ചകിരിച്ചോര്‍ കമ്പോസ്റ്റിംഗിനെ കുറിച്ചറിയാം



ജൈവകൃഷിയില്‍ വലിയ പ്രാധാന്യമാണ് ചകിരിച്ചോര്‍ കമ്പോസ്റ്റിനുള്ളത്. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും, ഗ്രോ ബാഗ് തയാറാക്കുമ്പോഴും ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത വസ്തുവാണ് ചകിരിച്ചോര്‍ കമ്പോസ്റ്റ്. ചകിരിയില്‍ നിന്ന് ചകിരിനാര് വേര്‍തിരിച്ച ശേഷം മിച്ചം വരുന്ന ചകിരിച്ചോറില്‍ നിന്നും നല്ല കമ്പോസ്റ്റ് വളം നിര്‍മ്മിക്കാം. വീട്ടില്‍ തന്നെ തയ്യാറാക്കുവാന്‍ പറ്റുന്ന ഒന്നാണിത്. ഗ്രോബാഗില്‍ മണ്ണിനൊപ്പം നിറയ്ക്കുന്ന ചകിരിച്ചോറിന് വലിയ ഗുണങ്ങളാണുള്ളത്.
ചകിരിച്ചോറ് നേരിട്ട് ജൈവവളമായി ഉപയോഗിക്കാറില്ല. സൂക്ഷ്മ ജീവികള്‍ക്ക് ഇതിനെ വിഎന്നാല്‍ പ്ലൂറോട്ടസ് സൊജോര്‍-കാജു, ആസ്പര്‍ജില്ലസ്, ട്രൈക്കോഡെര്‍മ മുതലായ കുമികളുകള്‍ക്ക് ചകിരിച്ചോറിനെ എളുപ്പം വിഘടിച്ച് വളമാക്കി മാറ്റാന്‍ കഴിയും. ചകിരിച്ചോറിനെ എളുപ്പത്തില്‍ കമ്പോസ്റ്റാക്കാന്‍ ഉപയോഗിക്കുന്ന വസ്തുവാണ് പിത്ത് പ്ലസ്. ഇതു വിപണിയില്‍ വാങ്ങാന്‍ ലഭിക്കും. ജൈവവളം നിര്‍മിക്കാന്‍ ആവശ്യമായ പൂപ്പല്‍ മിശ്രിതമാണിത്. കയര്‍ ബോര്‍ഡ് ഇതു വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നുണ്ട്.

കമ്പോസ്റ്റ് നിര്‍മിക്കുന്നവിധം

തണലുള്ള സ്ഥലം വേണം കമ്പോസ്റ്റ് നിര്‍മാണത്തിനായി.തറയില്‍,നീളം നമ്മുടെ സ്ഥല ലഭ്യതക്കനുസരിച്ചു തിരഞ്ഞെടുക്കാം. വീതിയും ഉയരവും 1മീറ്റർ ആവണം, ഈ പ്രൊപ്പോഷൻ ആയിരിക്കും വായു സഞ്ചാരം ലഭ്യമാക്കാവുന്ന അളവുകൾ..

ഇതിൽ 10 സെമി കനത്തില്‍ ചകിരിച്ചോര്‍ നിരത്തുക. 400 ഗ്രാം പിത്ത് പ്ലസ് ഇതിനു മുകളിലായി ഒരേ കനത്തില്‍ വിതറുക. അതിനു ശേഷം പഴയപടി 100 കിലോഗ്രാം ചകിരിച്ചോര്‍ പിത്ത് പ്ലസിനു മുകളില്‍ വിതറണം. ഈ ക്രമത്തില്‍ 10 അടുക്ക് ചകിരിച്ചോര്‍ വിതറണം. ഈര്‍പ്പം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളം നനച്ചു കൊടുക്കണം. ചണച്ചാക്ക്, വാഴയില, തെങ്ങോല എന്നിവ കൊണ്ടു പുതയിടുന്നതും ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. 30-40 ദിവസം കൊണ്ടു ചകിരിച്ചോര്‍ കമ്പോസ്റ്റ് ലഭിക്കും. ഒരു ടണ്‍ ചകിരിച്ചോറിയില്‍ നിന്ന് 600 കിലോഗ്രാം കമ്പോസ്റ്റ് ലഭിക്കും. ചകിരിച്ചോറിന്റെ അളവ് കുറച്ച് ഇതേ രീതിയില്‍ നമുക്ക് വീട്ടിലും കമ്പോസ്റ്റ് നിര്‍മിക്കാം.

സംസ്‌കരിച്ചെടുത്ത ചകിരിച്ചോറില്‍ 1.26% നൈട്രജന്‍, 0.06% ഫോസ്ഫറസ്, 1.20% പൊട്ടാഷ് എന്നിവയ്ക്കു പുറമെ ലിഗ്‌നില്‍ 4.80%, സെല്ലുലോസ് 10% എന്നിവ അടങ്ങിയിരിക്കുന്നു. നെല്‍കൃഷി ഏക്കറിന് നാല് ടണ്‍, തെങ്ങിന് 50 കി.ഗ്രാം, കശുമാവിന് 50 കി.ഗ്രാം എന്ന തോതില്‍ ഉപയോഗിക്കാം. മണ്ണിൻ്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും, മണ്ണിളക്കം കൂട്ടുന്നതിനും, വേരുകളുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനും, ഉല്‍പ്പാദനം കൂട്ടുന്നതിനും ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും ഈ കമ്പോസ്റ്റിനു കഴിയും.

ഗുണങ്ങള്‍

ചകിരിച്ചോര്‍ കമ്പോസ്റ്റ് നല്ല ജൈവവളമെന്നതിനു പുറമേ മണ്ണില്‍ വായുസഞ്ചാരം ഉറപ്പാക്കുന്നത്തിനും സഹായിക്കും. മണ്ണിലെ ഈര്‍പ്പനില ഉയര്‍ത്തുകയും ചെടികളുടെ വേരുപടലത്തിൻ്റെ വളര്‍ച്ചയ്ക്കു വേഗം കൂട്ടുകയും ചെയ്യുന്നു. സസ്യമൂലക ആഗിരണശേഷി കൂടുന്നു. വിളവിൻ്റെ അളവും ഗുണവും വര്‍ധിക്കും. ഗ്രോബാഗ്, ചട്ടികള്‍ എന്നിവയുടെ ഭാരം കുറയ്ക്കാനും ചകിരിച്ചോര്‍ കമ്പോസ്റ്റ് ഉപയോഗിക്കുന്നത് സഹായിക്കും.

കടപ്പാട് മെഹർ അൻവർ

Leave a Reply

Your email address will not be published. Required fields are marked *