‘പൂച്ചെടിയെന്ന സുന്ദരി’യുടെ കൃഷിരീതികള്
നമ്മുടെ നാട്ടിൽ പണ്ട് വഴിയരികിലും ഒഴിഞ്ഞു കിടക്കുന്ന ഭാഗങ്ങളിലും വലിയ വീട്ടുപറമ്പിലും പൂത്ത് നിന്നിരുന്ന നാടൻ ചെടിയായിരുന്നുവല്ലോ പൂച്ചെടി അഥവ ലാന്റ്റാന എന്ന് സായിപ്പന്മാർ വിളിക്കുന്ന സുന്ദരിച്ചെടി. നിത്യപുഷ്പിണിയായ കൊങ്ങിണിച്ചെടിയിൽ നിരവധി ഇനങ്ങൾ ഇന്ന് പ്രചാരത്തിലുണ്ട് . ഉയരം കുറഞ്ഞ് വളരുന്ന, വ്യത്യസ്ത നിറഭേദങ്ങളുള്ള കൊങ്ങിണിച്ചെടികൾ ഇന്ന് ഉദ്യാനത്തിലെ പ്രധാന ഘടകമാണ്. പല സങ്കരയിനങ്ങൾ ഇന്ന് പ്രചാരത്തിലുള്ളതിനാൽ വലിയ പൂന്തോട്ടത്തിന്റെ വേലിയായി പൂച്ചെടിയെ പലരും നട്ടുവരുന്നുണ്ട്. അമേരിക്കയാണ് ഈ ചെടിയുടെ ജന്മസ്ഥലം .
പൂച്ചെടിയുടെ വേരിന് മണ്ണ് ഒലിച്ചു പോവുന്നത് നിയന്ത്രിക്കാൻ പറ്റുന്നതിനാൽ ചെരിവുള്ള ഭാഗത്ത് ഇത് നടാൻ നല്ലതാണ് . ലന്റ്റാന കാമറ ( Lantana camera) എന്ന വിഭാഗത്തിൽപ്പെട്ടതാണ് ഏറെയും പ്രചാരം നേടിയിട്ടുള്ളത്. പുഷ്പങ്ങളുടെ രൂപം ,നിറം, ഇലയുടെയുo പൂക്കളുടെയും വലിപ്പം എന്നിവയിൽ വ്യത്യസ്തതയുള്ളയിനങ്ങൾ കാണുന്നുണ്ട്. പൂച്ചെടിയിൽ പൂവ്, ആദ്യം വിരിയുമ്പോൾ അതിന് മഞ്ഞ നിറമായിരിക്കും. ക്രമേണ ഇത് ഓറഞ്ച് കലർന്ന ചെമപ്പു നിറമാവും .
ചിത്രശലഭങ്ങളുടെ കളിക്കൂട്ടുകാരിയാണ് പൂച്ചെടിയുടെ പ്പൂക്കൾ. ഇതിന്റെ കായ്കൾ മാംസളവും ഉരുണ്ടതുമാണ്. ഉണങ്ങിയാൽ കുരുമുളക് മണി പോലെ തോന്നും. കൊങ്ങിണിച്ചെടിയിൽ നാടൻ തരങ്ങൾക്ക് പ്രത്യേക ഗന്ധമുണ്ട്. തണ്ടിൽ രോമാവൃതമായ ചെറിയ പരുപരുത്ത മുള്ളുകൾ കാണും . പുതിയ യിനങ്ങൾക്ക് ഇവ ഏറെയില്ല. നാടൻ കൊങ്ങിണിച്ചെടി പരമാവധി അഞ്ച് മീറ്റർ വരെ ഉയരത്തിൽ വളരും നല്ല സൂര്യപ്രകാശം തട്ടുന്ന, നല്ല സ്ഥലമാണിതിന് ഉത്തമം. ഭാഗികമായി തണലുള്ള ഭാഗത്തും പൂച്ചെടി പുഷ്പ്പിക്കും.
ചെടിച്ചട്ടിയിലും നേരിട്ട് മണ്ണിലും പൂച്ചെടി കമ്പ് നട്ടുപിടിപ്പിക്കാം. നല്ല നീർവാർച്ചയുള്ള ഭാഗത്താണ് നല്ലത്. രണ്ട് ഭാഗം മണ്ണും, രണ്ട് ഭാഗം മണലും,ഒരു ഭാഗം ഉണങ്ങിയ ചാണകപ്പൊടിയും, അല്ലെങ്കിൽ ഒരു ഭാഗം ഉണങ്ങിയ ഇലപ്പെടിയും ചേർത്തുണ്ടാക്കുന്ന പോട്ടിംഗ് മിശ്രിതം നിറച്ച് കമ്പ് നടണം . വിത്തുപാകിയും കമ്പ് മുറിച്ചുനട്ടും ചെടി വളർത്താം. മിശ്രിതം കുഴിയിലോ, ചട്ടിയിലോ നിറച്ചാണ് നടേണ്ടത്. വരൾച്ചയെ ഒരു പരിധിവരെ ചെറുത്ത് നിന്ന് വളരാൻ പൂച്ചെടിക്കാവും. ഏറെ വളവും, നനയും നൽകിയാൽ പൂച്ചെടി പുഷ്പ്പിക്കൽ കുറക്കും. അതിനാൽ മിതമായി മാത്രമേ നനയും വളവും ചേർക്കാവൂ .
പൂച്ചെടിയിലെ മികച്ച ഇനമാണ് ഫെസ്റ്റിവൽ. ഇതിൽ ചെമപ്പും മഞ്ഞയും പിങ്കും പൂക്കൾ ഇടകലർന്ന നിലയിൽ പിരിയുന്നതും കാണാം. സ്വർണ്ണ മഞ്ഞ നിറത്തിൽ പൂക്കൾ വിരിയിക്കുന്ന ന്യൂഗോൾഡ് നല്ലയിനമാണ് . പൂച്ചെടിയെ ഉദ്യാനത്തിന്റെ വേലിയായും പുൽത്തകിടിയുടെ നടുവിലും റോക്ക് ഗാർഡനിലും ഒക്കെ നട്ടാൽ നല്ല ഭംഗിയായിരിക്കും .
courtesty farming world faisal