അഴകിന്‍റെ അണിയറയില്‍ ഞങ്ങളുണ്ട്

സിനിമയുടെ വിജയം നിര്‍ണ്ണയിക്കുന്നതില്‍ വസ്ത്രാലങ്കാരത്തിന് നല്ലൊരു പങ്കുണ്ട്. കഥയ്ക്കും കഥാപാത്രത്തിനും അനുയോജ്യമായതരത്തില്‍ കഥാപാത്രരൂപീകരണം നടത്തി സിനിമയ്ക്ക് കൂടുതല്‍ വിശ്വാസ്യത ഉണ്ടാക്കിയെടുക്കുന്നത് വസ്ത്രാലങ്കാരം ചെയ്യുന്നവരാണ്. വസ്ത്രാലങ്കാരവുമായി ബന്ധപ്പെട്ട് ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിജി തോമസ് ,സഖി എല്‍സ, ലിന്‍റ ജിത്തുജോസഫ്, ശ്രേയ അരവിന്ദ്, ധന്യ ബാലകൃഷന്‍ എന്നിവരുമായി കൂട്ടുകാരി നടത്തിയ സംഭാഷണത്തിലേക്ക്…

സിജി തോമസ്

ആമേന്‍ റിലീസായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും കഥയും കഥാപാത്രങ്ങളും മിഴിവോടെ നില്‍ക്കുന്നുണ്ടെങ്കില്‍ കോസ്റ്റ്യൂമിന് നല്ലൊരു പങ്കുണ്ട്. അതിന് പിന്നില്‍ സിജിതോമസ് എന്ന ഡിസൈനറുടെ കരവിരുതാണ്. വൈകി ആരംഭിച്ച കരിയര്‍. രണ്ടാമത്തെ ചിത്രത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ്, 20 അധികം ചിത്രങ്ങളുടെ അനുഭവസമ്പത്ത്

റാങ്കോടെ പാസായി

ബാംഗ്ലൂരിലായിരുന്നു സിജി തോമസും കുടുംബവും തമാസിച്ചിരുന്നത്.മകള്‍ക്ക് ഡ്രസ് ഡിസൈന്‍ ചെയ്യുമായിരുന്നു. പേപ്പര്‍ ദേഹത്ത് വച്ച് അതില്‍ അടയാളപ്പെടുത്തിയാണ് അളവെടുത്തിരുന്നത്. തയ്യല്‍ പഠിച്ചിട്ടില്ല.സ്റ്റിച്ചിംഗ് നോട്ടുകള്‍ മനസ്സിലാക്കിവെച്ച് അതിന്‍റെ അടിസ്ഥാനത്തിലായിരുന്നു മകള്‍ക്കുള്ള കുഞ്ഞുടുപ്പ് ഡിസൈന്‍ ചെയ്തത്. ആദ്യ ശ്രമം ഫ്ലോപ്പായില്ലെന്ന് മാത്രമല്ല കുഞ്ഞുടുപ്പിന് ആവശ്യക്കാരും എത്തി. ഭര്‍ത്താവ് തോമസ് നോബല്‍ കയ്യോടുകൂടി സിജിതോമസിനെ ഫാഷന്‍ ഡിസൈനിംഗ് പഠിക്കാന്‍ വോഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്ക്നോളജിയില്‍ ചേര്‍ത്തു. ഡിസ്റ്റിഗ്‌ഷനും എ പ്ലസ് ഗ്രേഡുമായി ഒന്നാം റാങ്കോടെ തിളങ്ങുന്ന ജയം കരസ്ഥമാക്കി സിജി തോമസ്

അദ്ധ്യാപനം

എന്‍ഐഎഫ്ഡിയിലും ഹൈറ്റ്സ് ഇന്‍സ്റ്റ്യൂട്ടിലും അദ്ധ്യാപികയായി. ആസമയത്ത് തന്‍റെ കരിയര്‍ മെച്ചപ്പെടുത്താനും ആധുനികസാങ്കേതികവിദ്യകള്‍ പരിചയപ്പെടാനും അവ ഉപയോഗപ്പെടുത്തി പുതിയ സൃഷ്ടികള്‍ രൂപകല്‍പനചെയ്തു
ഇന്ത്യന്‍ എയര്‍ലൈന്‍സിനായി യൂണിഫോം രൂപകല്‍പനചെയ്തു.


1999 ൽ കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്‍ ബാംഗ്ലൂർ വിമാനത്താവളത്തിനായി രൂപകല്‍പനചെയ്ത പദ്ധതിയുടെ ഭാഗമായത് സിജിതോമസിന്‍റെ കരിയറിന്‍റെ വഴിത്തിരിവായി. അന്ന് ആ ടീ മിന് നേതൃത്വം നല്‍കിയത് സിജിതോമസ് ആയിരുന്നു. മിസ് ഇന്ത്യ നിഹാരികസിംഗിന് ഗൌണ്‍ രൂപകല്‍പന ചെയ്ത്കൊടുത്തത് സിജിതോമസായിരുന്നു.


പരസ്യരംഗത്ത് സജീവമായപ്പോഴാണ് സിജിതോമസന് സിനിമയിലേക്കുള്ള വഴി തുറന്നത്. ആദ്യ ചിത്രം ക്ലൈമാക്സ്.ആമേനിൽ മികച്ച കോസ്റ്റും ഡിസൈനർ ക്കുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി

ആമേനിലെ പരീക്ഷണം

ചട്ടയും മുണ്ടും ആണല്ലോ ആ ചിത്രത്തിന്‍റെ ഹൈ ലൈറ്റ്. ഇപ്പോഴുള്ള തരത്തിലുള്ള കോസ്റ്റ്യും ചെയ്യാനാണ് നിര്‍ദേശം ഉണ്ടായിരുന്നത്. എന്നാല്‍ ലൊക്കേഷനുമായി കോസ്റ്റ്യും മാച്ചാകുന്നില്ല. പഴമയും ആധുനീകതയും ഉള്‍കൊള്ളിച്ച് കോസ്റ്റ്യും ഡിസൈന്‍ ചെയ്തു. പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്തത് സക്സസ് ആയി. സംവിധായകന്‍ ലിജോ പെല്ലിശ്ശേരിയുടെ പിന്തുണയും കൂട്ടായെന്ന് സിജി

സംവിധായകരായ വേണു, സിബി മലയിൽ, ജോയ് മാത്യു, മധുപാൽ, ലിജോ ജോസ് പെല്ലിശ്ശേരി, മമ്മൂട്ടി, സുഹാസിനി, ബിജു മേനോൻ, ഭാവന, പൃഥ്വി രാജ്, ഫഹദ് ഫാസിൽ, സ്വാതി റെഡ്ഡി, ടോവിനോ തോമസ്, ആസിഫ് അലി തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു.തുടര്‍ച്ചയായി ചിത്രം ഏറ്റെടുക്കാന്‍ സാധിച്ചില്ല. പേരക്കുട്ടിയായി. അങ്ങനെ കുറച്ചു തിരക്കുകള്‍

പുതിയവര്‍ക്കുകള്‍

അഞ്ച് വയസ്സുള്ളൊരു കുട്ടിയാണ് പ്യാലിയിലെ പ്രധാന കഥാപാത്രം. കശ്മീരിൽ കുടുംബ വേരുകളുള്ളൊരു കുട്ടി. പ്യാലി എന്നാണ് അവളുടെ പേര്. അവള്‍ക്കൊരു സഹോദരൻ ഉണ്ട്. പേര് സിയ. ഇവര്‍ തമ്മിലുള്ള സ്നേഹവും ഇവരുടെ ജീവിത്തിലുണ്ടാകുന്ന ചില ആകസ്മിക സംഭവങ്ങളുമൊക്കെയാണ് പ്യാലിയുടെ പ്രമേയം.

കോസ്റ്റ്യൂമിന് വളരെയധികം പ്രാധാന്യം ഉള്ള ചിത്രമാണ് പ്യാലി. നടൻ എൻ.എഫ് വര്‍ഗ്ഗീസിന്‍റെ മകള്‍ സോഫിയ വര്‍ഗ്ഗീസാണ് എൻ.എഫ് വര്‍ഗ്ഗീസ് പിക്ചേഴ്സിന്‍റെ ബാനറിൽ പ്യാലി നിര്‍മ്മിക്കുന്നത്.

സഖി എല്‍സ

ഇലക്ട്ര, ഹേ ജുഡ്,കളിയച്ഛന്‍, ഒരു നാള്‍ വരും, വയലിന്‍, സെക്കന്റ് ഷോ അങ്ങനെ നീളുന്നു സഖി എല്‍സയുടെ കരിയര്‍. ഹേ ജുഡിലെ വസ്ത്രാലങ്കാരത്തിന് സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡും സഖി എല്‍സെയെ തേടിയെത്തി.

കരിയറിലെ വഴിത്തിരിവ്

ടെലിവിഷന്‍ റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ടാണ് ശ്യാമപ്രസാദ് സാറിനെ പരിചയപ്പെടുന്നത്. അങ്ങനെയാണ് എനിക്ക് കേരളകഫേയിലെ ഓഫ് സീസണില്‍ കോസ്റ്റ്യും ചെയ്യാനുള്ള അവസരം കിട്ടിയത്. അദ്ദേഹത്തിന്റെ തന്നെ ഇലക്ട്ര, അരികെ, ആര്‍ട്ടിസ്റ്റ്, എന്നീ സിനിമകള്‍ ചെയ്യാനും സാധിച്ചു.

അവാര്‍ഡ് തിളക്കം

ഇലക്ട്രയ്ക്ക് മികച്ച വസ്ത്രാലങ്കാരത്തിന് ഫെഫ്കയുടെ അവാര്‍ഡ് കിട്ടി. ഇലക്ട്രയും കളിയച്ഛനും നല്ല അഭിപ്രായമാണ് കിട്ടിയത്. പക്ഷെ സംസ്ഥാന ചലച്ചിത്രഅവാര്‍ഡിന് പരിഗണിച്ചില്ല. ഹേ ജുഡും ഈ പറഞ്ഞതുപോലെ വസ്ത്രലങ്കാരത്തിന് മികച്ച സാധ്യതകള്‍ ഉള്ള ചിത്രമായിരുന്നു. അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. ശ്യാമപ്രസാദ് സാറിനൊപ്പമുള്ള സിനിമകളെല്ലാം നല്ലൊരു എക്‌സ്പീരിയന്‍സാണ് തന്നത്. ഫ്രീ മൈന്റോടുകൂടി റിലാക്‌സ് ചെയ്ത് സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ നമുക്ക് വര്‍ക്ക് ചെയ്യാന്‍ സാധിക്കും.

ഡിസൈനര്‍ എന്ന നിലയ്ക്ക് കൂടുതല്‍ തൃപ്തി തോന്നിയ ചിത്രം ഹേ ജുഡ് ആണ്. ശ്യാമപ്രസാദ് സര്‍ തന്ന സപ്പോര്‍ട്ടാണ് ആ ചിത്രത്തിന് എനിക്ക് മികച്ച റിസല്‍ട്ട് നല്‍കാന്‍ കഴിഞ്ഞത്. ഏറെ നാളെത്തെ റിസര്‍ച്ചിനും പഠനത്തിനും ശേഷം വസ്ത്രം ഒരുക്കിയ ചിത്രമാണ് ഹേ ജുഡ്.

