ഭരണഘടന ശില്പി: ഡോ അംബേദ്ക്കർ
ജിബി ദീപക് (എഴുത്തുകാരി )
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ പഠിപ്പിക്കുന്ന മതത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു’
ബാബസാഹിബ് അംബേദ്കര്‍
മഹാരാഷ്ട്രിയിലെ രത്നഗിരി ജില്ലയിലെ അംബാവാഡി ഗ്രാമത്തില്‍ രാംജി മലോജി സകപാല് അംബേദ്കറുടേയും ഭീമാബായിയുടേയും മകനായി 1891 ഏപ്രില്‍ 14 നാണ് അംബേദ്്ക്കര്‍ ജനിച്ചത്. അച്ഛനമ്മമാരുടെ പതിനാലാമത്തെ പുത്രനായിരുന്നു അംബേദ്കര്‍. വലിയ ഈശ്വര ഭക്തയായിരുന്നു അംബേദ്ക്കറുടെ അമ്മ. അച്ഛന് പട്ടാള ഉദ്യോഗസ്ഥനും. അംബേദ്ക്കര്‍ക്ക് ആറു വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. അമ്മയുടെ മരണ ശേഷം ഒരു അമ്മായിയാണ് അവരെ വളര്‍ത്തിയത്. ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം. താഴ്ന്ന ജാതിക്കാരനായതിനാല്‍ വലിയ അവഗണനയാണ് എവിടെയും അംബേദ്ക്കറിന് നേരിടേണ്ടി വന്നത്.
വലിയ വായനാ ശീലക്കാരനായിരുന്നു അംബേദ്ക്കര്‍.അംബേദ്ക്കറുടെ അച്ഛന് ശമ്പളത്തിന്റെ ഒരു ഭാഗം മകന് പുസ്തകങ്ങള്‍ വാങ്ങാനായി മാറ്റിവെച്ചു. ഒരു ദളിതനായതു കാരണം സ്ക്കൂള് വിദ്യാഭ്യാസ കാലത്ത് അംബേദ്ക്കര്‍ ക്ലാസ്സ് മുറിയുടെ ഒരു മൂലയില്‍ വീട്ടില്‍ നിന്നു കൊണ്ടുവരുന്ന ഒരു ചാക്ക് വിരിച്ചായിരുന്നു ഇരുന്നിരുന്നത്. ഈ ചാക്ക് മറ്റാരും സ്പര്‍ശിക്കില്ലായിരുന്നു. അതുപോലെ തന്നെ മറ്റ് കുട്ടികള്‍ പൈപ്പ് തുറന്ന് അതില്‍ നിന്നും വെള്ളം കുടിക്കുമ്പോള്‍ അദ്ദേഹത്തിന് പൈപ്പില്‍ തൊടാന്‍ പോലും അനുവാദം നല്‍കിയിരുന്നില്ല.
പതിനേഴാം വയസ്സിലാണ് അംബേദ്ക്കര്‍ മെട്രിക്കുലേഷന്‍ പാസ്സായത്. പഠനത്തില്‍ മിടുക്കനായിരുന്നു അദ്ദേഹം. ശൈശവ വിവാഹമായിരുന്നു അദ്ദേഹത്തിന്റേത്. ഒമ്പത് വയസ്സുള്ള രമാഭായിയെ അദ്ദേഹം ജീവിത സഖിയാക്കി. തുടര്‍ന്നും അദ്ദേഹം പഠിച്ചു. സാമ്പത്തികമായ പ്രശ്നങ്ങളെ നേരിടേണ്ടി വന്നിട്ടും പഠനം ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ബറോഡാ രാജാവായിരുന്ന ഗെയ്ത് വാദ് അധഃകൃത വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സ്കോളര്‍ഷിപ്പ് നല്‍കും എന്ന് പ്രഖ്യാപിച്ച സമയമായിരുന്നു അത്. അംബേദ്ക്കറിനു സ്കോളര്‍ഷിപ്പ് ലഭിച്ചു. അങ്ങനെ ബി.എ പരീക്ഷ വളരെ വിജയകരമായി അദ്ദേഹം പൂര്‍ത്തിയാക്കി. തുടര്‍ന്ന് പഠിക്കണമെന്ന് മോഹമുണ്ടായിരുന്നിട്ടും ജീവിതനിവൃത്തിക്കായി അദ്ദേഹം ജോലിക്കു വേണ്ടി ശ്രമിച്ചു. ബിരുദധാരിയായിരുന്നിട്ടും താഴ്ന്ന ജാതിക്കാരനാണെന്ന് പറഞ്ഞ് ആരും അംബേദ്ക്കര്‍ക്ക് ജോലി നല്‍കിയില്ല. അംബേദ്ക്കര്‍ കൊട്ടാരത്തില്‍ ചെന്ന് മഹാരാജാവിനെ കണ്ട് കാര്യം ഉണര്‍ത്തിച്ചു. അങ്ങനെ മഹാരാജാവ് സൈന്യത്തില്‍ ലഫ്റ്റനന്റായി അംബേദ്ക്കറെ നിയമിച്ചു.
1913 ജൂലൈയില്‍ അംബേദ്ക്കർ തുടര്‍ പഠനത്തിനിയി ന്യൂയോര്‍ക്കിലെത്തി.അമേരിക്കയില്‍ വളരെ ലളിത ജീവിതമാണ് അദ്ദേഹം നയിച്ചത്. ശാസ്ത്രം, സാമ്പത്തികം, എന്നീ വിഷയങ്ങളില്‍ പാണ്ഡിത്യം നേടുന്നതിനായി അവയില്‍ അദ്ദേഹം ഗവേഷണത്തിലേര്‍പ്പെടുകയും ചെയ്തു. ഒടുവില്‍ പ്രാചീന ഭാരതത്തിലെ വാണിജ്യ രീതികളെക്കുറിച്ച് അദ്ദേഹം ഒരു പഠനം യൂണിവേഴ്സിറ്റിക്ക് സമര്‍പ്പിച്ചു. അതിന് അദ്ദേഹത്തിന് മാസ്റ്റര്‍ ബിരുദവും ലഭിച്ചു. പിന്നീട് ഇന്ത്യയിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തി മറ്റൊരു പ്രബന്ധം തയ്യാറാക്കി കൊളംബിയ യൂണിവേഴ്സിറ്റിക്ക് സമര്‍പ്പിച്ചു. പിന്നീട് ‘രൂപയുടെ പ്രശ്നം’ എന്ന പ്രബന്ധത്തിന് ലണ്ടന്‍ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്കി അദ്ദേഹത്തെ ആദരിച്ചു.
ദളിത് സമൂഹം അക്കാലത്ത് നേരിട്ടിരുന്ന പ്രശ്നങ്ങള്‍ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു. സവര്‍ണ്ണര്‍ അവര്‍ണ്ണരോട് കാട്ടുന്ന അവഗണനയോട് അദ്ദേഹം പോരാടി. അധഃകൃത സമൂഹത്തിന്റെ ശബ്ദമുയര്‍ത്താന്‍ 1927 ല്‍ അദ്ദേഹം സ്വന്തമായി പത്രം തുടങ്ങി. ‘ബഹിഷ്കൃത് ഭാരതം’എന്നതായിരുന്നു ആ പത്രത്തിന്റെ പേര്.
ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്‍പ്പിയാണ് അബേദ്ക്കര്‍.അടിസ്ഥാന വര്‍ഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യന്‍ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്ക്കര്‍. ഇന്ത്യന്‍ ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടിയ, ഹിന്ദു തൊട്ടുകൂടായ്മയ്ക്കെതിരെ പോരാടിയ ധീരവ്യക്തിയായിരുന്നു അംബേദ്ക്കര്‍. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേദ്ക്കര്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പൗരബഹുമതിയായ ‘ഭാരതരത്ന’ അംബേദ്ക്കറിന് ലഭിച്ചിട്ടുണ്ട്.
ഡോ.ബാബാ സാഹേബ് അംബേദ്ക്കര്‍ എന്ന പേരില്‍ ഒരു ചലച്ചിത്രം 2000 ല്‍ പുറത്തിറങ്ങിയിരുന്നു. ഇംഗ്ലീഷിലുള്ള ആ സിനിമയുടെ സംവിധായകന് ജബ്ബാര്‍ പട്ടേല്‍ ആണ്. മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറായ മമ്മൂട്ടിയാണ് ആ ചിത്രത്തില്‍ അംബേദ്ക്കറായി വേഷമിട്ടത്. അതിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും മമ്മൂട്ടിക്ക് ലഭിച്ചു. പക്ഷെ ഈ സിനിമ പുറത്തിറക്കാന്‍ സര്‍ക്കാര്‍ ഇതു വരെ അനുമതി കൊടുത്തിട്ടില്ല. അംബേദ്ക്കറുടെ ആശയങ്ങള്‍ എത്രത്തോളം ബ്രാഹ്മണിസത്തെ ഭയപ്പെടുത്തുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്. സാങ്കേതികമായി അത്ര മികച്ച സിനിമയല്ല ഇതെന്നും പൊതുവായ ഒരു അഭിപ്രായം നിലവിലുണ്ട്.
