ഹാങ്ങിങ് പ്ലാന്‍റ് ഫ്ളയിം വയലറ്റിന്‍റെ പരിചരണരീതി അറിയാം
ഫ്ളയിം വയലറ്റിന്റെ ഇലകളും പൂക്കളും ഒരുപോലെ ആകർഷകമാണ്. പച്ച, ചുവപ്പ് കലർന്ന പച്ച, എന്നിങ്ങനെയുള്ള നിറങ്ങളിൽ തിളങ്ങുന്ന ഇലച്ചാർത്താണ് എപ്പീസിയക്കുള്ളത്. ഓറഞ്ച് കലർന്ന ചുവന്ന നിറത്തിലും പിങ്ക്, മഞ്ഞ, വെള്ള എന്നീ നിറങ്ങളിലുമുള്ള എപ്പീസിയപ്പൂക്കളുണ്ട്. നമ്മുടെ നാട്ടിൽ സാധാരണയായി ചുവപ്പ്, പിങ്ക് എന്നീ നിറങ്ങളിലുള്ള പൂക്കൾ കാണാം.
കുറഞ്ഞ പരിപാലനം മാത്രം ആവശ്യമുള്ളതും വളരെ വേഗം വളരുന്നതും ധാരാളമായി പുഷ്പിക്കുന്നതുമായ എപ്പീസിയ ചെടികൾ ഒരുഗ്രൻ ഗ്രൗണ്ട് കവറാണ്. നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ലാത്ത ഫ്ലെയിം വയലറ്റ് ചെറിയ തണലിലും നന്നായി വളരുകയും പൂക്കുകയും ചെയ്യും. വൃക്ഷച്ചുവട്ടിലും ഉയർന്നു വളരുന്ന ചെടികളുടെ ചുവട്ടിലുമെല്ലാം ഇവ നട്ടുവളർത്താം.
പുഷ്പിക്കുന്ന ഹാങ്ങിങ് ചെടികളിൽ ഏറ്റവും അഴകുള്ള സസ്യങ്ങളിലൊന്നാണ് ഫ്ലെയിം വയലറ്റ്. ഈ ചെടിയുടെ കായിക പ്രവർദ്ധനത്തിനുപയോഗിക്കുന്ന പുതു വളർച്ചകളായ സ്റ്റോളൻ ചെടിയിൽ നിന്നും തൊങ്ങലുകൾ പോലെ തൂങ്ങി വളരുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്.
പരിപാലനം
അധികം ശ്രദ്ധ ആവശ്യമില്ലാത്ത ചെടികളിലൊന്നാണ് ഫ്ലെയിം വയലറ്റ്. ഹാങ്ങിങ് ചട്ടികളിൽ വളർത്തുമ്പോൾ ചട്ടിയിൽ കൃത്യമായ നീർവാർച്ച ഉറപ്പുവരുത്തണം. മണ്ണ്, മണൽ, ചാണകം അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത മിശ്രിതത്തിൽ എപ്പീസിയ നട്ടുവളർത്താം. ചട്ടിയുടെ ചുവട്ടിൽ ചെറിയ ഓടിൻ കഷണങ്ങൾ, കരിക്കട്ടകൾ എന്നിവ ഇടുന്നത് നീർവാർച്ച കൂട്ടുന്നതിന് നല്ലതാണ്, ശക്തമായ വെയിൽ ചെടിയെ ദോഷകരമായി ബാധിക്കും. അതിനാൽ 50 ശതമാനം തണലുള്ള ഇടങ്ങളിൽ വളർത്തുന്നതാണ് ഏറ്റവും നല്ലത്. കൃത്യമായി നന നൽകാൻ ശ്രദ്ധിക്കണം. കാര്യമായ വളപ്രയോഗമൊന്നും ആവശ്യമില്ലെങ്കിലും മാസത്തിലൊരിക്കൽ ചെടിച്ചുവട്ടിൽ അല്പം കമ്പോസ്റ്റോ മറ്റു ജൈവവളങ്ങളോ ചേർത്ത് കൊടുക്കുന്നത് നല്ലതാണ്.
ചെടികളിൽ നിന്നും നീണ്ട തണ്ടുകൾ വളർന്നുവരികയും അവയുടെ അറ്റത്ത് പുതിയ ഇലകളും പൂക്കളും രൂപപ്പെടുകയും ചെയ്യും. ഇതിനെയാണ് സ്റ്റോളൻ എന്ന് വിളിക്കുന്നത്. ഇത്തരം സ്റ്റോളനുകൾ നട്ട് പുതിയ തൈകൾ വളരെ വേഗത്തിൽ ഉൽപാദിപ്പിക്കാം. ഇത്രയും കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ തന്നെ ഫ്ളയിം വയലറ്റ് ചെടികൾ അതിമനോഹരമായി ആർക്കും വളർത്തിയെടുക്കാം.
വിവരങ്ങള്‍ക്ക് കടപ്പാട്: ഫൈസല്‍ കളത്തില്‍ പറമ്പില്‍