കോവിഡ്: കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണം

കോവിഡ് രോഗികളില്‍ കുട്ടികളും ഉള്‍പ്പെടുന്ന സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് മെഡിക്കല്‍‌ വിദഗദര്‍ അറിയിച്ചു. കുട്ടികള്‍ വീട്ടില്‍ സുരക്ഷിതരായി കഴിയുക എന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നേരത്തെ തന്നെ നല്‍കിയിട്ടുള്ളതാണ്. പഠനം ഓണ്‍ലൈനായി നടക്കുമ്പോള്‍ യാത്ര, ഷോപ്പിംഗ്, ഗൃഹസന്ദര്‍ശനങ്ങള്‍ എന്നിവയിലൂടെയോ വീട്ടില്‍ പുറത്തുപോയി വരുന്നവരില്‍ നിന്നോ ആയിരിക്കും കുട്ടികള്‍ക്ക് രോഗം പിടിപെടുന്നത് എന്ന് എല്ലാവരും തിരിച്ചറിയണം.

സാധാരണമായി കോവിഡ് 19 കുട്ടികളില്‍ ഗുരുതരരോഗലക്ഷണങ്ങളില്ലാതെ ഭേദമാകും. എന്നാല്‍ കോവിഡ് മൂലം കുട്ടികളില്‍ ഉണ്ടാകുന്ന ഗുരുതരമായ രോഗാവസ്ഥയാണ് മള്‍‍ട്ടിസിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം. കോവിഡ് ഹൃദയം, ശ്വാസകോശം, വൃക്കകള്‍, ദഹനേന്ദ്രിയം, തലച്ചോറ്, രക്തക്കുഴലുകള്‍, ത്വക്ക്, കണ്ണുകള്‍ തുടങ്ങിയ അവയവങ്ങളില്‍ വീക്കമുണ്ടാക്കുകയും ഏത് അവയവത്തെ ബാധിക്കുന്നു എന്നതിനനുസരിച്ച് രോഗലക്ഷങ്ങള്‍ പ്രകടമാക്കുകയും ചെയ്യുന്നു. 24 മണിക്കൂറോ അതില്‍ കൂടുതലോ നീണ്ടു നില്‍ക്കുന്ന പനി, തൊലിപ്പുറത്ത് തടിപ്പുകള്‍, ചുണ്ടിലും നാവിലും ചുവപ്പ്/വീക്കം, വയറുവേദന, ഛര്‍ദ്ദില്‍, വയറിളക്കും, ക്ഷീണം, ചുവന്ന കണ്ണുകള്‍, തലവേദന, മയക്കം, തലയ്ക്ക് ഭാരക്കുറവ്, ലിംഫ് കഴലകളിലെ വീക്കം, കൈകാലുകള്‍ ചുവന്ന്/വീങ്ങി വരുക എന്നീ ലക്ഷണങ്ങള്‍ മര്‍ട്ടിസിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം രോഗാവസ്ഥയില്‍ കണ്ടു വരുന്നു .എഴുന്നേറ്റിരിക്കുവാന്‍ ബുദ്ധിമുട്ട്, ആശയക്കുഴപ്പം/സ്ഥലകാലബോധമില്ലായ്മ തൊലി, ചുണ്ട്, വിരല്‍തുമ്പുകള്‍ എന്നിവ നീലനിറത്തിലോ വിളറുകയോ ചെയ്യുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവ രോഗം അതീവ ഗുരുതരമാകുന്നതിന്‍റെ അപകടസൂചനകളാണ്.

കുട്ടികള്‍ക്ക് പനി, ചുമ, ക്ഷീണം, ഛര്‍ദ്ദി, ശരീരവേദന, മൂക്കടപ്പ്/മൂക്കൊലിപ്പ്, ആഹാരം കഴിക്കാന്‍ താല്‍പര്യമില്ലായ്മ, വയറിളക്കം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടായാല്‍ ഡോക്ടറെ കാണിക്കുക. സ്വയം ചികിത്സ പാടില്ല കുട്ടികളെ പരിചരിക്കുന്നവര്‍ മാസ്ക് ധരിക്കേണ്ടതും കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കേണ്ടതുമാണ്.

പലചരക്ക് കടകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ കുട്ടികളെ കൊണ്ടു പോകുകയോ, സാധനം വാങ്ങാന്‍ അയയ്ക്കുകയോ ചെയ്യരുത്. ഭക്ഷണം, കളിപ്പാട്ടം എന്നിവ പങ്കുവെയ്ക്കരുത്. കുട്ടികളെ ആലിംഗനം ചെയ്യുന്നതും, ചുംബിക്കുന്നതും സുരക്ഷിതമല്ല. അയല്‍പക്ക സന്ദര്‍ശനം/മറ്റ് കുട്ടികളുമായി കൂട്ടംചേര്‍ന്ന് കളിക്കുന്നത് എന്നിവ പാടില്ല. വിവാഹം, മരണം, പൊതു ചടങ്ങുകള്‍ എന്നിവയില്‍ കുട്ടികളെ പങ്കെടുപ്പിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *