നവരാത്രി ; നാലാം ദിനം ദേവി കൂഷ്മാണ്ഡ ഭാവത്തില്‍
നവരാത്രിയുടെ നാലാം ദിവസം ദുര്‍ഗ്ഗാദേവിയുടെ കൂഷ്മാണ്ഡ ഭാവത്തെ ആരാധിക്കുന്നു. സരസ്വതി പൂജയും വിദ്യാരംഭവുമാണ് നവരാത്രി ദിനങ്ങളില്‍ കേരളത്തില്‍ പ്രധാനം. മഹിഷാസുരനെ നിഗ്രഹിക്കാന്‍ പാര്‍വ്വതി, സരസ്വതി, ലക്ഷ്മി എന്നീ ദേവതകള്‍ ചേര്‍ന്ന് ദുര്‍ഗാദേവിയായി രൂപം പൂണ്ട് ഒന്‍പത് ദിവസം വ്രതം അനുഷ്ഠിച്ച് ആയുധപൂജയിലൂടെ ശക്തിയാര്‍ജ്ജിച്ചുവെന്നതാണ് നവരാത്രിയുടെ ഐതിഹ്യമായി പ്രധാനമായും പറയപ്പെടുന്നത്. ശ്രീരാമദേവന്‍ രാവണനെ നിഗ്രഹിച്ചത് നവരാത്രിയുടെ അവസാനത്തെ ദിവസമാണെന്നും ഐതിഹ്യമുണ്ട്.
സൂര്യദേവന്റെ ലോകത്തില്‍ താമസിക്കുന്നവളാണ് കൂഷ്മാണ്ഡ ദേവി. പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കുഷ്മാണ്ഡ ദേവി. കുഷ്മാണ്ഡാദേവി ‘അഷ്ടഭുജ’യാണ്, എട്ടുകൈകള്‍ ഉള്ളവള്‍. ഏഴ് കൈകളില്‍ യഥാക്രമം കമണ്ഡലു, വില്ല്, അസ്ത്രം, കമലം, അമൃതകുംഭം, ചക്രം, ഗദ ഇവ ധരിച്ചിട്ടുണ്ട്. അഷ്ടസിദ്ധികളും നവനിധികളും പ്രദാനം ചെയ്യാന്‍ കഴിവുള്ള ദിവ്യമാലയാണ് എട്ടാം കരത്തില്‍ ധരിച്ചിട്ടുള്ളത്. സിംഹമാണ് ദേവീ വാഹനം.
കൂശ്മാണ്ഡാ ദേവീ അനാഹത ചക്രത്തെ പ്രതിനിധീകരിക്കുന്നു.ശിവ പ്രാപ്തിക്കായി നവരാത്രി നാലാം ദിവസം ചതുര്‍ഥിക്കു കൂശ്മാണ്ഡാ ദേവിയെ അനാഹത ചക്രത്തില്‍ ധ്യാനിക്കുന്നു.നവരാത്രിയിലെ ചതുര്‍ഥിക്കു കൂശ്മാണ്ഡാ ദേവിയെ ആരാധിച്ചാല്‍ ആയുസ്സും, ആരോഗ്യവും,സുപ്രസിദ്ധിയും ലഭിക്കും എന്ന് പറയപ്പെടുന്നു.
ആരാധനാ മന്ത്രം
സുരാസമ്പൂർണക ലശം രുധിരാപ്ലുതമേവ ച
ദധാനാ ഹസ്തപത്മാഭ്യാം കുശ്മാണ്ഡാ ശുഭദാസ്തു മേ