‘സീലാകാന്ത്’ മത്സ്യങ്ങളുടെ മുതുമുത്തശ്ശന്‍
കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്നതും പിന്നീട് വംശനാശം സംഭവിച്ചതുമായ മത്സ്യമാണ് സീലാകാന്ത്. (Coelacanth ). ദിനോസറുകളുടെ കാലഘട്ടത്തിൽ ജീവിച്ചതിനാൽ ഇവയെ ‘ഡൈനോ ഫിഷ് ‘എന്നും വിളിക്കാറുണ്ട്.
ആറര കോടി വർഷം മുമ്പ് സീലകാന്ത് മത്സ്യങ്ങൾ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായെന്നാണ് കരുതുന്നത്.ജീവിക്കുന്ന ഫോസിലുകൾ എന്ന് ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്ന ജീവിവർഗങ്ങളിൽ ഉൾപെട്ട ഇവയ്ക്ക് സാധാരണ മത്സ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി എട്ട് ചിറകുകൾ ആണുള്ളത്.
കാലുകൾക്ക് സമാനമായ നാല് ചിറകുകളുണ്ട്.ഇവയുടെ നീന്തലും നാൽക്കാലികളുടെ ചലനവും തമ്മിൽ ഏറെ സാമ്യമുണ്ടെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.സീലകാന്തുകളുടെ ബന്ധുക്കളിൽ നിന്നാണ് മറ്റ് ഉഭയജീവികൾ പരിണമിച്ചുണ്ടായതെന്ന് ശാസ്ത്രം അനുമാനിക്കുന്നു.
ശരീരഭാരം 80 കിലോഗ്രാം വരുന്ന ഇവയ്ക്ക് രണ്ടു മീറ്ററോളം നീളം ഉണ്ടാകാറുണ്ട്.അത്യന്തം അപകടകരമായ വിധത്തിൽ വംശനാശഭീഷണി നേരിടുകയാണ് സീലകാന്തുകളെന്നും ഇവയെ സംരക്ഷിക്കാന്‍ നടപടി വേണമെന്നും പരിസ്ഥിതി ശാസ്ത്രജ്ഞർ വാദിക്കുന്നു.
ദിനോസറുകളുടെ വംശത്തെ നശിപ്പിച്ച കാലാവസ്ഥാമാറ്റങ്ങൾ ഈ മത്സ്യങ്ങളെയും നശിപ്പിക്കാം എന്നായിരുന്നു നിഗമനം.
എന്നാൽ 1938 ൽ മഡഗാസ്‌കറിന് സമീപത്തുവച്ച് സീലകാന്ത് മത്സ്യങ്ങളെ വീണ്ടും കണ്ടെത്തുന്നതിന് ശാസ്ത്രജ്ഞന്മാർക്ക് സാധിച്ചു . പിന്നീട് 1952 ൽ മറ്റൊരു മത്സ്യത്തെ കൂടി കണ്ടെത്തി.അതിനുശേഷം എട്ടോളം തവണ പലയിടങ്ങളിലായി ഇത്തരം മത്സ്യഇനങ്ങളെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആദിമ മത്സ്യങ്ങൾ ഉണ്ടായത്തു 43.5 കോടി വർഷങ്ങൾക്കു മുമ്പ് സൈലൂറിയൻ കാലഘട്ടം എന്നറിയപ്പെടുന്ന സമയത്താണ്. അതിനു തൊട്ട് പിന്നാലെ, അവയിൽ നിന്ന് പരിണമിച്ചുണ്ടായ ജീവികളാണ് ഡിവോണിയൻ കാലഘട്ടത്തിലെ സീലാകാന്ത് ഓർഡറിലെ പുരാതന ജീവികൾ. ആദ്യകാലത്ത് വളരെ സുലഭമായിരുന്ന ഈ വിഭാഗം ജീവികൾ ക്രമേണ ഫോസിൽ രേഖകളിൽ നിന്ന് അപ്രത്യക്ഷമായി. എന്നാൽ ഫോസിലിൽക്കൂടി മാത്രം അറിഞ്ഞിരുന്ന ഈ ഓർഡറിലെ പുതിയ ഒരു ജീനസും അതിലെ രണ്ട് ആധുനിക സ്പീഷീസുകളെയും പിൽക്കാലത്ത് കണ്ടെത്തിയത് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു.
ഫോസിൽ രേഖകളിൽ നിന്ന് അപ്രത്യക്ഷമായ വംശങ്ങൾ ചിലപ്പോഴൊക്കെ വളരെ ചെറിയ സമൂഹങ്ങളുടെ രൂപത്തിൽ അതിജീവിക്കാം എന്ന് സീലാകാന്ത് തെളിയിക്കുന്നു. അതായത് ഫോസിലുകളിൽ നിന്ന് പരിണാമ ചരിത്രത്തിൻറെ തുടർച്ചയായ ചിത്രം ലഭിക്കാനുള്ള ബുദ്ധിമുട്ടിന് ഉത്തമോദാഹരണം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ പരിണാമത്തെക്കുറിച്ചുള്ള പഠനത്തിൽ സീലകാന്ത് വളരെ പ്രാധാന്യം അർഹിക്കുന്നു.
സീലാകാന്തിന്, പരിണാമശൃംഖലയിൽ, സാധാരണ മത്സ്യങ്ങളോടുള്ളതിനേക്കാൾ കൂടുതൽ ബന്ധമുള്ളത് മനുഷ്യരോടും മറ്റ് കരജീവികളോടും ആണ്. മത്സ്യങ്ങളിൽ ലങ് ഫിഷുകൾക്ക് മാത്രമാണ് സീലാകാന്തിനേക്കാൾ കരയിലെ നാൽക്കാലികളോട് കൂടുതൽ അടുപ്പം ഉള്ളത്.ഇന്ന് സീലകാന്തുകൾ വളരെ കുറച്ചെണ്ണം മാത്രമേ ജീവിച്ചിരിപ്പുള്ളൂ എന്നു കരുതപ്പെടുന്നു. കേവലം 500 എണ്ണം മാത്രം കാണുമെന്നാണ് കണക്കാക്കപ്പെടുന്നത്. കടലിൽ വളരെ ആഴത്തിൽ മാത്രം കാണപ്പെടുന്നതുകൊണ്ട് ഇവയെ കൃത്രിമമായി സംരക്ഷിക്കുക എന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്.
വിവരങ്ങള്‍ക്ക് കടപ്പാട് വിക്കി പീഡിയ, പ്രവീണ്‍ പ്രകാശ്,