അതുപോലെ തന്നെ പഠിച്ച് ചെയ്ത ചിത്രങ്ങളാണ് ഇലക്ട്രയും കളിയച്ഛനും. വയലിനിലെ നിത്യാമേനോന്‍ ധരിച്ച ഗൌണ്‍ ജനശ്രദ്ധ നേടി. വെള്ളിമൂങ്ങയിലെ ഗൗണും ശ്രദ്ധിക്കപ്പെട്ടു. കട്ടപ്പനയിലെ ഒരു പാട്ടു സീനില്‍ പ്രയാഗയിടുന്ന അംബ്രല്ലാ സ്‌കേര്‍ട്ടിലും നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ചു. 12 അടി ചുറ്റളവില്‍ 12 പീസ് ഉപയോഗിച്ചാണ് ആ സ്‌കേര്‍ട്ട് തയ്യാറാക്കിയത്. ശ്യാമപ്രസാദിന്റെ മറ്റൊരു ചിത്രമായ ആര്‍ട്ടിസ്റ്റിലെ കോസ്റ്റ്യൂമിന് സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ലളിതമായ വസ്ത്രങ്ങള്‍ ധരിക്കാനിഷ്ടം

സാധാരണ ധരിക്കാന്‍ കാഷ്വല്‍ ഡ്രസാണ് ഇഷ്ടം. ഡ്രസ് കംഫര്‍ട്ടബിള്‍ ആയാല്‍ മാത്രമേ ചെയ്യുന്ന ജോലിയില്‍ മികവ് പുലര്‍ത്താന്‍ സാധിക്കൂ. ഫാമിലിയുടെയും റിലേറ്റീവ്‌സിന്റെയും വസ്ത്രം ഡിസൈന്‍ ചെയ്യാറില്ല(ചിരിക്കുന്നു). എന്നോട് അഭിപ്രായം ചോദിച്ചാല്‍ ഞാന്‍ പറയും.

താരങ്ങള്‍ അഭിപ്രായം പറയും

താരങ്ങള്‍ വസ്ത്രങ്ങളെക്കുറിച്ച് അഭിപ്രായം പറയും. കൈകടത്തലുകള്‍ ആരും നടത്താറില്ല. ഇലക്ട്രയില്‍ നയന്‍താരയ്ക്ക് വേണ്ടി വസ്ത്രം ഡിസൈന്‍ ചെയ്തു. അവരുടെ ഡ്രസുകള്‍ സ്വന്തം ടെയ്‌ലറെ കൊണ്ട് സ്റ്റിച്ച് ചെയ്യിക്കണമെന്ന നിര്‍ബന്ധമേ നയന്‍താരയ്ക്കുള്ളൂ.

പുതുചിത്രങ്ങള്‍

ദിലീപും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ പിന്നെ യുവതാരങ്ങള്‍ വേഷം കൈകാര്യം ചെയ്യുന്ന ‘തട്ടാശ്ശേരികൂട്ടം’ എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങള്‍.കേശു ഈ വീടിന്റെ നാഥനില്‍ ഉര്‍വശിയുടേത് ശക്തമായ കഥപാത്രമാണ്. മലയാളസിനിമയില്‍ അവരുടെ തിരിച്ചുവരവ് കൂടിയായിരിക്കും ചിത്രം. ദീലീപ് നായകനാകുന്ന ചിത്രത്തില്‍ നായികകഥാപാത്രത്തെയാണ് ഉര്‍വശിചേച്ചി അവതരിപ്പിക്കുന്നത്. ഉറുവശി ചേച്ചി യുടെ കഥാപാത്രങ്ങളെക്കുറിച്ചും വേഷത്തെക്കുറിച്ചും മലയാളികള്‍ക്ക് നല്ല ധാരണയുണ്ട്. ആരാധകരുടെ മനസ്സിലെ അവരുടെ രൂപത്തിന് കോട്ടം വരാതെ ഡിസൈന്‍ ചെയ്യാന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്.

തട്ടാശ്ശേരികൂട്ടത്തില്‍ ഒരു ഗാനത്തിന് ലിറിക്സ് എഴുതിയത് സഖി എല്‍സയാണ്. രണ്ട് ചിത്രങ്ങളും തിയേറ്റര്‍ റിലീസിനാണ് ഒരുങ്ങുന്നത്

ചിത്രങ്ങള്‍

കേരളകഫേ(ശ്യാമപ്രസാദ്) ഒരുനാള്‍വരും(ടി.കെ രാജീവ് കുമാര്‍) ഇലക്ട്ര(ശ്യാമപ്രസാദ്) വയലിന്‍(സിബി മലയില്‍) സെക്കന്റ് ഷോ(ശ്രീനാഥ് രാജേന്ദ്രന്‍) തല്‍സമയം ഒരു പെണ്‍കുട്ടി(ടി.കെ രാജീവ് കുമാര്‍),അരികെ(ശ്യാമപ്രസാദ്) ത്രി ഡോട്ട്‌സ്(സുഗീത്) ക്രൊക്കോഡൈല്‍ലവ് സ്റ്റോറി(അനൂപ് രമേശ്) ആര്‍ട്ടിസ്റ്റ്(ശ്യാമപ്രസാദ്), മാഡ് ഡാഡ്( രേവതി എസ്.വര്‍മ്മ) ജോണ്‍പോള്‍ വാതില്‍ തുറക്കുന്നു( ചന്ദ്രഹാസന്‍), വെള്ളിമുങ്ങ(ജിബു ജേക്കബ്) കെ.എല്‍ 10 (മുഹ്‌സിന്‍ പ്രരാരി), കളിയച്ഛന്‍(ഫറൂഖ് അബ്ദുള്‍ റഹ്മാന്‍), സാല്‍ട്ട് മാംഗോ ട്രീ (രാജേഷ് നായര്‍), കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍(നാദിര്‍ഷാ),ഹേ ജുഡ് (ശ്യാമപ്രസാദ്) വള്ളിക്കുടിലിനെ വള്ളക്കാരന്‍

