ഹാര്‍ട്ട് ലീഫ് ഹോയ നടീലും പരിചരണവും
ഒറ്റനോട്ടത്തിൽ നിറംകൊണ്ടും മിനുപ്പുകൊണ്ടും പ്ലാസ്റ്റിക് പൂക്കളെന്നു തോന്നിക്കുന്ന ചില വള്ളിച്ചെടികളുണ്ട് മ്യാൻമാർ, സിക്കിം, തായ്‌ലാൻഡ്, വടക്കുകിഴക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിറച്ചും ഉണ്ടാകുന്ന ഇത്തരം ചെടികൾ മഴക്കാലത്തിനും ശേഷം നമ്മുടെ നാട്ടിലും പുഷ്പിക്കും.
വള്ളിയും ഇലയും മുറിച്ചുനട്ട് മനോഹരമായ പൂക്കളുണ്ടാക്കുന്ന വള്ളികൾ നമ്മുടെ പൂന്തോട്ടങ്ങളിലും അതിഥിയായി എത്താൻ തുടങ്ങിയിരിക്കുന്നു. പാതി തണലത്തും നന്നായി പുഷ്പിക്കുന്ന വാക്‌സ് പ്ലാന്റുകളാണ് പൂന്തോട്ടങ്ങളിലെ പുത്തൻ താരങ്ങൾ. വള്ളികളിൽ നിറച്ചും മനോഹരമായ നക്ഷത്രങ്ങൾ നിറഞ്ഞുനിൽക്കുന്ന ബോളു പോലെയാണ് ചെടികളുടെ കുലകൾ. ഇലകൾ തടിച്ചതും ധാരാളം വെള്ളം ശേഖരിച്ചുവെക്കുന്നതുമായിരിക്കും. രാത്രികാലങ്ങളിലാണ് ഇവയുടെ പൂക്കൾ വിടരുന്നത്. ചിലയിനം പൂക്കൾക്കു മാത്രം നേർത്ത സുഗന്ധമുണ്ടാകും. ചുവപ്പും വെളുപ്പും പർപ്പിളും വെള്ളയും മഞ്ഞയും റോസുമെല്ലാം നിറഞ്ഞതായിരിക്കും പൂങ്കുലകൾ പല തരത്തിലും കാണപ്പെടുന്ന ഇവയിൽ പ്രധാനപ്പെട്ടത് ഹോയ, കർ എന്നയിനങ്ങളാണ്.
ഹോയ
സ്വാഭാവികമായി വളർന്ന് ധാരാളം ശാഖകൾ ഉണ്ടാകുന്ന ഒരു വാക്‌സ് ഇനം ചെടിയാണ് ഹോയ തണ്ടുകളുടെ മുട്ടിൽനിന്ന് വളർന്നുവരുന്ന വെള്ളനിറത്തിലുള്ള വേരുകളാണ് താങ്ങായി മാറുക. ഹാർട്ട്‌ലീഫിങ്് ഹോയയുടെ ഒരു വർഷമെങ്കിലും പ്രായമായ ഇലകളാണ് നട്ടുവളർത്തുക. കർ പൂക്കളിൽ നല്ല നക്ഷത്രാങ്കിതമായ പൂക്കൾ ബോളുപോലെ തൂങ്ങിക്കിടക്കും വെള്ളയുടെ മുകളിൽ ചുവന്നനക്ഷത്രവും അതിനു നടുവിൽ സ്വർണനിറത്തിലുള്ളപൊട്ടും കാണാം. ഹോയ ച്ചെടിയുടെ പൂക്കൾ മഞ്ഞയും വെള്ളയും ചുവപ്പും കലർന്നതരത്തിൽ ഉരുണ്ടപൂക്കളാണ് ഉണ്ടാവുക.
ഹാർട്ട് ലീഫ് ഹോയകൾ
വാലന്റൈൻ ദിനത്തിൽ ആശംസകൾ അർപ്പിക്കാൻ ഉപയോഗിക്കുന്ന ഹൃദയത്തിന്റെ ആകൃതിയുള്ള വാടാത്ത ഇലകളാണിവ. മഞ്ഞനിറം കയറാത്ത ഹാർട്ട് ആകൃതിയുള്ള ഇലകൾ വേരുപിടിപ്പിച്ചാണ് ഇതിന് ഉപയോഗിക്കുന്നത്. കുറഞ്ഞത് ഒരു വർഷമെങ്കിലും മൂപ്പുള്ള ചെടിയിലെ ഇലകൾ അടർത്തി കറ കളഞ്ഞതിനുശേഷം പോട്ടിങ് മിശ്രിതം നിറച്ച വെള്ളം ഒഴിഞ്ഞുപോകാൻ സുഷിരങ്ങളുള്ള കപ്പിലോ ഗ്ലാസിലോ നട്ട് വേരു പിടിപ്പിച്ചെടുക്കാം അതിൽ സന്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവ ആലേഖനം ചെയ്യാം. ചെറുതായി നന നൽകി പരിചരിച്ചാൽ വർഷങ്ങളോളം ഇത് ജീവസുറ്റു നിൽക്കും. മാത്രമല്ല അതിന്റെ ചുവട്ടിൽനിന്ന് പുതിയതൈകളും മുളച്ചുവരും.നമ്മുടെ പൂന്തോട്ടം മെഴുകുപൂക്കളെക്കൊണ്ട് വർണാഭമാക്കാം.
നടുന്നത് എങ്ങനെ
മെഴുകുചെടികളുടെ നടുന്നത് തണ്ടുകളും ഇലകളും മുറിച്ചുനട്ടാണ്. ഇലകൾ അലങ്കാരച്ചെടിയായി ഉപയോഗിക്കുന്ന ഹാർട്ട്‌ലീഫ് ഹോയയുടെ ഇലയാണ് നട്ടുപിടിപ്പിക്കാറ്. മറ്റിനങ്ങളുടെ തണ്ടുകൾ മുറിച്ച് നട്ട് വേരുപിടിപ്പിച്ചാണ് നടീൽ വസ്തുക്കളാക്കാറ്. അടുത്തടുത്ത് രണ്ടുമുട്ടുകളുള്ള ഇലയോടുകൂടിയഭാഗമാണ് നടീൽവസ്തു. മണ്ണിരക്കമ്പോസ്റ്റ്, ചകിരിച്ചോറ് അല്ലെങ്കിൽ മണൽ ചാണകപ്പൊടി എന്നിവയുടെ മിശ്രിതവും അല്പം ചുവന്ന മണ്ണും മിശ്രിതമാക്കി പോളിത്തീൻ കവറിൽ നിറച്ച് നടാം. നടുന്നതിന് മുമ്പ് മുറിച്ചെടുത്തഭാഗത്തെ കറ ഉണങ്ങണം. നടുന്നതിന് മുമ്പ് എതെങ്കിലും റൂട്ടിങ്് ഹോർമോണിൽ മുക്കിയെടുക്കണം. കവറിൽ നേരിയ ഈർപ്പം നിലനിർത്തണം. കമ്പിന്റെ മുട്ടിൽ നിന്ന് തളിർപ്പ് വരാൻ തുടങ്ങിയാൽ വേരുപാടിച്ചെന്ന് മനസ്സിലാക്കാം. തളിർപ്പ ആദ്യം ഒന്നുരണ്ടടി നീളത്തിൽ വള്ളിപോലെ നീണ്ടു വന്നതിന് ശേഷമാണ് ഇലകൾ ഉണ്ടാവുക. പിന്നീട് രണ്ടാഴ്ച കഴിഞ്ഞാൽ വേരുപിടിച്ച തണ്ട് ചട്ടിയിലേക്ക് മാറ്റിനട്ട് വളർത്താം.