ആഗ്രഹസാഫല്യത്തിന് ശബരിമല ഭസ്മകുളത്തിലെ സ്നാനം

കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ ഭസ്മക്കുളത്തില്‍ അയ്യപ്പഭക്തര്‍ സ്‌നാനം ചെയ്യുന്നത് പുനരാരംഭിച്ചു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഭസ്മക്കുളത്തില്‍ മുങ്ങിക്കുളി അനുവദിക്കുന്നത്.
ശബരിമലയില്‍ എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് മനഃസുഖത്തിനും ശാന്തിക്കുമായി ഭസ്മക്കുളത്തില്‍ സ്‌നാനം ചെയ്യുക പതിവാണ്. മുമ്പ് ഇവിടെയെത്തി മുങ്ങിക്കുളിച്ച് ദേഹശുദ്ധിവരുത്തിയ ശേഷമായിരുന്നു ഭക്തര്‍ അയ്യനെ വണങ്ങാറുള്ളത്.


വര്‍ഷങ്ങള്‍ക്ക് മുന്‍പ് സന്നിധാനത്തെ ഫ്‌ളൈ ഓവറിന് സമീപമായിരുന്നു കുളം എങ്കിലും, പിന്നീട് തീര്‍ത്ഥാടക തിരക്ക് വര്‍ധിച്ചതോടെ ഭക്തരുടെ സൗകര്യാര്‍ത്ഥം ശ്രീകോവിലിന് പിന്‍ഭാഗത്ത് താഴെയായി ജലരാശി കണ്ടെത്തി ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.


ഇപ്പോള്‍ മാളികപ്പുറത്തുനിന്നു 100 മീറ്റര്‍ അകലെയാണ് കുളം. ക്ഷേത്രത്തിലെ പൂജാരിമാര്‍ ഭസ്മക്കുളത്തില്‍ മുങ്ങിക്കുളിച്ചാണ് ശാന്തി നടത്തിയിരുന്നത്. ശാന്തിക്കായി ഉപയോഗിച്ചിരുന്ന പാത്രങ്ങളും മറ്റും വൃത്തിയാക്കുന്നതിനു ഭസ്മക്കുളത്തിനു സമീപം പാത്രക്കുളവുമുണ്ട്. നാലുവശവും കല്‍പ്പടവുകളാല്‍ നിര്‍മ്മിതമായതും നടുക്ക് കരിങ്കല്‍ പാകിയതുമാണ് ഭസ്മക്കുളം.


പഴയ ഭസ്മക്കുളത്തില്‍ ഉരക്കുഴി തീര്‍ത്ഥത്തില്‍ നിന്നുമുള്ള ജലമാണ് എത്തിയിരുന്നത്. ഭസ്മക്കുളത്തില്‍ മുങ്ങിക്കുളിച്ച് സന്നിധാനത്ത് ശയനപ്രദിക്ഷിണം നടത്തിയാല്‍ ആഗ്രഹസാഫല്യം ഉണ്ടാകുമെന്നാണ് വിശ്വസിച്ചുപോരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *