‘അത്ഭുതം’ ഒരു അത്ഭുതമാകുമ്പോൾ

‘അത്ഭുതമെന്ന’ ചിത്രത്തിന്റെ ചിത്രീകരണവും ഏറെ അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു. ജയരാജിന്റെ നവരസ സീരിയസിലെ നാലാമതായെത്തിയ ഈ ചിത്രം പൂർണ്ണമായും ചിത്രീകരിച്ചത് ഹൈദരാബാദിനെ രാമോജി ഫിലിം സിറ്റിയിൽ വച്ചായിരുന്നു.
ദയാവധത്തിന് അനുമതി തേടുന്ന ഒരു മലയാളിയുടെ ജീവിതത്തിലെ സംഭവങ്ങളാണ് അത്ഭുതം പ്രമേയമാക്കുന്നത്.

അമേരിക്കയില്‍ താമസിക്കുന്ന മലയാളിയായ ചന്ദ്രശേഖര വാര്യര്‍ ഗുരുതര രോഗം ബാധിച്ച് ജീവിതത്തോട് മല്ലിടുകയാണ്. തനിക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അയാള്‍ കോടതിയെ സമീപിക്കുന്നു. കോടതി അയാളുടെ അപേക്ഷ അംഗീകരിച്ചു. ദയാവധം നടക്കുന്ന ദിവസം രാവിലെ ഒമ്പത് മണി മുതല്‍ പതിനൊന്നര വരെ ആശുപത്രിയില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്.

സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. KPSC ലളിത, മമത മോഹൻദാസ്, കാവാലം ശ്രീകുമാർ തുടങ്ങിയ മലയാളി താരങ്ങൾക്കൊപ്പം ഹോളിവുഡ് നടീനടന്‍മാരും ഈ ചിത്രത്തിൽ അഭിനയിച്ചു.

ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സിനിമയുടെ ചിത്രീകരണം, പത്ത് മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാനായിരുന്നു ജയരാജ് ആദ്യം തീരുമാനിച്ചത്. എന്നാൽ വിദേശികൾ ഉൾപ്പെടെ, അറുപതോളം ആർട്ടിസ്റ്റുകളുടെയും, ഫോട്ടോഗ്രാഫിയിൽ എന്നും വിസ്മയങ്ങൾ മാത്രം രചിച്ച S. കുമാറിന്റെയും, പൂർണ്ണമായ സഹകരണത്തോടെ, ഏഴുദിവസങ്ങൾ നീണ്ടു നിന്ന റിഹേഴ്സലിന്റെ ആത്മവിശ്വാസത്തോടെ, 2005 ഡിസംബർ 13 നു ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ പിറന്നത് പുതിയൊരു ലോക റെക്കോർഡ് ആയിരുന്നു. ‘രണ്ടു മണിക്കൂറും പതിനാലു മിനിറ്റിനുമുള്ളിൽ, ഒരു ഫീച്ചർ ഫിലിമിന്റെ ചിത്രീകരണം പൂർത്തിയാക്കി’ എന്നതായിരുന്നു ആ റെക്കോർഡ്. ഒരു പക്ഷേ ലോക സിനിമയില്‍ തന്നെ ഇത് ആദ്യസംഭവമായിരിക്കും.

ഓരോ ആര്ടിസ്റ്റിന്റെയും പൊസിഷനും, ചലനങ്ങളും സ്കെച്ച് ചെയ്തു അവർക്കു മുൻപേ കൊടുത്തിരുന്നു. പിന്നെ ഏഴു തവണയോളം ഒരുമയോടെ ഉള്ള റിഹേഴ്സലുകൾ. ഇതെല്ലാം ആ ഫൈനൽ ടേക്കിനെ മനോഹരമാക്കി.
ഡോക്ടറിന്റെ മുറിയും, പേഷ്യന്റെന്റെ മുറിയും, പിന്നെ ഒരു ലോബിയുമടങ്ങിയ ഹോസ്പിറ്റൽ സെറ്റിലൂടെ ഒഴുകിനടന്ന് S. കുമാർ ആ അത്ഭുതം തന്റെ ക്യാമറയിൽ ഒപ്പിയെടുത്തു.

ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ചിത്രീകരിച്ച ഫീച്ചർ ഫിലിം എന്ന പേരിൽ ഈ ചിത്രം ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുണ്ട്.
അത്ഭുതം റൂട്സ് ന്റെ OTT പ്ലാറ്റ്ഫോമിൽ വിഷു റിലീസിന് ഒരുങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *