തിയേറ്ററര്‍ ഉടമകളുടെ വാദം തള്ളി വേഫറർ ഫിലിംസ്; സല്യൂട്ട് ഒടിടിയില്‍ തന്നെ

ദുല്‍ക്കര്‍ സല്‍മാന്‍റെ സല്യൂട്ട് ഒടിടിയില്‍ തന്നെ റിലീസ് ചെയ്യും.സിനിമയുടെ ഒടിടി കരാർ ആണ് ആദ്യം ഒപ്പുവച്ചതെന്ന് ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് വ്യക്തമാക്കി.ഒടിടിയുമായി കരാർ ഒപ്പിടുമ്പോൾ തന്നെ ചിത്രം ഫെബ്രുവരി 14നു മുൻപ് തിയറ്ററിൽ റിലീസ് ചെയ്യാം എന്ന ധാരണയുണ്ടായിരുന്നു. കോവിഡ് മൂലമുണ്ടായ ചില അസൗകര്യങ്ങൾ കാരണം ആ സമയത്ത് തിയറ്ററുകളിൽ എത്തിക്കാൻ കഴിഞ്ഞില്ല. മാർച്ച് 30നു മുൻപ് ചിത്രം ഒടിടിയിൽ എത്തിയില്ലെങ്കിൽ അത് കരാർ ലംഘനവും ആകും. അതുകൊണ്ടാണ് ഇപ്പോൾ ചിത്രം ഒടിടി റിലീസ് ചെയ്യുന്നതെന്ന് വെഫറർ ഫിലിംസിന്റെ വക്താവ് പറയുന്നു. ദുൽഖർ സൽമാനുമായും അദ്ദേഹത്തിന്റെ പ്രൊഡക്‌ഷൻ ഹൗസായ വേഫെറർ ഫിലിംസുമായും സഹകരിക്കില്ലെന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ (ഫിയോക്) തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു വെഫറർ ഫിലിംസ്.


സല്യൂട്ട്’ തിയറ്ററുകളിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയതും ഒപ്പിട്ട കരാർ പാലിക്കാത്തതുമാണ് ദുൽഖറിനെയും വെയ്‌ഫെറർ ഫിലിംസിനെയും വിലക്കാനുള്ള പ്രധാന കാരണമെന്നായിരുന്നു ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ പ്രതികരണം.


‘സല്യൂട്ടിന്’ ഒടിടി കരാർ ആണ് ആദ്യം ഒപ്പുവച്ചത്. ജനുവരിയിൽ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാനും ഒടിടിയുമായി ധാരണയുണ്ടായിരുന്നു. ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യണം എന്നാണ് ഞങ്ങളും ആഗ്രഹിച്ചത്. എന്നാൽ മാർച്ച് 31നകമോ അതിനുമുമ്പോ ഒടിടി പ്ലാറ്റ്‌ഫോമിൽ ചിത്രം എത്തണമെന്ന് ഈ കരാറിൽ ഓൺലൈൻ പ്ലാറ്റ്ഫോമുമായി ധാരണയുണ്ട്. കോവിഡ് രൂക്ഷമായതോടെ പറഞ്ഞ തിയതിൽ ചിത്രം തിയറ്ററിൽ എത്തിക്കാൻ സാധിച്ചില്ല. എന്നാൽ ഒടിടിയുമായി ഒരു കരാർ ഉണ്ടായിരിക്കുകയും അത് പാലിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ, അത് ഞങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന കാര്യമായി മാറും. അതുകൊണ്ട് തന്നെ ഒടിടിയിലൂടെ റിലീസ് ചെയ്യുകയല്ലാതെ മറ്റ് മാർഗമില്ല. അല്ലാത്ത പക്ഷം കരാർ ലംഘനമാകും.’–വേഫ‌റർ ഫിലിംസ് പറയുന്നു.

നവംബർ മുതൽ വേഫറർ ഫിലിംസ് ദുൽഖറിന്റെ കുറുപ്പ്, ഉപചാരപൂർവം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾ തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ഗുണ്ടാ ജയൻ ഫെബ്രുവരി 18 നാണ് റിലീസ് ചെയ്തത്. ഒരേ സമയം രണ്ട് സിനിമകൾ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതിൽ അർഥമില്ല. സല്യൂട്ട്, തുടക്കത്തിൽ ഒടിടികൾക്കായി നിർമിച്ച സിനിമയാണ്. ഞങ്ങൾ ഒടിടി പ്ലാറ്റ്‌ഫോം മനസ്സിൽ വച്ച് തന്നെയാണ് ചിത്രം ഒരുക്കിയത്. ഇതിനിടെ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചപ്പോൾ സന്തോഷത്തോടെ തന്നെ റിലീസ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. കോവിഡ് സാഹചര്യമാണ് കാര്യങ്ങൾ മാറ്റി മറിച്ചതെന്നും വേഫര്‍ വ്യക്തമാക്കുന്നു.കരാറില്‍ പറഞ്ഞ കാലയളവിനുള്ളിൽ സിനിമ തിയറ്ററുകളിൽ ചെയ്തില്ലെങ്കിൽ ഒടിടി റിലീസിന് പോകുമെന്ന് തിയറ്റർ ഉടമകളെ നേരത്തെ തന്നെ അറിയിച്ചിരുന്നതായും ഇവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *