നഷ്ടവസന്തത്തിന്റെ തപ്തനിശ്വാസമേ!

അഭിജിത്ത് ആര്‍ നായര്‍ കിടങ്ങൂര്‍

മുഷിഞ്ഞ ജുബ്ബയും അലസമായ മുടിയിഴകളും വിഷാദം നിഴലിച്ച കണ്ണുകളുമായി ഒ.എൻ.വിയുടെ വരികളും എൻ.ബി ശ്രീനിവാസന്റെയോ ജോൺസൺ മാഷുടെയോ സംഗീതത്തിൽ സ്ക്രീനിലേക്ക് കുടിയേറിയ ചെറുപ്പക്കാരനെ മലയാളം നെഞ്ചോട് ചേർത്തുപിടിച്ചതിന് കാലം സാക്ഷി.’സുഖമോ ദേവി’യിൽ തുടങ്ങിയ സംവിധാനസപര്യയിലും വേണു നാഗവള്ളി മോശമല്ലാത്ത പേരെഴുതിച്ചേർത്തു.

അഗ്നിദേവൻ, ആയിരപ്പറ, കളിപ്പാട്ടം, അയിത്തം, കിഴക്കുണരും പക്ഷി, രക്തസാക്ഷികൾ സിന്ദാബാദ്‌, ലാൽ സലാം, സർവകലാശാല, ഏയ് ഓട്ടോ തുടങ്ങിയ ചിത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ സംവിധാനമികവിനു തെളിവുകളാണ്. വേണു നാഗവള്ളിയുടെ തിരക്കഥകളും നിലവാരം പുലർത്തുന്നവയാണ്. അതിലുപരി ശില്പഭദ്രത നിലനിർത്തിക്കൊണ്ട് സീനുകൾ കോർത്തെടുക്കുന്നതിലും വേണു നാടവള്ളി ടച്ചുണ്ട്. തന്റേതന്നെ തിരക്കഥകൾ അദ്ദേഹം സംവിധാനം ചെയ്തു.

മലയാളി ഹൃദയങ്ങളിൽ കൂടുകൂട്ടിയ വേണു നാഗവള്ളി സ്വന്തം ജീവിതംകൊണ്ട് പണിത ‘സുഖമോ ദേവി’യും ‘സർവകലാശാല’യും പ്രണയത്തിന്റെയും കാമ്പസ്സിന്റെയും മികച്ച ഗൃഹാതുരപാഠങ്ങളാണ്. ‘ലാൽ സലാം’ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു കാലത്തെ നയവ്യതിയാനങ്ങളുടെയും അതു വ്യക്തികളുടെ മനസ്സിൽ സൃഷ്ടിച്ച അനുരണനങ്ങളുടെയും കഥ പറഞ്ഞ ഉജ്ജ്വല വീരഗാഥയും. ‘അഹം’, ‘അർത്ഥം’ എന്നീ തിരക്കഥകൾ മലയാളി മധ്യവർഗ ദാമ്പത്യത്തിന്റെ പ്രതിസന്ധി ആവിഷ്കരിച്ച മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളും. ‘ഏയ് ഓട്ടോ’യും ‘കിലുക്ക’വും ഉൾപ്പെടെ ജനപ്രീയ നേടിയ തിരക്കഥകളിലൂടെ തനിക്ക് ഹാസ്യവും വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. വേണു നാഗവള്ളി എന്ന വിഷാദനായകൻ വിടവാങ്ങിയപ്പോൾ മലയാളസിനിമയ്ക്ക് നഷ്ടമായത് വലിയൊരു ലോകം… വലിയൊരു കാലം…

Leave a Reply

Your email address will not be published. Required fields are marked *