ലോകത്തിലെ ഏറ്റവും വലിയ ഗൃഹനാഥന്‍ അന്തരിച്ചു


ഐസോള്‍: ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്‍റെ ഗൃഹനാഥന്‍ സിയോണ ചന(76) ‍ അന്തരിച്ചു. മിസോറം തലസ്ഥാനമായ ഐസ്വോളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് അന്ത്യം. സിയോണയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി സോറാംതാങ്ക ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.


എല്ലാ ഭാര്യമാർക്കും ആൺ മക്കൾക്കും അവരുടെ കുടുംബത്തിനുമൊപ്പം ഒരു വീട്ടിൽ തന്നെയാണ് സിയോണ ചന കഴിഞ്ഞ് വന്നത്. ഇദ്ദേഹത്തിന്‍റെ പെൺമക്കൾ അവരുടെ ഭർത്താക്കന്മാർക്കൊപ്പം അവരവരുടെ വീടുകളിലാണ് കഴിയുന്നത്. 2004ലാണ് സിയോണ ചന അവസാനമായി വിവാഹം ചെയ്തതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


80ൽ അധികം ആളുകളാണ് സിയോണയുടെ വീട്ടിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. നൂറിലേറെ മുറികളുള്ള നാലുനില വീട്ടിലാണ് ഇവർ കഴിയുന്നത്. സിയോണയുടെ മുറിയോടുചേര്‍ന്ന ഡോര്‍മിറ്ററിയിലാണ് ഭാര്യമാരുടെ താമസം. മക്കളും കൊച്ചുമക്കളുമായി പല മുറികളിൽ കഴിയുമ്പോഴും ഇവർക്കെല്ലാവർക്കുമായി ഒരൊറ്റ അടുക്കളയിലാണ് പാചകമെന്നാണ് വാർത്താ ഏജൻസിയായ റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്തെ ചെറിയ സംസ്ഥാനങ്ങളിലൊന്നായ മിസോറാമിലാണ് ‘ലോകത്തിലെ ഏറ്റവും വലിയ കുടുംബവുമായി’ സിയോണ ചന കഴിഞ്ഞിരുന്നത്. 38 ഭാര്യമാരും 89 മക്കളും ഉൾപ്പെടുന്നതാണ് ചനയുടെ കുടുംബം. മിസോറാമിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണവുമായിരുന്നു ബാക്തോങ് തലാങ്‌നുവാമിലെ ഇദ്ദേഹത്തിന്‍റെ കുടുംബം.
ചന പോള്‍ എന്ന ഉപഗോത്രത്തിന്‍റെ തലവനാണ് സിയോണയെന്നാണ് ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നത്. 1942ലാണ് ഈ വിഭാഗം നിലവിൽ വരുന്നത്. 1945 ലാണ് സിയോണയുടെ ജനനം. 38 ഭാര്യമാരുള്ള ഇദ്ദേഹത്തിന്‍റെ ആദ്യ വിവാഹം പതിനേഴാം വയസിലായിരുന്നു. തന്നേക്കാൾ മൂന്ന് വയസ് കൂടുതലുള്ള സ്ത്രീയുമായിട്ടായിരുന്നു ഈ വിവാഹം. പിന്നീട് ഇടവിട്ടുള്ള വർഷങ്ങളിലും സിയോണ വിവാഹിതനാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *