൾ നല്‍കി ആദരിച്ചു.


” എന്റെ വഴിയിലെ വെയിലിനും നന്ദി
എന്റെ ചുമലിലെ ചുമടിനും നന്ദി
എന്റെ വഴിയിലെ തണലിനും
മരക്കൊമ്പിലെ കൊച്ചു കുയിലിനും നന്ദി
വഴിയിലെ കൂർത്ത നോവിനും നന്ദി…”

courtesy
വായനക്കൂട്ടം (കലാഗ്രാമം ബുക്ക്‌ ക്ലബ്ബ് ) image credit by manorama

Leave a Reply

Your email address will not be published. Required fields are marked *