പത്രങ്ങൾ അണിയുന്ന കുട്ടിക്കലാകാരികൾ!
പത്രങ്ങൾ അണിയുന്ന രണ്ടു കുട്ടിക്കലാകാരികളുണ്ട്. ആരെയും അതിശയിപ്പിക്കുന്ന കരവിരുതാണ് ഇവ൪ പ്രകടിപ്പിക്കുന്നത്. പത്രങ്ങൾ കൊണ്ട് മനോഹര വസ്ത്രങ്ങളുണ്ടാക്കി വ്യത്യസ്‍തരാകുകയാണ് പരപ്പ് പോക്കാട്ട് ബിജു-ബിന്ദു ദമ്പതികളുടെ മക്കളായ ലക്ഷ്മിയും പാർവതിയും.
ഫാഷൻ ഡിസൈനർമാരെ വെല്ലുന്ന തരത്തിലാണ് ഇവർ പത്ര കടലാസുപയോഗിച്ച് വസ്ത്രങ്ങൾ നിർമിച്ചിരിക്കുന്നത്. ലോക് ഡൗണിന്റെ വിരസതയിൽ നിന്നുമാണ് ഈ ആശയം രൂപം കൊണ്ടത്. തയ്യൽ തൊഴിലാളിയായ അമ്മ ബിന്ദു ഉടുപ്പുകൾ നെയ്യുന്നതുകണ്ടാണ് ഈ സഹോദരിമാർ പേപ്പറിൽ പരീക്ഷണം നടത്തിയത്.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ലക്ഷ്മി 40 പത്രങ്ങൾ ഉപയോഗിച്ചും ആറാം ക്ലാസ് വിദ്യാർത്ഥിനിയായ പാർവതി 20 പത്രങ്ങൾ ഉപയോഗിച്ചുമാണ് വസ്ത്രങ്ങൾ നിർമിച്ചത്. ക്രാഫ്റ്റ് വർക്കുകൾ, ഗ്ലാസ് പെയിന്റിംഗ്, നൃത്തം എന്നിവയിലും ഈ സഹോദരിമാർ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഫാഷൻ മേഖലയിൽ കഴിവ് തെളിയിക്കണമെന്ന് ലക്ഷ്മിയും സിനിമാതാരമാകുക എന്നതാണ് ആഗ്രഹമെന്ന് പാർവതിയും പറയുന്നു. സ്വരാജ് സയൺ പബ്ലിക്ക് സ്‌കൂൾ വിദ്യാർത്ഥിനിയായ ലക്ഷ്മിയും മേരികുളം മരിയൻ പബ്ലിക്ക് സ്‌കൂൾ വിദ്യാർത്ഥിനിയായ പാർവതിയും നിമിഷങ്ങൾകൊണ്ടാണ് ഇത്തരത്തിൽ പത്ര കടലാസിൽ വസ്ത്രങ്ങൾ നിർമിക്കുന്നത്.
പത്രങ്ങൾ കൃത്യമായ അളവിൽ മടക്കിയെടുത്ത പശ ഉപയോഗിച്ച് ഒട്ടിച്ചെടുക്കുകയാണ് ചെയ്യന്നത്. ഉടുപ്പിനൊപ്പം കാതിലെ കമ്മലും കയ്യിലെ വളയും മോതിരവും കഴുത്തിലെ മാലയുമെല്ലാം പേപ്പറുകൾ കൊണ്ടാണ് നിർമിക്കുന്നത്. മാതാപിതാക്കൾ പൂർണ പിന്തുണയുമായി ഇരുവർക്കുമൊപ്പമുണ്ട്. പത്ര കടലാസിൽ വ്യസ്ത്യസ്ത ഫാഷനിലുള്ള കൂടുതൽ ഡിസൈനുകൾ നിർമിച്ച് വീണ്ടും വിസ്മയം തീർക്കാനുള്ള ഒരുക്കത്തിലാണ് ഈ സഹോദരിമാർ.