കരുത്തുള്ള മുടിക്കും അകാലനരയ്ക്കും പരിഹാരം കറിവേപ്പില
ഭക്ഷണത്തിനു രുചി പകരാൻ മാത്രമല്ല, മുടിയഴക് വർദ്ധിപ്പിക്കാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും ഫലവത്താണ് കറിവേപ്പില. നാടൻ കറിവേപ്പില തന്നെ സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അടുക്കള മുറ്റത്തോ ബാൽക്കണിയിലോ കറിവേപ്പില നട്ടാൽ ആവശ്യത്തിനു ഇല പൊട്ടിച്ചെടുക്കാനാവും. കറിവേപ്പില ഉപയോഗിച്ചുള്ള മുടിയുടെ സൗന്ദര്യ കൂട്ടുകൾ അറിയാം.
കറിവേപ്പിലയും കറ്റാർവാഴയും മിക്‌സിയിൽ ഇട്ട് അടിച്ച ശേഷം ചൂടാക്കിയ വെളിച്ചെണ്ണയിലേയ്ക്ക് ഇട്ട് അരമണിക്കൂർ മൂടി വയ്ക്കുക. ഇരുമ്പു ചട്ടിയിൽ ചെയ്യുന്നതാണ് ഫലപ്രദം. തണുത്ത ശേഷം കുപ്പിയിൽ നിറച്ച് നിത്യവും കുളിക്കുന്നതിനു മുമ്പ് സ്കാൽപ്പിൽ തേച്ചു പിടിപ്പിക്കാം. അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. നല്ല കറുപ്പ് കിട്ടും, കൊഴിച്ചിൽ നിൽക്കും
.
കറിവേപ്പില, ചെറിയ ഉള്ളി, ബ്രഹ്മി എന്നിവയിട്ട് വെളിച്ചെണ്ണ കാച്ചിയെടുക്കാം. ഇത് ആഴ്ചയിൽ ഒരിക്കൽ തേച്ച് കുളിക്കാം. താരനും കൊഴിച്ചിലും അകലും.
കാൽ കപ്പ് കറിവേപ്പില അരച്ചതിൽ രണ്ട് വലിയ സ്പൂൺ തൈര് ചേർത്തു ശിരോചർമ്മത്തിൽ മസാജ് ചെയ്യുക. ഇരുപത് മിനിറ്റ് കഴിഞ്ഞ് ചെറുപയർ പൊടിയോ മൈൽഡ് ഷാംപുവോ തേച്ച് കഴുകി കളയാം. നൈസർഗീകമായി മുടി വളരും. തിളക്കവും നിറവും ലഭിക്കും. ആഴ്ചയിൽ ഒരു ദിവസം ചെയ്യുക.
കറിവേപ്പിലയും (ഒരു കപ്പ് നിറയെ) ഉലുവയും (രണ്ട് ടേബിൾ സ്പൂൺ) മൈലാഞ്ചി ഇലയും (ഇരുപതെണ്ണം) അരലിറ്റർ വെളിച്ചെണ്ണയിൽ കാച്ചിയെടുക്കുക. തണുത്ത ശേഷം അരിച്ചെടുത്ത് കുപ്പിയിലാക്കാം. ഈ എണ്ണ ആഴ്ചയിൽ രണ്ടു ദിവസം ശിരോചർമ്മത്തിൽ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം തല കഴുകാം. മുടിയ്ക്ക് നല്ല കറുപ്പ് നിറവും ആരോഗ്യവും ലഭിക്കും. പുതിയ കരുത്തുള്ള മുടി കിളിർത്തു വരും