മലയാള സിനിമയുടെ പൗരുഷം

ബിജി കമാൽ


“ആകാശവാണി തിരുവനന്തപുരം പ്രാദേശിക വാർത്തകൾ വായിക്കുന്നത് സുഷ്മ.പ്രസിദ്ധ സിനിമാ താരം ജയൻ കൊല്ലപ്പെട്ടു.മദ്രാസിൽ വെച്ച് ഷൂട്ടിങ്ങിനിടയിൽ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടാണ് മരണമെന്ന് പ്രാഥമിക വിവരം.”
1980 നവംബർ മാസം 16 തീയതി ഈ വാർത്ത കേട്ട സിനിമാ പ്രേമികൾ ഒരു നിമിഷം നിശബ്ദരായി പോയി.


മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും കരുത്തനായ “സൂപ്പർ സ്റ്റാർ “ഒരു പക്ഷെ കൃഷ്ണൻ നായർ എന്ന ജയനായിരിക്കും.
നേവിയിലെ സർവീസ് അവസ്നിപ്പിച്ചു സിനിമ ലോകത്തു വെണ്ണി കോടി പാറിച്ചു മുന്നേറുന്ന സമയത്താണ് “കോളിളക്കം “എന്ന സിനിമയുടെ ഒരു ഹെലികോപ്റ്റർ ഫൈറ്റ് രംഗത്ത് അപകടം സംഭവിക്കുന്നതും 41 ആം വയസ്സിൽ ഈ ഭൂമിയിൽ നിന്ന് ജയൻ വിടവാങ്ങുന്നത്.


വളരെ കുറച്ച് സിനിമകളിലേ ജയൻ അഭിനയിച്ചുള്ളുവെങ്കിലും (116 സിനിമ )സിനിമാപ്രേമികളുടെ ഇടയിൽ മറ്റാർക്കും നേടാനാവാത്ത അസൂയാവഹമായ സ്ഥാനം അദ്ദേഹം കരസ്ഥമാക്കി.ജന്മനാടായ കൊല്ലത്തു അദ്ദേഹത്തിന്റെ നിശ്ചലമായ ശരീരം കാണാൻ തടിച്ചു കൂടിയ ജനാവലിയാണ് അദ്ദേഹത്തിന് ജനങ്ങളുടെ മനസ്സിൽ എത്രത്തോളം സ്ഥാനം ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കാൻ.ചെറുപ്പക്കാരികളുടെ മനസ്സിൽ പച്ചകുത്തിയ ഹീറോ ആയിരുന്നു ജയൻ, ചെറുപ്പക്കാരെ ബെൽബോട്ടം പാന്റ് ഇടാൻ പഠിപ്പിച്ച റോൾ മോഡൽ ആയിരുന്നു. അദ്ദേഹത്തിനെ അനുകരിച്ച് നൂറുകണക്കിന് ചെറുപ്പക്കാർ തലങ്ങും വിലങ്ങും പാഞങ്കിലും ജയനു തുല്യം ജയൻ മാത്രം.അദ്ദേഹത്തിന്റെ മരണത്തിനുശേഷം എന്റെ നാടായ പാറത്തോട്ടിൽ നടന്ന രസകരമായ സംഭവം ഞാൻ ഓർത്തു പോവുകയാണ്.
പാറത്തോട് വഴി കടന്നു പോകുന്ന ഒരു ബസ്സിലെ ഡ്രൈവർക്ക് ജയന്റെ മുഖ സാദൃശ്യമുണ്ടായിരുന്നു . ജയന്റെ വിയോഗത്തിൽ മനംനൊന്ത് കഴിഞ്ഞിരുന്ന സിനിമാ പ്രേമികളായ ചില നാട്ടുകാർ ആ ബസ് വരുന്നതും കാത്ത് സ്ഥിരമായി നിലയുറപ്പിച്ചിരുന്നു.


നാട്ടിലെ പ്രസിദ്ധമായ ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലെ അക്കാലത്തെ മൂത്ത ചേട്ടൻമാർ പലപ്പോഴും ബസ് തടയുകയും ഈ അപരനെ മാലയിട്ടു സ്വീകരിച്ച് കുന്നുംപുറത്ത് സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് എടുത്തു കൊണ്ട് പോയി ചായയും മറ്റും കൊടുത്തു സൽക്കരിക്കുമായിരുന്നു.തുടർച്ചയായി ഈ കലാപരിപാടി തുടർന്നപ്പോൾ ബസിന്റെ ഓണർ അപകടം മണത്തറിഞ്ഞു. ബസ് റൂട്ട് സ്ഥിരമായി വൈകിക്കുന്ന ഈ കലാ പരിപാടി അവസാനം ഡ്രൈവർക്ക് റൂട്ട് മാറ്റം കൊടുത്ത്‌ അദ്ദേഹത്തിന്റെ തടി രക്ഷിച്ചു.


തന്റെ 41 ആം വയസ്സിൽ വിടപറഞ്ഞു പോകുമ്പോൾ നമുക്ക് നഷ്ടമായത് കരുത്തനായ ഭംഗിയുള്ള ഒരു നടനെയായിരുന്നു.
ആക്ഷൻഹീറോ യിൽ നിന്ന് സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തിയ ജയൻ അനശ്വരമാക്കിയ, 1972 ൽ പുറത്തിറങ്ങിയ പോസ്റ്റ്‌ മാനെ കാണ്മാനില്ല എന്ന സിനിമയിൽ തുടങ്ങി, ശാപമോക്ഷം, പഞ്ചമി, തച്ചോളി അമ്പു, ശരപഞ്ചരം, ലവ് ഇൻ സിങ്കപ്പൂർ, തടവറ, അനു പല്ലവി, മനുഷ്യ മൃഗം, ചാകര, നായാട്ട്,കരിമ്പന,അങ്ങാടി തുടങ്ങി 116 സിനിമകളിലൂടെ കോളിളക്കത്തിൽ അവസാനിച്ച ജൈത്രയാത്രയായിരുന്നു.ഡ്യൂപ്പിന്റെ സഹായമില്ലാതെ സാഹസിക രംഗങ്ങൾ ചെയ്യണമെന്ന് നിർബന്ധബുദ്ധിയുള്ള ജയന് ആ തീരുമാനം അവസാനം വിനയായി.മലയാള സിനിമയുടെ ചരിത്രത്തിൽ ജയന്റെ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു.നവംബർ 16 നു നമ്മെ വിട്ടു പിരിഞ്ഞ ജയന്റെ ഓർമകൾക്ക് മുൻപിൽ ഒരു പിടി പുഷ്പങ്ങൾ അർപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!