‘ശകുനി’ ഇനി ഓര്‍മ്മ


മഹാഭാരതം ടെലിവിഷൻ പരമ്പരയിലൂടെ ശകുനിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ലക്ഷങ്ങളെ കീഴടക്കിയ ഗുഫി പെയിന്റൽ(79) അന്തരിച്ചു. മഹാഭാരതത്തിന്റെ കാസ്റ്റിംങ് സംവിധായകൻ കൂടിയായിരുന്നു അദ്ദേഹം.വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.


1944 ഒക്ടോബർ 4 ന് പഞ്ചാബിലാണ് ഗുഫി പെയിന്റൽ ജനിച്ചത്. പ്രശസ്ത ഹാസ്യനടനും സ്വഭാവ നടനുമായ പെയ്ന്റലിന്റെ മൂത്ത സഹോദരനാണ്. എഞ്ചിനീയറിങ്ങിൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് വിനോദരംഗത്തേക്ക് തിരിയുന്നത്. മുംബൈയിലെത്തിയ ശേഷം മോഡലിംങ് രംഗത്ത് പ്രവർത്തിച്ചു.


1975 ൽ പുറത്തിറങ്ങിയ റാഫൂ ചക്കർ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ദില്ലഗി, ദേശ് പർദേശ്, സുഹാഗ്, ദാവാ, ഖൂം, സമ്രാട്ട് ആന്റ് കോ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 1986 ൽ ദൂരദർശന്റെ ബഹാദൂർ ഷാ എന്ന പരമ്പരയിലൂടെയാണ് ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ബി.ആർ ചോപ്ര നിർമിച്ച മഹാഭാരതിൽ ശകുനിയായി വേഷമിട്ടു. നിതീഷ് ഭരദ്വാജ്, മുകേഷ് ഖന്ന, രൂപ ഗാംഗുലി എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മഹാഭാരതം വലിയ ജനപ്രീതി നേടിയതോടെ ഗുഫി പെയിന്റലിന്റെ ശകുനി വേഷവും ശ്രദ്ധേയമായി. ഈ കഥാപാത്രം ഒട്ടേറെ ആരാധകരെയാണ് അദ്ദേഹത്തിന് നേടിക്കൊടുത്തത്. തുടർന്ന് കാനൂൻ, സൗദ, ഓം നമ ശിവായ, സിഐഡി, കരൺ സംഗിനി, ഭാരത് കാ വീർ പുത്ര- മഹാറാണ പ്രതാപ്, രാധാകൃഷ്ണ, ജയ് കന്യ ലാൽ കി തുടങ്ങിയ പരമ്പരകളിലും വേഷമിട്ടു.

courtesy

Leave a Reply

Your email address will not be published. Required fields are marked *