ലിന്‍റ ജിത്തുജോസഫ്

സംവിധായകന്‍ ജിത്തുജോസഫിന്റെ മറുപാതിയാണ് ലിന്‍റ.ഒരുപിടി നല്ലചിത്രങ്ങളില്‍ കോസ്റ്റ്യും ചെയ്യാനുള്ള അവസരം ലിന്‍റയ്ക്ക് ലഭിച്ചിട്ടുണ്ട്. കരിയറിനെക്കുറിച്ച് ലിന്‍റ മനസ്സുതുറക്കുന്നു.

ആദ്യ എക്‌സിപിരിയന്‍സ്

ഡിറ്റക്ടീവ് ആണ് ജിത്തുവിന്റെ ആദ്യ മൂവി. അതിന്റെ പ്രൊഡ്യൂസര്‍ മഹി തന്നെയാണ് ആ ഫിലിമിന്‍റെ കോസ്റ്റ്യൂം ഡിസൈനര്‍. അദ്ദേഹം പര്‍ച്ചെയ്‌സിന് എന്നെയും കൂടെ കൂട്ടുമായിരുന്നു. ശരിക്കും ഈ ഫീല്‍ഡിലെ ആദ്യ എക്‌സിപീരിയന്‍സ് എനിക്ക് കിട്ടുന്നത് അങ്ങനെയാണ്. ഒരു ഫിലിമിന് വേണ്ടി പര്‍ച്ചെയ്‌സ് ചെയ്യുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസ്സിലായത് അപ്പോഴാണ്. മമ്മി ആന്റ് മീ എന്ന ചിത്രത്തിലും അസിസ്റ്റ് ചെയ്തു.

മൈബോസ് ടേണിംഗ്‌പോയന്‍റ്

മൈബോസില്‍ മംമ്തമോഹന്‍ദാസിന്‍റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ഞാനാണ്. അത് എന്റെ കരിയറിലെ ടേണിംഗ് പോയിന്റ് എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാം.സ്വതന്ത്രമായി മറ്റ് ചിത്രങ്ങള്‍ക്ക് വസ്ത്രാലങ്കാരം ചെയ്യാന്‍ എനിക്ക് ധൈര്യം വന്നത് മൈബോസിലൂടെയാണ്. മൈബോസില്‍ മറ്റ് താരങ്ങളുടെ കോസ്റ്റ്യും ചെയ്തത് അസീസ് പാലക്കാട് ആയിരുന്നു. ആ ചിത്രത്തില്‍ അദ്ദേഹത്തോടൊപ്പം അസിസ്റ്റ് ചെയ്തിരുന്നു.

മെമ്മറീസ് ആദ്യ ചിത്രം

ഇന്‍ഡിപെന്‍ഡന്റ് ആയി കോസ്റ്റ്യും ഡിസൈന്‍ ചെയ്യുന്നത് ജിത്തുവിന്‍റെ തന്നെ മൂവിയായ മെമ്മറീസിന് വേണ്ടിയാണ്. മേഘ്‌നരാജും പൃഥ്വ്വിരാജും മിയയുമാണ് ആ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മറ്റ് സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ടോ

(ചിരിക്കുന്നു) ജിത്തുവിന്‍റെ കൂടെ മാത്രമേ ഞാന്‍ സിനിമകള്‍ ചെയ്തിട്ടുള്ളു. പുറത്തുനിന്നുള്ള സിനിമകള്‍ ചെയ്തില്ല. കുട്ടികളുടെ കാര്യം കൂടെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഞാനും കൂടെ ബിസിയായിപോയാല്‍ അവരുടെ കാര്യം അവതാളത്തിലാകും. . ദൃശ്യം 2 തമിഴിലേക്ക് റിമേക്ക് ചെയ്തപ്പോള്‍ കോസ്റ്റ്യും ചെയ്യാനുള്ള ചാന്‍സ് ലഭിച്ചിരുന്നു. എന്നാല്‍ ആ ഓഫര്‍ വേണ്ടെന്ന് വച്ചു. വീട്ടില്‍ നിന്ന് ഒത്തിരി ദിവസം മാറിനില്‍ക്കേണ്ടി വരും.


മെമ്മറീസ്,ദൃശ്യം,ലൈഫ് ഓഫ് ജോസുകുട്ടി, ഊഴം,മിസ്റ്റര്‍ ആന്റ് മിസ് റൌഡി,റാം, ദൃശ്യം2. ഈ സിനിമയൊക്കെ കോസ്റ്റ്യും ഡിസൈന്‍ ചെയ്തത് ലിന്റയാണ്

മോഹന്‍ലാലിന്റെ കൂടെ മൂന്ന് ചിത്രങ്ങള്‍

അതേ ലാലേട്ടന്റെ കൂടെ മൂന്ന് ഫിലിം ചെയ്തു. ദൃശ്യം,ദൃശ്യം2, റാം ഇവയാണ് ചെയ്തത്. ഒരുപരാതിയും ഇല്ലാത്ത വ്യക്തി. നമുക്ക് കംപ്ലീറ്റ് ഫ്രീഡം തരും.ഡ്രസിന്റെ കളറും നിങ്ങള്‍ തന്നെ സെലക്റ്റ് ചെയ്യുമല്ലൊ എന്ന് ചോദിക്കും.

