ലോകത്തെ വിസ്മയിപ്പിച്ച വാഗീശ്വരി ക്യാമറയ്ക്ക് പിന്നില്‍ ഒരു ആലപ്പുഴക്കാരന്‍ ?

വടക്കുനോക്കിയന്ത്രം” സിനിമയില്‍ ശ്രിനിവാസനും പാര്‍വതിയും ഫോട്ടോ എടുക്കുന്ന കോമഡി നിങ്ങള്‍ കണ്ടിട്ടുണ്ടാക്കും അതിലെ ക്യാമറയും ആരും മറക്കില്ല.. അതാണ് സാക്ഷാല്‍ വാഗീശ്വരി ക്യാമറ..

ക്യാമറ വാങ്ങുന്നതിനും ഫോട്ടോഗ്രാഫിക്കു വേണ്ട അനുബന്ധ കാര്യങ്ങള്‍ ഒരുക്കുന്നതിനും പ്രയാസമുള്ള ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍. ക്യാമറയുമായി ബന്ധപ്പെട്ട പലതും വാങ്ങുന്നതിന് നിയന്ത്രണമുണ്ടായിരുന്നു ആക്കാലത്ത്. രണ്ടാം ലോക മഹായുദ്ധം ഇതു കൂടുതല്‍ വഷളാക്കിയത്രെ. അങ്ങനെ ഇരിക്കുമ്പോഴാണ് പത്മനാഭന്‍ നായര്‍ എന്ന സ്റ്റുഡിയോ നടത്തിപ്പുകാരനായ ഫോട്ടോഗ്രാഫര്‍ തന്റെ കേടായ ക്യാമറ എങ്ങനെയെങ്കിലും നന്നാക്കി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ പട്ടണത്തില്‍ വാഗീശ്വരി എന്ന പേരില്‍ സംഗീത ഉപകരണങ്ങള്‍ വില്‍ക്കുകയും നന്നാക്കി കൊടുക്കുകയും ചെയ്യുന്ന സ്ഥാപനം നടത്തിയിരുന്ന കുഞ്ഞു ഭാഗവതരെ സമീപിക്കുന്നത്. ക്യാമറകള്‍ അന്നും ഇന്നും ഇവിടെ ഇറക്കുമതി ചെയ്യുകയാണല്ലോ.

മീഡിയം ഫോര്‍മാറ്റ് അല്ലെങ്കില്‍ ലാര്‍ജ് ഫോര്‍മാറ്റ് ക്യാമറകളായിരുന്നല്ലോ പ്രധാനമായും അന്ന് പത്മനാഭന്‍ നായരെ പോലെയുള്ള സ്റ്റുഡിയോ ഉടമകള്‍ ഉപയോഗിച്ചിരുന്നത്.തടികൊണ്ടു നിര്‍മ്മിച്ച, ഇവയ്ക്കുള്ള ബെല്ലോസ് പോലെയുള്ള ഭാഗങ്ങള്‍ ഹാര്‍മോണിയം പോലെയുള്ള സംഗീത ഉപകരണങ്ങളുമായുള്ള സാമ്യമായിരിക്കണം പത്മനാഭന്‍ നായരെ വാഗീശ്വരിയില്‍ എത്തിച്ചത്. (ഈ കടയുടെ പേരാണ് ഇന്ന് ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിലും മറ്റുമുള്ള ക്യാമറകളില്‍ കാണുന്നത്!)

വെല്ലുവിളി ഏറ്റെടുത്ത കുഞ്ഞുകുഞ്ഞു ഭാഗവതര്‍ ക്യാമറ നന്നാക്കി എന്നു മാത്രമല്ല അതു കൊണ്ടു പോയി ഫോട്ടോ എടുത്ത പത്മാനാഭന്‍ നായരെ അദ്ഭുതപ്പെടുത്തുക കൂടി ചെയ്തുവത്രെ- തന്റെ ക്യാമറ പഴയതിനേക്കാള്‍ നന്നായി പടം പിടിക്കുന്നു! എന്തുകൊണ്ട് ക്യാമറാ നിര്‍മ്മാണം തന്നെ തുടങ്ങി കൂടാ എന്ന ആശയം ഉടലെടുത്തത് ഇതില്‍ നിന്നാണ്. അങ്ങനെ അദ്ദേഹവും പഠനശേഷം വീട്ടില്‍ നില്‍ക്കുകയായിരുന്ന മകന്‍ കെ. കരുണാകരനും ക്യാമറാ നിര്‍മ്മാണത്തിലേക്കു കടക്കാന്‍ തീരുമാനിക്കുന്നു. അച്ഛന്റെ മരണശേഷം ക്യാമറ നിര്‍മ്മാണവും സര്‍വ്വീസ് ചെയ്യലും നിഷ്ഠയോടെ ചെയ്തു പേരെടുത്തത് കരുണാകരനായിരുന്നു.

