ഡോ. എം. എസ് വല്യത്താൻ ഓർമ്മയായി
പരമ്പരാഗതവും ആധുനികവുമായ വൈദ്യശാസ്ത്ര ചികിത്സാ സമ്പ്രദായങ്ങളെ സമന്വയിപ്പിച്ച് മുന്നോട്ടുപോയ ജനകീയ ഭിഷഗ്വരന്‍, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനുംമായ ഡോ. എം.എസ്.വല്യത്താൻ (മാർത്താണ്ഡ വർമ്മ ശങ്കരൻ വല്ല്യത്താൻ ) (90) അന്തരിച്ചു. മണിപ്പാലിലായിരുന്നു അന്ത്യം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടറും മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറുമായി അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠന ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നാണ് എം.എസ്. വല്യത്താൻ എം.ബി.ബി.എസ് നേടിയത്. യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളില്‍ നിന്ന് എം.എസും എഫ്.ആർ.സി.എസും പൂർത്തിയാക്കി. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷൻ ആൻഡ് റിസർച്ചില്‍ (പിജിമർ) ആതുരസേവനം ആരംഭിച്ചു. ഇതിനിടെ, ജോണ്‍ ഹോപ്കിൻസ് അടക്കം ഉന്നത വിദേശ സർവകലാശാലകളില്‍ ഹൃദയ ശസ്ത്രക്രിയയെ കുറിച്ച് ഉന്നതപഠനം നടത്തി.
ആദ്യ ഡയറക്ടറായ എം.എസ്. വല്യത്താൻ ശ്രീചിത്തിര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസിന്‍റെ കാഴ്ചപ്പാട് തന്നെ മാറ്റി. മെഡിക്കല്‍ സാങ്കേതികവിദ്യക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയ അദ്ദേഹം, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഹൃദയ വാല്‍വുകള്‍ ശ്രീചിത്രയില്‍ നിർമിച്ച് കുറഞ്ഞു വിലക്ക് ലഭ്യമാക്കുകയും രക്തബാഗുകള്‍ നിർമിച്ച് വ്യാപകമാക്കുകയും ചെയ്തു.
ശ്രീചിത്തിര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസിലെ സേവനത്തിന് പിന്നാലെ മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറായ എം.എസ്. വല്യത്താൻ ആയുർവേദ ഗവേഷണത്തിലേക്ക് കടന്നു. ആയുർവേദവും അലോപതിയും സമന്വയിപ്പിച്ചുള്ള നിർദേശങ്ങള്‍ നല്‍കി. സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കീഴില്‍ വിവിധ സ്ഥാപനങ്ങളെ ഏകീകരിക്കാനും കോഴിക്കോട്ട് കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ് തുടങ്ങാനും അദ്ദേഹം ശ്രമം നടത്തി. പത്മവിഭൂഷണ്‍ അടക്കമുള്ള ബഹുമതികള്‍ നല്‍കി ആദരിച്ചു.