നാട്ടിന്‍പുറം കഥകളാണല്ലോ ജിത്തുജോസഫിന്റെ ചിത്രങ്ങളെല്ലാം

കോസ്റ്റ്യുമിന് പ്രാധാന്യം നല്‍കുന്ന ഫിലിം ഒന്നും തന്നെ ജിത്തു ചെയ്തിട്ടില്ല. ലൈഫ് ഓഫ് ജോസുകുട്ടിയാണ് പിന്നേം കോസ്റ്റ്യുമിന് പ്രാധാന്യം ഉള്ളത്. ആ ചിത്രത്തില്‍ ഒന്ന് രണ്ട്പാട്ടുകളൊക്കെയുണ്ട്. നാട്ടിന്‍പുറത്തെ കഥകള്‍ വിട്ട് കോസ്റ്റ്യുമിന് പ്രാധാന്യം നല്‍കുന്ന ചിത്രം എടുക്കണമെന്ന് ഞാന്‍ എപ്പോഴും ജിത്തുവിനോട് പറയും.

തൃഷ ഇത്ര സിമ്പിളോ

റാം ല്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മോഹന്‍ലാലും,തൃഷയും ആണ്. തൃഷയാണെന്ന് നായികയെന്ന് കേട്ടപ്പോള്‍ ആദ്യ ചെറിയ ഭയം തോന്നി. തെന്നിന്ത്യന്‍ താരമാണല്ലോ . പക്ഷെ എന്റെ പേടി വെറുതെയായിരുന്നു. താരജാഡ ഒന്നുമില്ലാത്ത സിംപിള്‍ ആയ കുട്ടി. മെഷര്‍മെന്റ്‌സ് കറക്റ്റ് ആയിരിക്കണമെന്നുള്ള നിര്‍ബന്ധം മാത്രമേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളു ബാക്കി ഒക്കെ നമ്മുടെ ഇഷ്ടത്തിന് വിട്ടുതന്നു. തൃഷയുടെ കൂടെ അസിസ്റ്റന്റ് എപ്പോഴും കാണും. അത് ഹെല്‍പിന് മാത്രം ആയിരുന്നു.ഡ്രസ് പര്‍ച്ചെയ്‌സ് ചെയ്തും സ്റ്റിച്ച് ചെയ്തതും ഡിസൈന്‍ ചെയ്തതുമെല്ലാം ഞാന്‍ തന്നെയായിരുന്നു.

ശ്രേയ അരവിന്ദ്

ഉയരെ,വേട്ട, തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങള്‍ ഡിസൈന്‍ ചെയ്തതിന്റെ ക്രെഡിറ്റ് ശ്രേയക്കുണ്ട്.

ഉയരെ

ഉയരെയെന്നല്ല എല്ലാ ചിത്രങ്ങളും ഏറ്റെടുക്കുന്നത് പുതുസിനിമ ചെയ്യുന്ന അതേ ഗൗരവത്തോടെ തന്നെയാണ് .ഉയരെ എന്ന ചിത്രം ഫാമിലി റിലേറ്റഡ് ആണ്. സംവിധായകന്‍ മനുഅശോകന്‍റെ ഭാര്യയാണ് ശ്രേയ

ആസിഡ് അറ്റാക്കിന് മുമ്പുളള പാര്‍വ്വതിയും അതിന് ശേഷമുള്ള പാര്‍വ്വതിയുടെ കഥാപാത്രവും വ്യത്യസ്ഥമാണ്. അത് കുറച്ച് വെല്ലുവിളിയായിയായിരുന്നു. ആസിഡ് ആറ്റാക്കിന് ശേഷവും പാര്‍വ്വതി സുന്ദരിയായിരിക്കണമെന്നും സിനിമാറ്റിക് ആകരുതെന്നും നിര്‍ബന്ധം ഉണ്ടായിരുന്നു

ധാരാളം റിസര്‍ച്ച് ചെയ്താണ് ഡ്രസ് പര്‍ച്ചെയ്‌സ് ചെയ്തതും ഡിസൈന്‍ ചെയ്തതും. അത് തന്നെയാണ് ഉയരെയ്ക്ക് നല്ല ഔട്ട്പുട്ട് കിട്ടിയത്.

ആദ്യ ചിത്രം അസുരവിത്ത്

അസുരവിത്തില്‍ സംവൃതയ്ക്ക് വേണ്ടി കോസ്റ്റ്യും ഡിസൈന്‍ ചെയ്താണ് സിനിമയില്‍ എന്റെ കരിയര്‍ തുടങ്ങുന്നത്. ചിത്രത്തിന്റെ ഡയറക്ടര്‍ എ.കെ സാജനാണ് എന്നെ ചിത്രം ചെയ്യാന്‍ വിളിച്ചത്. സംവൃതയുടെ കോസ്റ്റ്യൂമിന് നല്ല അഭിപ്രായം കിട്ടി. കോസ്റ്റ്യും ഡിസൈനിങ്ങില്‍ ഞാന്‍ ഇതുവരെ അസിസ്റ്റ് ചെയ്തിട്ടില്ല. അത് ഒരിക്കലും ഒരു പോരായ്മയായി അനുഭവപ്പെട്ടിട്ടില്ല. കണ്ടിന്യുറ്റി പുതിയ വിഷയം ആയി തോന്നിയിട്ടുണ്ട്. ആര്‍ട്ടിസ്റ്റിന് കംഫര്‍ട്ടായ രീതിയില്‍ മാത്രമാണ് വസ്ത്രം ഡിസൈന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത്. വിസ്മയ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യം ചെയ്താണ് കരിയറിന്റെ സ്റ്റാര്‍ട്ടിംഗ്. ഫാഷന്‍ഡിസൈനിംഗ് ആറാമതതെ സെമസ്റ്റര്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് എനിക്ക് ഓഫര്‍ കിട്ടിയത്. പരസ്യമാണ് ആദ്യമൊക്കെ ചെയ്ത്‌കൊണ്ടിരുന്നത്.

