ശാസ്ത്രം അത് രാമനിലൂടെ ആയിരുന്നു
അഖില
ഭാരതീയ ശാസ്ത്രത്തിന്‍റ കീര്‍ത്തി ലോകത്തെ മുഴുവന്‍ അറിയിച്ച ശാസ്ത്രകാരനായിരുന്നു സി.വി. രാമന്‍ എന്ന ചന്ദ്രശേഖര വെങ്കിട്ടരാമൻ . ചിലവ് കുറഞ്ഞ ഉപരണങ്ങള്‍കൊണ്ടും ശാസ്ത്രപരീക്ഷണങ്ങള്‍ നടത്താമെന്നും രാമന്‍ തെളിയിച്ചു. ഇന്ത്യയിലേക്ക് മാത്രമല്ല ഏഷ്യയിലേക്കും ആദ്യമായി ഭൗതിക ശാസ്ത്രത്തില്‍ നോബല്‍സമ്മാനം എത്തിച്ചത് സിവി രാമനായിരുന്നു.
സി.വി രാമൻ 1888 നവംബർ 7 ന് തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ ചന്ദ്രശേഖര അയ്യരുടേയും പാർവതി അമ്മാളുടേയും രണ്ടാമത്തെ മകനായി ജനിച്ചു. ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചതെങ്കിലും ജാതി മത ചടങ്ങുകളിൽ അദ്ദേഹത്തിന് താൽപര്യം ഉണ്ടായിരുന്നില്ല. രാമന്‍റെ വിവാഹവും അക്കാലത്ത് വിപ്ലവം സൃഷ്ടിച്ച ഒന്നായിരുന്നു.പ്രണയ വിവാഹം ആയിരുന്നു രാമന്റെത്. രാമന്‍റെ വിവാഹത്തിന് വീട്ടുകാര്‍ ഉള്‍പ്പടെയുള്ളവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും അദ്ദേഹത്തിന്‍റെ പിതാവിന്‍റെ പിന്തുണയോടുകൂടി ലോകസുന്ദരിയെവിവാഹം ചെയ്തു.
പഠനമേഖലകളിൽ എല്ലാം തന്നെ ഒന്നാം സ്ഥാനം നേടിയാണ് രാമൻ മുന്നോട്ട് പോയത്. പാഠപുസ്തകത്തിന് അപ്പുറത്തുള്ള അറിവ് നേടാന്‍ എന്നും രാമന്‍ താല്‍പര്യം പ്രകടിപ്പിച്ചു. ചെറുപ്പത്തിൽ തന്നെ രാമന് ഭൗതിക ശാസ്ത്രത്തിൽ ഏറെ താൽപര്യം ഉണ്ടായിരുന്നു. അദ്ദേഹം ഒരു ഡൈനാമോ അന്നേ സ്വയം നിർമ്മിച്ചു. ബുദ്ധിശക്തിയിൽ ഉന്നതനിലവാരം പുലർത്തിയെങ്കിലും രാമന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു. പ്രസിഡൻസി കോളേജിൽ ബിരുദ പഠനത്തിന് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥി ആയിരുന്നു അദ്ദേഹം. ശാസ്ത്ര പഠനം തുടരുന്നതിന് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യയിൽ അതിനുള്ള സാഹചര്യം ഇല്ലാത്തതിനാൽ ജ്യേഷ്ഠന്റെ പാത പിന്തുടർന്ന് ഫിനാൻഷ്യൽ സിവിൽ സർവീസിന് ശ്രമിക്കുകയും 1907 ൽ എഫ്.സി.എസ് പരീക്ഷ വിജയിക്കുകയും ചെയ്തു.
അസിസ്റ്റന്റ് അക്കൗണ്ടന്റ് ആയി ജോലിചെയ്യുന്ന സമയത്താണ് ഗവേഷണ പ്രവത്തനങ്ങൾ തുടങ്ങുന്നത്. ജോലിസമയത്തിന് ശേഷം അതിരാവിലെയും രാത്രിയിലുമായി രാ ൻ ഗവേഷണ പ്രവത്തനങ്ങളിൽ ഏർപ്പെട്ടു. അദ്ദേഹം തന്റെ ഗവേഷണ ഫലങ്ങൾ അപ്പപ്പോൾ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. തൽഫലമായി 1912ൽ കർസൺ റിസർച്ച് പ്രൈസും 1913ൽ വുഡ്ബേൺ റിസർച്ച് മെഡലും ലഭിച്ചു. 1917 ൽ സർക്കാർ ഉദ്യോഗം രാജിവെച്ച് കൽക്കത്ത യൂണിവേഴ്സിറ്റി സയൻസ് കോളേജിൽ ഭൗതികശാസ്ത്രവിഭാഗം മേധാവിയായി സ്ഥാനമേറ്റു. അതോടെ ഉദ്യോഗത്തിന്റെ തലവേദനകളില്ലാതെ മുഴുവൻ സമയവും അദ്ദേഹം ഗവേഷണങ്ങൾ നടത്തി. ഒടുവിൽ ഇന്ത്യൻ അസോസിയേഷന്റെ സെക്രട്ടറി ആയി ചുമതലയേറ്റു. 1921ൽ യുറോപ്പിൽ നിന്നുള്ള കപ്പൽ യാത്രയിൽ കടലിന്റെ നീലനിറം നിരീക്ഷിച്ചുകൊണ്ട് ആരംഭിച്ച പ്രകാശപഠനത്തിന്റെ തുടർച്ചയായാണ് 1928 ൽ ” രാമന് പ്രഭാവം” കണ്ടുപിടിക്കുന്നത്. 1930 ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന് അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനായിരുന്നു രാമൻ.
ആരോടും വിട്ടുവീഴ്ച ചെയ്യാത്ത സ്വഭാവം ആയിരുന്നു രാമന്റേത്. അത് കൊൽക്കത്തയിൽ ഒട്ടേറെ ശത്രുക്കളെ ഉണ്ടാക്കി. ഒടുവിൽ കൊൽക്കത്തയുമായുള്ള ബന്ധം തന്നെ പൂർണമായും ഇല്ലാതാക്കുന്ന അവസ്ഥയിലായി. 1933 ൽ കൊൽക്കത്തവിട്ട് ബാംഗ്ലൂരിലേക്ക് രാമൻ ചേക്കേറുമ്പോൾ ഭൗതികശാസ്ത്രഞ്ജൻ സർ എൽ.എൽ ഫെർമോർ ഇങ്ങനെ പറഞ്ഞു ” കൊൽക്കത്തയുടെ നഷ്ടം ബംഗളൂരിന്റെ നേട്ടമാകും. 1930 കളുടെ തുടക്കം വരെ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ബാംഗളൂർ ഇന്ന് ഇന്ത്യയുടെ ശാസ്ത്ര തലസ്ഥാനം എന്നറിയപ്പെടുന്നത് രാമന്റെ സാന്നിധ്യം കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാമന് പ്രഭാവം പ്രസിദ്ധീകരിച്ച 1928 ഫെബ്രുവരി 28 “ദേശീയ ശാസ്ത്ര”ദിനമായി ആചരിക്കുന്നു. സ്വന്തമായി രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ ഗവേഷണ സ്ഥാപനവും സ്ഥാപിച്ചു . മരിക്കുന്നതുവരെ അദ്ദേഹം അതിന്റെ ഡയറക്ടർ ആയി പ്രവർത്തിച്ചു. 1954 ൽ ഭാരതരത്ന പുരസ്കാരവും അദ്ദേഹത്തെത്തേടിയെത്തി. 1970 നവംബർ 21 ന് അദ്ദേഹം ശാസ്ത്ര ലോകത്തോട് വിട പറഞ്ഞു. മരിക്കും വരയും പ്രകൃതി രഹസ്യങ്ങൾ നേടാനുള്ള ജിജ്ഞാസ അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നു.