സ്വാതന്ത്ര്യം നേടുമ്പോള്‍ 562 നാട്ടുരാജ്യങ്ങള്‍ ചേര്‍ന്നതായിരുന്നു ഇന്ത്യാ മഹാരാജ്യം. ഇന്ത്യയും പാക്കിസ്താനും രണ്ട് രാജ്യങ്ങളായപ്പോള്‍ പലയിടത്തും കലാപങ്ങള്‍ പൊട്ടിപുറപ്പെട്ടു. കടുത്ത സാമ്പത്തിക കുഴപ്പങ്ങളും രാജ്യത്തുണ്ടായി. പുതുപുത്തന്‍ രാഷ്ട്രീയ ആദര്‍ശങ്ങളും ഭരണ സിദ്ധാങ്ങളുമനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായി ഭരണഘടന രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായി തീര്‍ന്നു. അങ്ങനെ അംബേദ്ക്കറിന്റെ നേതൃത്വത്തില്‍ ഒരു ഭരണഘടന നിര്‍മ്മാണസഭ രൂപീകൃതമായി. 1947 ഓഗസ്റ്റ് 29 ന് ഭരണഘടന നിര്‍മ്മാണത്തിനുള്ള ഡ്രാഫ്റ്റ് കമ്മിറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്. 1949 ല്‍ നടപ്പാക്കപ്പെട്ട നമ്മുടെ ഭരണഘടന ഇതിനിടെ 103 തവണ ഭേദഗതി ചെയ്തിട്ടുമുണ്ട്. 1952 ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ അംബേദ്ക്കര്‍ പരാജയപ്പെട്ടെങ്കിലും രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജാതി വ്യവസ്ഥ ഇല്ലാതാക്കുന്നതിനു വേണ്ടി അംബേദ്ക്കര്‍ വളരെയധികം ശ്രമങ്ങള്‍ നടത്തിയിരുന്നു.ഈ വിഷയത്തില്‍ ഗാന്ധിയും അംബേദ്ക്കറും തമ്മില്‍ അഭിപ്രായ ഭിന്നത നടന്നിരുന്നു. ഹിന്ദു മതത്തിന്റെ രാഷ്ട്രീയ വ്യവസ്ഥായായ ജാതി വ്യവസ്ഥ ഒരു ദൈവീക വ്യവസ്ഥയാണെന്നും അതിനാല്‍ അത് സനാതനം അഥവാ മാറ്റമില്ലാത്തതാണെന്നും അത് മാറ്റാന്‍ പാടില്ലെന്നുമൊക്കെ ഗാന്ധിജി വിശ്വസിച്ചിരുന്നു.അയിത്തവും അനാചാരങ്ങളും ഇല്ലാതാക്കി ജാതിവ്യവസ്ഥ പരിഷ്ക്കരിച്ചാല്‍ മാത്രം മതിയെന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്. അതിനു വേണ്ടിയാണ് അദ്ദേഹം അയിത്തോച്ചാടന പരിപാടി ആവിഷ്ക്കരിച്ചത്. എന്നാല്‍ ജാതിവ്യവസ്ഥ ഹിന്ദു മതത്തിന്റെ രാഷ്ട്രീയ വ്യവസ്ഥായാണെന്ന് തിരിച്ചറിഞ്ഞ അംബേദ്ക്കര്‍ ജാതി നശിപ്പിക്കണം എന്ന നിലപാടില്‍ ഉറച്ചു നിന്നു. ജാതി വ്യവസ്ഥയെ ആദര്‍ശവത്ക്കരിച്ചു നിലനിര്‍ത്തുന്ന ഹിന്ദു മതത്തിന്റെ വിശുദ്ധ സംഹിതകളെയെല്ലാം അദ്ദേഹം കടന്നാക്രമിച്ചു. ജാതി വ്യവസ്ഥയുടെ ദൈവീകതയെ നിഷേധിച്ചു കൊണ്ട് അത് സനാതനമല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന അടിസ്ഥാന മാനവീക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ വ്യവസ്ഥയാണ് അംബേദ്ക്കര്‍ വിഭാവനം ചെയ്തത്. 1956 ഡിസംബര്‍ 6 ന് തന്റെ 65-ാമത്തെ വയസ്സില്‍ അദ്ദേഹം ഇവിടം വിട്ട് യാത്രയായി. അംബേദ്ക്കറുടെ ചരമ ദിനമായ ഡിസംബര്‍ 6 ന് അംബേദ്ക്കര്‍ ‘മഹാപരിനിര്‍വാണ്‍’ ദിനമായി ആചരിച്ചു പോരുന്നു. ‘ദളിതരുടെ ദൈവം’ എന്നു വിശേഷിപ്പിക്കാവുന്ന ഡോ.ഭീംറാവ് അംബേദ്ക്കര്‍ ദളിതരുടെ മാത്രം ദൈവമല്ല. തികഞ്ഞ ഓരോ ഭാരതീയന്റേയും ശബ്ദമാണ്.