അത്യന്തം കൃത്യത വേണ്ട പണിയാണ് ക്യാമറ നിര്‍മ്മാണം.സഹായത്തിനായി ഇന്നത്തേതു പോലെ യന്ത്ര സജ്ജീകരണങ്ങളില്ല. എല്ലാം കൈകൊണ്ടു ചെയ്യണം. തലനാരിഴയ്ക്കു തെറ്റിയാല്‍ പണി പാളുകതന്നെ ചെയ്യും. 120 പാര്‍ട്ടുകളും 250തോളം സ്‌ക്രൂകളും ഇത്തരം ഒരു ക്യാമറ നിര്‍മ്മിക്കാന്‍ ആവശ്യമായരുന്നു. ഒരു ക്യാമറയ്ക്കു വേണ്ട സ്‌ക്രൂ നിര്‍മ്മിക്കാന്‍ മാത്രം ഒരാള്‍ രണ്ടു ദിവസം പണി എടുക്കണമായിരുന്നുത്രെ. നിര്‍മ്മിച്ചെടുക്കാനാകാത്ത പാര്‍ട്ടുകള്‍ ജര്‍മ്മനിയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്തു കൃത്യതയുള്ള ക്യാമറകള്‍ നിര്‍മ്മിച്ചു. 250 രൂപയായിരുന്നു ആദ്യ ക്യാമറയുടെ വില. മാസം ന‍ൂറിലേറെ ക്യാമറകൾ നിർമിച്ചിരുന്നു ഒരുകാലത്ത്. നാലു പാസ്പോർട്ട് സൈസ് ഫോട്ടോയെടുക്കുന്ന ചെറുതു മുതൽ വല‍ിയ ഫോട്ടോകളെടുക്കുന്ന ക്യ‍ാമറകൾ വരെ എട്ടിനം ഫീൽഡ് ക്യാമറകളാണ് ഇവിടെ നിർമിച്ചിരുന്നത്. നാൽപതു വർഷത്തോളം വാഗീശ്വരി ക്യാമറ ലോകത്തെ അടക്കി ഭരിച്ചു.

ആദ്യം ക്യാമറ കയറ്റുമതി ചെയ്തത് നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ ഇടങ്ങളിലാക്കായിരുന്നു. വാഗീശ്വരി ബ്രാന്‍ഡിന്റെ വിശ്വാസ്യതയും വിലക്കുറവും അതിന്റെ പ്രീതി വളര്‍ത്തി. പലതരം മീഡിയം ഫോര്‍മാറ്റ്, ലാര്‍ജ് ഫോര്‍മാറ്റ് ക്യാമറകള്‍, ഫിങ്ഗര്‍ പ്രിന്റ് ക്യാമറ, പാനോരമ ക്യാമറാ, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള ക്യാമറ തുടങ്ങിയവയെല്ലാം അദ്ദേഹം നിര്‍മ്മിക്കുകയും ഉപയോഗിക്കുന്നയാളിനു തൃപ്തി നല്‍കുകയും ചെയ്തിരുന്നത്രെ. കേരളത്തില്‍ നിന്നു ക്യാമറാ വാങ്ങാന്‍ എത്തുന്നവരുടെ കയ്യില്‍ മുഴുവന്‍ പണവും ഇല്ലെങ്കില്‍ പോലും ക്യാമറയും വേണമെങ്കില്‍ തിരിച്ചുള്ള വഴിച്ചിലവിനുള്ള പണവും നല്‍കാനുള്ള സന്മനസുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്ന് ചിലര്‍ അദ്ദേഹത്തെ ഓര്‍ത്തെടുക്കുന്നു.

ഡിജിറ്റൽ സാങ്കേതിക വിദ്യ വരുന്നതിനു മുൻപ് കേരളത്തിലെ കുറ്റാന്വേഷണ വിഭാഗത്തിനായി വിരലടയാളം പരിശോധിക്കാൻ ക്യാമറ തയാറാക്കി നൽകിയിരുന്നതും ഇവിടെയായിരുന്നു. ജപ്പാന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിച്ച അൾട്രാ സൗണ്ട് സ്കാനർ ഇമേജറി കോപ്പിയറും കരുണാകരന്റെ നിർമിതികളിലൊന്ന‍‍ായിരുന്നു. കൈയിലൊതുങ്ങുന്ന ക്യാമറകളുടെ കാലമായതോടെ 1980 കളുടെ അവസാനത്തിൽ വാഗീശ്വരി പുരാവസ്തുവായി മാറി.

ഡിജിറ്റല്‍ ക്യാമറാ വിപ്ലവം അദ്ദേഹത്തെ തളര്‍ത്തി എന്നു കരുതുന്നെങ്കില്‍ തെറ്റി. നമ്മുടെ കാലാവസ്ഥയില്‍ ക്യാമറ കേടാകാതിരിക്കാനുള്ള വാക്വം ചെയ്ംബര്‍ നിര്‍മ്മാണമായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ സ്വപ്ന പ്രൊജക്ട്. അതിനായി അദ്ദേഹം ശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായം വരെ തേടിയിരുന്നു.

ലോകത്തെ ഏറ്റവും മികച്ച ഫീൽഡ് ക്യാമറ എന്നറിയപ്പെട്ട വാഗീശ്വരി ക്യാമറയുടെ നിർമ്മാതാവ് ആലപ്പുഴ കണ്ണൻവർക്കി പാലത്തിന് സമീപം വാഗീശ്വരിയിൽ കെ. കരുണാകരൻ 2016 ഏപ്രില്‍ 19 അന്തരിച്ചു.


കടപ്പാട് വിവിധ മാധ്യമങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *