നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ശോഭമങ്ങാതെ ബ്രിഹദീശ്വര ക്ഷേത്രം

ഏതു ലോകാത്ഭുതത്തെയും വാസ്തു ശൈലിയിലും ഭംഗിയിലും വലിപ്പത്തിലും , ഗാംഭീര്യത്തിലും കടത്തി വെട്ടുന്ന അനേകം പുരാതന നിർമിതികൾ ഇന്ത്യയിൽ ഉണ്ട്. എല്ലാ അർത്ഥത്തിലും ഏതു ലോകാത്ഭുതത്തെയും കടത്തി വെട്ടുന്ന അത്തരം ഒരു നിര്‍മ്മിതിയാണ് തഞ്ചാവൂരിലെ ബ്രിഹദീശ്വര ക്ഷേത്രം .

പതിനൊന്നാം നൂറ്റാണ്ട് കാലഘട്ടത്തിൽ മഹാനായ ചോളരാജാവ് രാജരാജചോളൻ പണികഴിപ്പിച്ചതാണ് തഞ്ചാവൂരിലെ മഹാ ക്ഷേത്രമായ ബ്രിഹദീശ്വര ക്ഷേത്രം . പൂർണമായും ഗ്രാനെറ്റിൽ പണിത ലോകത്തെ ഏറ്റവും ഉയരമേറിയ നിര്മിതികളിൽ ഒന്നാണ് ബ്രിഹദീശ്വര ക്ഷേത്രം .66 മീറ്റർ ആണ് ബ്രിഹദീശ്വര ക്ഷേത്രത്തിന്റെ ഉയരം . ഒന്നര ലക്ഷം ടൺ ഗ്രാനയിറ്റ് ( കൃഷ്ണ ശില ) ആണ് ക്ഷേത്രത്തിന്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത് . ശിലകളിൽ ഏറ്റവും കാഠിന്യമേറിയവയിൽ പെടുന്നതാണ് കൃഷ്ണശിലകൾ . ഈജിപ്തിലെ പിരമിഡുകൾ ഒക്കെ കാഠിന്യം കുറഞ്ഞ സാൻഡ് സ്റ്റോണിൽ ആണ് നിർമിച്ചിരിക്കുന്നത് .

വാസ്തു നിർമിതിയുടെ കോണിൽ നിന്നും നോക്കിയാൽ ബ്രിഹദീശ്വര ക്ഷേത്രത്തിന്റെ അത്ഭുതങ്ങളുടെ മഹാത്ഭുതം അതിന്റെ ശിഖരമാണ് . 80 ടണ്ണിലേറെ ഭാരമുള്ള ഒരു കൃഷ്ണശിലാ സ്തംഭത്തിന്റെ മുകളിലാണ് 60 ടണ്ണിലേറെ ഭാരമുള്ള ഒരു ഒറ്റക്കല്ലിൽ തീർത്ത ശിഖരം ( കുംഭം ) സ്ഥാപിച്ചിരിക്കുന്നത് . ക്ഷേത്രത്തിന്റെ വാസ്തു നിർമിതി 60 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഭാരമേറിയ ശിഖരത്തെ താങ്ങാൻ കരുത്തുളളതാണ് . പത്തു നൂറ്റാണ്ടിനുശേഷവും ക്ഷേത്രത്തിലെ വാസ്തു നിർമിതിയിൽ മില്ലി മീറ്ററുകളുടെ പോലും വ്യതിയാനം കണ്ടെത്തിയിട്ടില്ല .

ഭാരമേറിയ ഈ ശിഖരം എങ്ങിനെയാണ് 60 മീറ്റർ ഉയർത്തി അണുവിട വ്യതിയാനമില്ലാതെ ക്ഷേത്ര നിര്മിതിക്കുമുകളിൽ പ്രതിഷ്ഠിക്കപ്പെട്ടത് എന്നത് എന്നും ഒരു പ്രഹേളികയാണ് . വളരെ നീളവും ചെറിയ സ്ലോപ്പുമുള്ള ഒരു വീതിയേറിയ ഒരു മൺപാത നിർമിച്ചു ,അതിലൂടെ ഗജവീരന്മാരെ ഉപയോഗിച്ച് വലിച്ചു കയറ്റുകയും ,നൂറുകണക്കിന് വിദഗ്ധരായ കൽപ്പണിക്കർ ചേർന്ന് കുംഭത്തെ അതിവിദഗ്ധമായി ക്ഷേത്ര ത്തിന്റെ മുകള്ഭാഗത്തു പ്രതിഷ്ഠിക്കുകയും ചെയ്തു എന്നുമാണ് അനുമാനിക്കപ്പെടുന്നത് . ആധുനിക കാലത്തുപോലും അനുകരിക്കാൻ പ്രയാസമാണ് ഈ വൈദഗ്ധ്യത്തെ .

പത്തു നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ശോഭമങ്ങാതെ തലയുയർത്തി നിൽക്കുകയാണ് രാജ രാജചോളൻ പണികഴിപ്പിച്ച ബ്രിഹദീശ്വര ക്ഷേത്രം . കൃഷ്ണശിലയിൽ നിർമിക്കപ്പെട്ട ക്ഷേത്രത്തിന്റെ കുംഭം നിർമിച്ച സമയത്തേതുപോലെ ഗംഭീരമായിത്തന്നെ ഇപ്പോഴും നിലനിൽക്കുന്നു .കാറ്റുമാറിവീശിയാൽ ഇരുണ്ടു പോകുന്ന ”ലോകാത്ഭുതങ്ങൾ ” ളേക്കാൾ വളരെ ഉയരത്തിലാണ് ഒരു വാസ്തുവിസ്മയം എന്ന നിലയിൽ ബ്രിഹദീശ്വര ക്ഷേത്രത്തിന്റെ സ്ഥാനം

വിവരങ്ങള്‍ക്ക് കടപ്പാട് ഋഷി ശിവദാസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!