ചര്‍മ്മത്തിന്‍റെ പ്രത്യേകതയനുസരിച്ച് ചെയ്യാവുന്ന സ്ക്രബ്ബിംഗ് രീതികള്‍
സൂര്യപ്രകാശം ഏറ്റവും കൂടുതൽ പതിക്കുന്ന ഭാഗമാണ് മുഖം. ചർമ്മത്തിന്റെ സ്വഭാവം അറിഞ്ഞു ശരിയായ രീതിയിൽ പരിചരണം നൽകിയില്ലെങ്കിൽ വളരെ പെട്ടെന്ന് തന്നെ മുഖത്ത് പ്രായം ബാധിക്കാനും മുഖത്തിന്റെ തിളക്കം നഷ്ടപ്പെടാനും സാധ്യതയുണ്ട്. പൊടിപടലങ്ങളിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നും മുഖത്തെ സംരക്ഷിക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില സ്‌ക്രബ്ബിങ് രീതികൾ.
സാധാരണ ചർമ്മം
കഞ്ഞിവെള്ളത്തിൽ ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ പാലും ചേർത്ത് യോജിപ്പിച്ചശേഷം മുഖത്ത് പുരട്ടുക. കുറച്ചു സമയത്തിന് ശേഷം കൈകൾ ഉപയോഗിച്ച് തടവി മെല്ലെ സ്ക്രബ് ചെയ്യാം.മൂന്ന് ടീസ്പൂൺ ബദാം പൗഡർ, മൂന്ന് ടീസ്പൂൺ പാൽപ്പൊടി, രണ്ട് ടീസ്പൂൺ ഉണങ്ങിയ റോസ് ഇല, ബദാം ഓയിൽ എന്നിവ ചേർത്ത് തയ്യാറാക്കിയ മിശ്രിതം ഒരു ഗ്ലാസ്സ് പത്രത്തിൽ സൂക്ഷിച്ച് ആഴ്ചയിൽ ഒരിക്കൽ ഉപയോഗിക്കുക.
എണ്ണമയമുള്ള ചർമ്മം
അരക്കപ്പ് ചെറുപയർ പൊടിച്ചെടുത്ത് അതിൽ ഒരു ടീസ്പൂൺ തൈരും വെള്ളവും ചേർത്ത് പേസ്റ്റ് ഉണ്ടാക്കി കൈകൾ ഉപയോഗിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക . മുഖം സ്ക്രബ് ചെയ്യുക. തണുത്ത വെള്ളത്തിൽ കഴുകുക. സോപ്പ് ഉപയോഗിക്കരുത്.അരക്കപ്പ് പപ്പായ പൾപ്പാക്കി അതിൽ നാരങ്ങനീര് കലർത്തുക.മുഖം ലഘുവായി മസാജ് ചെയ്ത് ഈ പേസ്റ്റ് ഉപയോഗിച്ച് സ്ക്രബ് ചെയ്യുക.
വരണ്ട ചർമ്മം
ഒരുതുള്ളി വിറ്റാമിൻ ഈ ഓയിലും അൽപം നാരങ്ങാനീരും ഒരു തുള്ളി ഗ്ലിസറിനും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. നന്നായി മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.അര ടീസ്പൂൺ ബദാം പൊടി, ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ റോസ് വാട്ടറും ചേർത്ത് മുഖത്തു ഇട്ടശേഷം ഇരുപത് മിനിറ്റ് കഴിഞ്ഞ് നനഞ്ഞ കോട്ടൺപാഡ് ഉപയോഗിച്ച് തുടയ്ക്കുക.
ചർമ്മ സംരക്ഷണത്തിനായി പരീക്ഷണങ്ങൾ നടത്തുമ്പോൾ അത് കൃത്യമായ ഇടവേളകളിൽ തുടർച്ചയായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. എങ്കിൽ മാത്രമേ ശരിയായ രീതിയിൽ ഉള്ള ഫലം ലഭിക്കൂ.