മഞ്ജുവാര്യര്‍ക്കൊപ്പം

മഞ്ജുചേച്ചി ഭയങ്കര കംഫര്‍ട്ടബിള്‍ ആര്‍ട്ടിസ്റ്റാണ്. ചേച്ചിയുടെകൂടെ വര്‍ക്ക് ചെയ്യണമെന്നുള്ളത് എന്റെ വലിയ ആഗ്രഹമായിരുന്നു. മഞ്ജുചേച്ചി ആ സമയത്ത് തിരിച്ചുവരവ് ഒന്നും അനൗണ്‍സ് ചെയ്തിരുന്നില്ല. സംവിധായകന്‍ രാജേഷേട്ടനൊപ്പം (രാജേഷ് പിളള) വര്‍ക്ക് ചെയ്യണമെന്നതും എനിക്ക് വലിയ ആഗ്രഹമായിരുന്നു.

ഈ രണ്ട് ആഗ്രഹങ്ങളും സാധിച്ച ചിത്രമാണ് വേട്ട. എല്ലാ ടെക്‌നീഷ്യന്‍സിനും അവരുടെതായ സ്‌പെയ്‌സ് കൊടുക്കുന്ന ആര്‍ട്ടിസ്റ്റാണ് മഞ്ജുവാര്യര്‍. വേട്ടയിലെ മഞ്ജുചേച്ചിയുടെ കോസ്റ്റ്യൂം പൊതുജനശ്രദ്ധ നേടിയിരുന്നു. മഞ്ജുവാര്യര്‍ എന്ന വ്യക്തിക്ക് ഇഷ്ടമായില്ലെങ്കിലും കഥാപാത്രത്തിന് വേണ്ടിയാണ് ആ ഡ്രസ് ഡിസൈന്‍ ചെയ്തിട്ടുള്ളതെന്ന് മഞ്ജുചേച്ചിക്ക് അറിയാം.

വേട്ടയില്‍ ചാക്കോച്ചനും ഇന്ദ്രേട്ടന്‍(ഇന്ദ്രജിത്ത്) പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരുന്നത്. സിനിമയുടെ അവസാന ഭാഗങ്ങളില്‍ സാധാരണ കോട്ടണ്‍ഷര്‍ട്ടാണ് ചാക്കോച്ചന് നല്‍കിയത്. കോട്ടണ്‍ ആയാല്‍ കുഴപ്പമുണ്ടോ എന്ന് ചാക്കോച്ചനോട് ഞാന്‍ ചോദിച്ചിരുന്നു. എന്താണ് ക്യാരക്റ്ററിന് ചേരുന്നത് അങ്ങനെ ചെയ്തോളു എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

ഹാപ്പിജേര്‍ണിയില്‍ തുടങ്ങിയ സൗഹൃദം


ഹാപ്പിജേര്‍ണിയില്‍ അപര്‍ണഗോപിനാഥിന്‍റെ ലുക്ക് മാറ്റിയ ക്രെഡിറ്റ് ശ്രേയ അരവിന്ദിനാണ്. ‘ബോയ് കട്ട് അല്ലാത്ത ഹെയര്‍ ആയിരുന്നു. അതിന് അനുസരിച്ചുള്ള ഡ്രസ് ആണ് അപര്‍ണയ്ക്ക് നല്‍കിയത്.

ആ കോസ്റ്റ്യൂമില്‍ അപര്‍ണയും ഹാപ്പിയായിരുന്നു. ഞങ്ങള്‍ തമ്മില്‍ നല്ലൊരു സുഹൃത്ത് ബന്ധം ഉടലെടുത്തു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇടവേളകള്‍ ശരിക്കും ആസ്വദിച്ചു.ഇന്നും ആ ഫ്രണ്ട്ഷിപ്പ് അങ്ങനെതന്നെ തുടരുന്നു’.

ടോവിനോയെ സുന്ദരനാക്കി

ടോവിനൊയുമായി ഡ്രസിംഗിന്റെ കാര്യത്തില്‍ കെമസ്ട്രി വര്‍ക്കൗട്ട് ആകുന്നുണ്ട്.അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

കാണെകാണെയാണ്പുതിയ ചിത്രം.തിയേറ്റര്‍ റിലീസിന് ഒരുങ്ങുന്ന കാണെകാണെയില്‍ ടോവിനോ ആണ് നായകന്‍. മനുഅശോകന്‍റെ ചിത്രം തന്നെയാണ് കാണെകാണെ.സുരാജ് വെഞ്ഞാറന്മൂട്,ഐശ്വര്യ, ശ്രുതി രാമചന്ദ്രന്‍, എന്നിവരാണ് കാണെകാണെയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രങ്ങള്‍: അസുരവിത്ത്, അരികില്‍ ഒരാള്‍, ഹാപ്പി ജേര്‍ണി, സാരഥി, വേട്ട,ഉയരെ,കാണെ കാണെ

