കറുത്തമ്മയേയും പഴനിയേയും കാണണമെങ്കില്‍ മണിയപ്പന്‍റെ കടയില്‍ ചെല്ലണം
ചെമ്മീനിലെ കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പഴയകാല സിനിമകളെല്ലാംതന്നെ നമുക്ക് ഗൃഹാതുരത്വമുണര്‍ത്തുന്നവയാണ്. എന്നാല്‍ ഇന്നും പഴയകാല സിനിമകളെയും താരങ്ങളെയും ഇപ്പോഴും നെഞ്ചേറ്റുകയാണ് മണിയപ്പൻ. ചെമ്മീനും അങ്ങാടിയും മുതൽ പഴയ സിനിമകളുടെ പോസ്റ്ററുകളാണ് മണിയപ്പന്റെ ചായക്കട നിറയെ.
അമ്പലപ്പുഴ റെയിൽവെ സ്റ്റേഷൻ റോഡിന് സമീപമാണ് കട. കോമന പട്ടരുമഠം വീട്ടിൽ മണിയപ്പൻ കട തുടങ്ങിയിട്ട് 28 വർഷം പിന്നിട്ടു. സിപിഐ എം ഏരിയ സമ്മേളന നഗറിൽ തയാറാക്കിയ ചായത്തട്ടിൽ പഴയകാല സിനിമാ പോസ്റ്ററുകൾ പതിച്ചിരുന്നു. സമ്മേളന ശേഷം ഇവയും മണിയപ്പൻ കടയിലെത്തിച്ച് ഒട്ടിച്ചു. ചെമ്മീൻ, അങ്ങാടി, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, ഷോലെ, തുടങ്ങി ഒട്ടനവധി സിനിമകളുടെ പോസ്റ്ററുകൾ ഇവിടെയുണ്ട്. മണിയപ്പന്‍റെ സിനിമ പോസ്റ്ററുകള്‍ കാണാൻ നിരവധി പേരാണ് കടയിലെത്തുന്നത്.