പകര്‍ച്ചപ്പനി ; സ്വയം ചികിത്സ അരുത്
ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എന്‍1 പോലെയുള്ള പകര്‍ച്ച പനികള്‍, വയറിളക്ക രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നതിന് ശുചിത്വ ശീലങ്ങള്‍ പാലിക്കുന്നത് ഏറെ പ്രധാനമാണ്. എച്ച്1എന്‍1 പനി, മറ്റ് വൈറല്‍ പനികള്‍ എന്നിവ രോഗബാധയുള്ളവര്‍ ചുമയ്ക്കുകയും തുമ്മുകയും മൂക്കു ചീറ്റുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കണികകള്‍ ശ്വസിക്കുന്നതിലൂടെയും രോഗാണുക്കളാല്‍ മലിനമായ പ്രതലങ്ങള്‍ സ്പര്‍ശിക്കുന്നതിലൂടെയുമാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്.
മാസ്‌ക് ഉപയോഗിക്കുക
പകര്‍ച്ചപ്പനികളെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കുക. കൈകള്‍ ഇടക്കിടെ സോപ്പിട്ട് കഴുകുന്നത് ശീലമാക്കുക. കൈകള്‍ ശുചിയാക്കാതെ മുഖത്ത് സ്പര്‍ശിക്കാതിരിക്കുക. ആശുപത്രിയിലും പൊതു ഇടങ്ങളിലും മാസ്‌ക് ധരിക്കുക. ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധ വേണം. പനിയുള്ളവര്‍ മാസ്‌ക് ധരിക്കുകയും മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുകയും വേണം.
ആഹാരവും വെള്ളവും വൃത്തിയായി സൂക്ഷിക്കുക
രോഗാണുക്കളാല്‍ മലിനമായ കുടിവെള്ളം, ആഹാരപാനീയങ്ങള്‍, വൃത്തിഹീനമായ പരിസരം എന്നിവ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കം എന്നീ ജലജന്യ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ കാരണമാകാം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രംകുടിക്കുക. ആര്‍.ഒ. പ്ലാന്റ,് പൊതുവിതരണ പൈപ്പുകളിലെ വെള്ളം, മിനറല്‍ വാട്ടര്‍, ഫില്‍റ്ററുകളിലെ വെള്ളം എന്നിവയും നന്നായി തിളപ്പിച്ചാറ്റിയ ശേഷം മാത്രം കുടിക്കുക. കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്തതാണെങ്കിലും നന്നായി തിളപ്പിച്ച ശേഷം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോകുമ്പോഴും പുറത്തു പോകുമ്പോഴും തിളപ്പിച്ചാറിയ വെള്ളം കൊടുത്തു വിടുക. ആഹാര സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക, ചൂടോടെ കഴിക്കുക. പഴകിയ ഭക്ഷണം കഴിക്കരുത്. ആഹാരം കഴിക്കുന്ന പാത്രങ്ങളും മറ്റും ശുദ്ധജലത്തില്‍ കഴുകുക. കുഞ്ഞുങ്ങള്‍ക്ക് വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം നല്‍കാന്‍ ശ്രദ്ധിക്കുക.
ഉറവിട നശീകണം പ്രധാനം
ആഴ്ചതോറുമുള്ള ഉറവിട നശീകണം ഫലപ്രദമായി നടത്തിയാല്‍ ഡെങ്കിപ്പനി തടയാം. വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള വസ്തുക്കളിലൊക്കെ ഈഡിസ് കൊതുക് മുട്ടയിട്ട് പെരുകും. ഇവ കണ്ടെത്തി ഒഴിവാക്കുക. കൊതുകുകടി ഏല്‍ക്കാതെ ശ്രദ്ധിക്കുക. വീടിനുള്ളിലും പരിസരത്തും ഉറവിട നശീകരണം നടത്തുന്നതുപോലെ പ്രധാനമാണ് കൊതുകടിയേല്‍ക്കാതിരിക്കല്‍.
എലിപ്പനി: രോഗസാധ്യത തിരിച്ചറിയുക, മുന്‍കരുതല്‍ എടുക്കുക
മലിനമായ വെള്ളത്തിലും മണ്ണിലുമാണ് എലിപ്പനിയുടെ രോഗാണുക്കളുണ്ടാകുക. കണ്ണിലെയും മൂക്കിലെയും വായിലെയും നേര്‍ത്ത സ്തരങ്ങളിലൂടെയും ചെറിയ മുറിവുകളിലൂടെയും കൈകാലുകളിലെ നേര്‍ത്ത തൊലിയിലൂടെയും ശരീരത്തില്‍ പ്രവേശിച്ചാണ് എലിപ്പനിക്ക് കാരണമാകുന്നത്. മലിനമായ ജലവുമായും മണ്ണുമായും സമ്പര്‍ക്കത്തില്‍ വരുന്നവര്‍ ഗംബൂട്ട്, കൈയ്യുറ എന്നിവ ധരിക്കുക. കെട്ടിനില്‍ക്കുന്ന വെള്ളത്തിലും മണ്ണിലും പണിയെടുക്കുന്നവര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ ജോലിക്കാര്‍, കൃഷിക്കാര്‍, കന്നുകാലികളെ വളര്‍ത്തുന്നവര്‍ തുടങ്ങിയവരും വീട്ടിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഉള്ളവരും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ഡോക്സി സൈക്ലിന്‍ ഗുളിക കഴിക്കേണ്ടതാണ്. പനി പല രോഗങ്ങളുടെയും ലക്ഷണമാണ്. അതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ പാടില്ല.