ധന്യ ബാലകൃഷ്ണന്‍


കായംകുളം കൊച്ചുണ്ണി,ടേക്ക് ഓഫ്, സഖാവ്, അനുരാഗകരിക്കിന്‍ വെള്ളം തുടങ്ങിയ ചിത്രങ്ങള്‍ ഇത്രമേല്‍ ജനപ്രീയമാകാനുള്ള കാരണം ധന്യ ബാലകൃഷ്ണനെന്ന യുവ ഡിസൈനറുടെ കരവിരുതാണ്.പ്ലസ്ടു കഴിഞ്ഞപ്പോഴേ തന്റെ കരിയര്‍ ഏതാണെന്നുള്ള കാര്യത്തില്‍ ധന്യയ്ക്ക് സംശയം ഒന്നുമുണ്ടായിരുന്നില്ല. ബിരുദം കഴിഞ്ഞ് സെന്റ് തേരേസാസില്‍ ഫാഷന്‍ഡിസൈനിംഗിന് ചേര്‍ന്നു


തന്റെ അദ്ധ്യാപകനും ഡിസൈനറുമായ പ്രവീണ്‍വര്‍മ്മ സാഗര്‍ ഏലിയാസ് ജാക്കിക്ക് അസിസ്റ്റ് ചെയ്യാന്‍ കൂടുന്നോ എന്ന് ചോദിച്ചപ്പോള്‍ മറ്റൊരു മറു ചിന്തയ്ക്ക് ഇടനല്‍കാതെ ഫിലിം ഇന്‍ഡ്രസ്ട്രിയിലേക്ക് ധന്യ ആദ്യ ചുവടുവച്ചു. ബൈ സൈക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിനുവേണ്ടിയാണ് ധന്യ സ്വതന്ത്രമായി ആദ്യം വസ്ത്രാലങ്കാരം ചെയ്യുന്നത്.21ാംനൂറ്റാണ്ട്, കിലോമീറ്റര്‍ ആന്റ് കിലോമീറ്റേഴ്‌സ് എന്നീ ചിത്രങ്ങളുടെ കോസ്റ്റ്യും ഡിസൈന്‍ ചെയ്തതും ധന്യയാണ്

സഖാവ് സമ്മാനിച്ച പിരിയോഡിക്കല്‍ വര്‍ക്ക്

നിവിന്‍പോളി നായകനായ സഖാവിലും വസ്ത്രാലങ്കാരം ചെയ്തത് ധന്യയാണ്. എസ്എഫ്‌ഐ നേതാക്കളായിരുന്നു വസ്ത്രാലങ്കാരത്തിന് ധന്യയുടെ റഫറന്‍സ്.ഓരോ സ്ഥലങ്ങളിലെയും ജനതയ്ക്ക് കളര്‍ തിരഞ്ഞെടുക്കുന്നതിന് അവരുടേതായ അഭിരുചി ഉണ്ട്. തിരുവനന്തപുരത്തെ ആളുകളുടെ ടേസ്റ്റല്ല തൃശ്ശൂരുകാരുടേത്. ഇതില്‍ നിന്നും തികച്ചും വിഭിന്നമായ ടേസ്റ്റായിരിക്കും എറണാകുളം ജില്ലയുടേത്. പീരുമേടിന്‍റെ ഡ്രസിംഗ് സെന്‍സാണ് സഖാവില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്.

രണ്ട് കാലഘട്ടങ്ങളുടെ കഥ പറയുന്ന സഖാവിലെ കഥാപാത്രരൂപീകരണം വെല്ലുവിളിയായിരുന്നെങ്കിലും വിജയകരമായി പൂര്‍ത്തികരിക്കാന്‍ സാധിച്ചു.

1950 തൊട്ട് ഈ വര്‍ഷം വരെയുള്ള കാലമാണ് ഫഹദ് ചിത്രം മാലിക്ക്. ഇത്രയേറെ പീരീഡ്‌സ് കേറിയിറങ്ങുന്നതാണ് ആ പടത്തിന്റെ ചലഞ്ച്. ഈ കാലഘട്ടങ്ങളിലെ ഫാഷനുകള്‍ എല്ലാവര്‍ക്കും അറിയാം. ആസമയം തൊട്ട് ജീവിച്ചിരിക്കുന്നവരാണ് നമ്മളില്‍ പലരും. ചിത്രം കണ്ടുകഴിയുമ്പോള്‍ അവരുടെ ജീവിത കാലഘട്ടമാണെന്നുള്ള തോന്നല്‍ ഉണ്ടാവണം .

തിയേറ്റര്‍ റീലിസിന് ഒരുങ്ങുന്ന മാലിക് ന്‍റെ പോസ്റ്ററുകള്‍ ഇതിനോടകം ജനശ്രദ്ധനേടികഴിഞ്ഞു. ടേക്ക് ഓഫിന് ശേഷം ഫഹദും, സംവിധായകന്‍ മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് മാലിക്. ഫഹദ് അവതരിപ്പിക്കുന്ന സുലൈമാന്‍ എന്ന കഥാപാത്രത്തിന്‍റെ 20 വയസ്സുമുതല്‍ 57 വയസ്സുവരെയുള്ള നാല് കാലഘട്ടങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്.

കായംകുളം കൊച്ചുണ്ണി


കായംകുളം കൊച്ചുണ്ണിയുടെയും,ഇത്തിക്കരപക്കിയുടെയും ലുക്കിന്റെ ക്രെഡിറ്റ് ധന്യയുടെ പോക്കറ്റിലാണുള്ളത്. കഥാപാത്രങ്ങളുടെ എണ്ണം അധികമായ കൊച്ചുണ്ണി എന്ന ചിത്രത്തിന്‍റെ കഥാപാത്രരൂപീകരണം നടത്തുകയെന്നത് ഒരു ഡിസൈനറെ സംബന്ധിച്ച് വെല്ലുവിളിയുള്ള കാര്യമാണ്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ ഫോണ്‍ വിളി വന്നു ധന്യയ്ക്ക്. കായംകുളംകൊച്ചുണ്ണിയെന്ന ചരിത്രസിനിമയുടെ ഭാഗമാകാന്‍ താല്‍പര്യം ഉണ്ടോയെന്നു ചോദിച്ചു. ആദ്യം വിശ്വസിക്കാനായില്ലെന്നും ധന്യ. ടേക്കോഫിലെ വസ്ത്രാലങ്കാരം ഇഷ്ടമായതുകൊണ്ടാണ് കായംകുളം കൊച്ചുണ്ണി ചെയ്യാനുള്ള അവസരം ധന്യയെ തേടിയെത്തിയത്.

ചിത്രത്തിനായി വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി റിസര്‍ച്ച് വിംഗ് തന്നെ ഉണ്ടായിരുന്നു. എന്നാല്‍ അങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ക്കു പുറമെ തന്റേതായ അന്വേഷണങ്ങളും വേണമെന്ന് റോഷന്‍ ആന്‍ഡ്രൂസിന്റെ പ്രത്യേകനിര്‍ദേശം ധന്യയ്ക്ക് ഉണ്ടായിരുന്നു. ആറ് മാസത്തോളം കോസ്റ്റ്യൂമിന് വേണ്ടിയുള്ള റിസര്‍ച്ചിലായിരുന്നു. മ്യൂസിയവും കൊട്ടാരവും ഒക്കെ സന്ദര്‍ശിച്ചു. അവിടെ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊച്ചുണ്ണിയിലെ കഥാപാത്രങ്ങള്‍ക്ക് ആഭരണങ്ങളും വസ്ത്രങ്ങളും ഒരുക്കിയത്.


കൊച്ചുണ്ണിക്കും പക്കിക്കും മുണ്ടും കുപ്പായവും ആണ് ആദ്യം കരുതിയത്. പക്കിയുടെ റോള്‍ ചെയ്യുന്നത് ആരെന്ന് ആദ്യം നിശ്ചയിച്ചിരുന്നില്ല. ലാല്‍ സാര്‍ ആണ് പക്കിയായി എത്തുന്നതെന്ന് അറിഞ്ഞ് പക്കിയുടെരൂപം സ്‌റ്റൈലിഷാക്കി മാറ്റി. പക്കി പല ദേശങ്ങളുടെ സംസ്‌കാരവുംമായി ഇഴുകിചേര്‍ന്ന് നില്‍ക്കുന്നയാളാണ്. അത്തരത്തിലുള്ള കോസ്റ്റ്യൂംമാണ് പക്കിക്ക് നല്‍കിയത്. കൊച്ചുണ്ണിയുടെ വസ്ത്രങ്ങള്‍ക്കും പ്രത്യേകതയുണ്ട്. അയാളുടെ ഉദ്യമത്തിന് ഉതകുന്നതരത്തിലുള്ള വേഷവിധാനമാണ് കൊച്ചുണ്ണിക്ക് നല്‍കിയത്.

ടേക്ക് ഓഫ്

ധന്യയെന്ന കോസ്റ്റ്യും ഡിസൈനറെ സമൂഹം ശ്രദ്ധിച്ചു തുടങ്ങിയത് ടേക്ക് ഓഫ് എന്ന ചിത്രത്തിന് ശേഷമാണ്. കോസ്റ്റ്യൂമിലൂടെ കഥാപാത്രരൂപീകരണം സാധിക്കും എന്ന അദ്ധ്യാപകന്‍ പ്രവീണ്‍വര്‍മ്മയുടെ വാക്കുകള്‍ ശിരസ്സാവഹിച്ച് അതേപോലെ ടേക്കോ ഓഫില്‍ കൊണ്ടുവന്നതാണ് ധന്യയുടെ വിജയം.


പാര്‍വ്വതിയുടെ കഥാപാത്രത്തെക്കുറിച്ച് നന്നായി പഠിച്ചു ധന്യ. പാര്‍വ്വതിയുടെ സൗന്ദര്യം കുറച്ചുകാണിച്ച് 30 വയസ്സിലുള്ള കഷ്ടപ്പാടും ദുരിതവും അനുഭവിക്കുന്ന സ്ത്രീയാക്കി അവതരിപ്പിക്കുകയെന്നുള്ളത് കുറച്ച് വെല്ലുവിളിയായി തോന്നി. ആ പ്രായത്തിലും സാഹചര്യത്തിലും ജീവിക്കുന്ന നഴ്‌സ് എങ്ങനെയുള്ള വസ്ത്രമാണ് ധരിക്കുന്നതെന്നും എത്രനാള്‍ ഉപയോഗിക്കുന്നതെന്നുമായിരുന്നു അത്. കൂടാതെ മറ്റ് കഥാപാത്രങ്ങള്‍ക്കും പട്ടാളക്കാര്‍ക്കും തീവ്രവാദികള്‍ക്കും ഉള്ള വസ്ത്രം തയ്യാറാക്കുന്നതിനും ഇത്തരത്തിലുള്ള പഠനം നടത്തിയെന്ന് ധന്യ.

കൃഷ്ണ അര്‍ജുന്‍

Leave a Reply

Your email address will not be published. Required fields are marked *