അലങ്കാര പൊയ്കയ്ക്ക് മാറ്റുകൂട്ടാന്‍ വാട്ടര്‍ പോപ്പി
പൂന്തോട്ടത്തിലെന്നപോലെ ഉദ്യാനപ്പൊയ്കയുടെ മോടിക്ക് മാറ്റു കൂട്ടാന്‍ താമരയും ആമ്പലും കൂടാതെ മറ്റു പലതരം പൂവിടും ജലസസ്യങ്ങള്‍ ഇന്നു ലഭ്യമാണ്. വാട്ടര്‍ ഗാര്ഡന് ഒരുക്കാന്‍ ഡബിള്‍ ഫ്ലവറിങ് ആരോ ഹെഡ്, മെക്സിക്കന്‍ സ്വാര്‍ഡ്, വാട്ടര്‍ പോപ്പി, വാട്ടര്‍ മൊസൈക് പ്ലാന്റ്, നെയ്യാമ്പല്‍, യെല്ലോ വാട്ടര്‍ ലില്ലി എന്നിവയെല്ലാം തിരഞ്ഞെടുക്കാം. നമ്മുടെ കാലാവസ്ഥയില്‍ നേരിട്ടു വെയില് കിട്ടുന്നിടത്ത് ഇവയെല്ലാം യഥേഷ്ടം പുഷ്പിക്കും.
വാട്ടര്‍ പോപ്പി
മഞ്ഞ കുട നിവര്‍ത്തിയപോലെ നില്ക്കുന്ന വാട്ടര്‍ പോപ്പി കാണാന്‍ നല്ല ശേലാണ്. പോപ്പിപ്പൂവിന്റെ ആകൃതിയുള്ള ചെറിയ മഞ്ഞപ്പൂക്കള്‍. മൂന്ന് ഇതളുകളോടുകൂടിയ പൂവിന്റെ നടുവില്‍ തവിട്ടുനിറത്തിലുള്ള കേസരങ്ങള്‍. കുത്തനെ നിവര്‍ന്നു നില്ക്കുന്ന പൂക്കള്‍ ഒറ്റയായാണ് ചെടിയില്‍ കാണുക. കാലവ്യത്യാസമില്ലാതെ സമൃദ്ധമായി പുഷ്പിക്കുന്ന പ്രകൃതം. പൂക്കള്‍ക്ക് അനുകൂല കാലാവസ്ഥയില്‍ ഒന്നുരണ്ട് ദിവസത്തെ ആയുസ്സേയുള്ളൂ.
മെഴുകിന്റെ ആ വരണമുള്ള ഇലകള്‍ക്ക് വൃത്താകൃതിയാണ്. ഇവ തിങ്ങിനിറഞ്ഞാണ് ജലപ്പരപ്പില്‍ ഉണ്ടായിവരിക. ഒറ്റ നോട്ടത്തില്‍ ആമ്പലുമായി നല്ല രൂപസാദൃശ്യമുണ്ട്. ആഴം കുറഞ്ഞ ജലസംഭരണിയിലും ഇവ പരിപാലിക്കാന്‍ പറ്റും. വള്ളിപോലുള്ള തണ്ടുപയോഗിച്ചു ചെടി വേഗത്തില്‍ പടര്‍ന്നു വളരും. തണ്ടിന്റെ മുട്ടുകളില്‍നിന്നാണ് വേരുകളോടുകൂടിയ തൈകള്‍ ഉണ്ടായിവരിക. ആവശ്യത്തിന് വലുപ്പമായ തൈ വേര്‍പെടുത്തിയെടുത്ത് നടാം. പാതി തണല്‍ കിട്ടുന്ന വരാന്ത, ബാല്‍ക്കണി ഇവിടെയെല്ലാം ചെടി നന്നായി പുഷ്പിക്കും.
പ്ലാസ്റ്റിക് ബേസിനുകളിലും ഇവയെ പരിപാലിക്കാം. ഇങ്ങനെ പരിപാലിക്കുമ്പോള്‍ കൊതുക് മുട്ടയിട്ടു പെരുകാതിരിക്കാന്‍ ഗപ്പിമത്സ്യത്തെക്കൂടി ബേസിനില്‍ വളര്‍ത്തുന്നതു കൊള്ളാം. ഉദ്യാനപ്പൊയ്കയില് മുഴുവനായി മിശ്രിതം നിറച്ച് ചെടികള്‍ നടുന്നതിനു പകരം ചെടികള്‍ നട്ട ബേസിനുകള്‍ ജലാശയത്തില്‍ ഇറക്കിവയ്ക്കുന്ന രീതി അവലംബിക്കാം. ഇവ നന്നായി വളരാനും പൂവിടാനും ചാണകപ്പൊടിയും വേപ്പിന്‍പിണ്ണാക്കുംപോലുള്ള ജൈവ വളങ്ങളാണ് കൂടുതല്‍ നല്ലത്. വളം അധികമായാല്‍ പായല്‍ (ആല്‍ഗ) ഉണ്ടായി വെള്ളം മലിനമാകാനിടയുള്ളതുകൊണ്ട് ആവശ്യാനുസരണം മാത്രം നല്‍കുക. രോഗ, കീടശല്യം താരതമ്യേന കുറവുള്ള ഈ ജലസസ്യങ്ങള്ക്കെല്ലാം ലളിതമായ പരിപാലനം മതി.
ഈ സസ്യം നന്നായി പൂവിടാന്‍ രാവിലത്തെ വെയിലാണ് ഉചിതം. പൂമൊട്ടില്‍ സൂര്യപ്രകാശം രാവിലെ വീഴുമ്പോഴാണ് പൂ വിരിയുക. ചൂടു കൂടിയ പടിഞ്ഞാറന്‍ വെയിലില്‍ ഇലകള്‍ പൊള്ളാനിടയുണ്ട്. മനോഹരമായ പൂക്കള്‍ വിടരുന്ന ഈ സസ്യം ജലാശയത്തിലെ മാലിന്യം ആഗിരണം ചെയ്ത് വളര്‍ച്ചയ്ക്കായി ഉപയോഗിക്കുക വഴി ജലം ശുദ്ധിയാക്കുന്നു. സൂര്യപ്രകാശം നേരിട്ടു ജലത്തില്‍ പതിക്കുന്നതു തടഞ്ഞ് പായല്‍(ആല്‍ഗ) വളര്‍ന്നു വെള്ളം മോശമാകുന്നത് ഒഴിവാക്കാനും ഈ ജലസസ്യം സഹായിക്കുന്നു.