ദൃഢനിശ്ചയത്തിന്റെ കരുത്ത്; നീന്തിപ്പിടിച്ചത് അതിശയനേട്ടം
ഭാവന ഉത്തമന്‍
മത്സ്യബന്ധന കപ്പലിലെ ക്യാപ്റ്റന്‍ തസ്തിക ഒരുകാലത്ത് പുരുഷന്‍റെ മാത്രം ആധിപ്യത്തിലുള്ള മേഖലയായിരുന്നു. അവിടേക്ക് വനിതകളാരും പരിഗണിച്ച മേഖലയും ആയിരുന്നില്ല . വര്‍ഷങ്ങളോളം അത് അങ്ങനെ തന്നെ തുടര്‍ന്നു. അത്തരമൊരു പുഷുഷാധിപത്യ മേഖലയിലേക്ക് കരുത്തുറ്റൊരു വനിത ഹരിത.. അവര്‍ക്കാകട്ടെ വിശേഷണങ്ങള്‍ ഒട്ടനവധിയാണ് . ഇന്ത്യയുടെ ആദ്യ വനിതാ സ്കിപ്പർ ഗവേഷണ മത്സ്യബന്ധന കപ്പലുകളിലെ വനിത ക്യാപ്റ്റൻ… എന്നിങ്ങനെയാണ് അത്. ഏത് പ്രതിസന്ധിയയേയും മറികടക്കാനുള്ള ഉറച്ച ഉള്‍കരുത്താണ് ഈ അപൂര്‍വ്വ നേട്ടം കൈവരിക്കാന്‍ ഈ ആലപ്പുഴക്കാരിക്ക് പ്രചോധനമായത്
ഒമ്പതു വർഷങ്ങൾക്കു മുൻപ് ജീവിതത്തിൽ നടന്ന ഒരു സംഭവമാണ് എന്റെ സ്വപ്നങ്ങൾക്ക് പറക്കാൻ ചിറക് നൽകിയത്. ഞാൻ ബിരുദ വിദ്യാർഥിയായിരിക്കെ അദ്ധ്യാപകൻ ക്ലാസ്സിൽ പഠിപ്പിക്കുന്നതിനിടെ ഒരു ചോദ്യം ചോദിച്ചു. ശേഷം ” ക്യാപ്റ്റൻ ഹരിത ” ഇതിന് ഉത്തരം പറയുമോയെന്ന് ചോദിച്ചു. അധ്യാപകന്റെ ഈ വാക്കുകളാണ് എനിക്ക് പ്രചോദനമായത്. പേരിനൊപ്പം “ക്യാപ്റ്റൻ ഹരിത “യെന്നുതന്നെ വേണമെന്ന് വാശിയാണ് എന്നെ ” ഇന്ത്യയുടെ ആദ്യ വനിതാ സ്കിപ്പർ ” എന്ന സ്ഥാനത്തേക്ക് ഉയർത്തിയത്.
2016 ൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ് ബിരുദം നേടിയ ശേഷമാണ് ചെന്നൈ എംഎംഡി നടത്തിയ മേറ്റ് ഓഫ് ഫിഷിങ് വെസൽസ് പരീക്ഷയിൽ വിജയിച്ചത്. കേന്ദ്ര സർക്കാരിന്റെയും മറ്റു കമ്പനികളുടെയും കപ്പലുകളിൽ 12 മാസത്തോളം സെയ്‌ലിങ് പരിശീലനം നേടി. സിഫ്നൈറ്റിന്റെ പ്രശിക്ഷണി എന്ന കപ്പലിൽ മേറ്റ് ആയും സേവനമനുഷ്ഠിച്ചു. ഇതിനോടകം 24 രാജ്യങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചു.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇന്ത്യൻ മർച്ചന്റ് നേവി യുടെ ആദ്യ വനിതാ ക്യാപ്റ്റനായ രാധിക മേനോന്റെ കാണുക എന്നത്. ഒരിക്കൽ അപ്രതീക്ഷിതമായി നമ്മുടെ കോൺടാക്ട് കമ്മ്യൂണിക്കേഷൻ എക്യുപ്മെൻസിൽ ഒരാൾ വിളിക്കുന്നുണ്ടെന്നും ഒരു സ്ത്രീ ആണെന്നും പറഞ്ഞു. സത്യത്തിൽ എന്നോട് സംസാരിക്കുന്നത് ആരാണെന്ന് പോലും അറിയാതെയാണ് ഞാൻ മറുപടി കൊടുത്തത്. പിന്നീടാണ് എനിക്ക് മനസ്സിലായത് അത് ക്യാപ്റ്റൻ രാധിക മേനോൻ ആണെന്ന്. അന്നുണ്ടായ സന്തോഷം എനിക്ക് പറഞ്ഞറിയിക്കാവുന്നതിലും അധികമായിരുന്നു. പിന്നീട് മേഡം എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു. INTERNATIONAL WOMAN SEAFARER’S FOUNDATION (IWSF) ജോയിൻ ചെയ്യണമെന്നതായിരുന്നു അത്.. മർച്ചന്റ് നേവിയിൽ ജോയിൻ ചെയ്ത സമയത്ത് എനിക്ക് വേണ്ട എല്ലാ സഹായവും ചെയ്തത് മേഡമായിരുന്നു.പിന്നീട് ഞങ്ങൾ നേരിൽ കാണുകയും ചെയ്തു.
ഞാൻ ഫിഷറീസ് സർവ്വേ ഓഫ് ഇന്ത്യയിൽ ജോലി ചെയ്തിട്ടുണ്ടായിരുന്നു. അന്ന് കോട്ടയത്ത് നിന്നുള്ള മധു എന്ന ഓഫീസറും എന്‍റെ ജീവിതത്തില്‍ വലിയ സ്വാധീനംചെലുത്തിയ വ്യക്തിയാണ്. ഒരു ഓഫീസർ എങ്ങനെയായിരിക്കണം, സാഹചര്യങ്ങളോട് എങ്ങനെ പെരുമാറണം, ഒരുപറ്റം ആൺപ്പടകളെ ഒരു പെൺകുട്ടി എന്ന നിലയിൽ എങ്ങനെ നയിക്കണം എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞുതന്നത് അദ്ദേഹമാണ്. പിന്നീട് അധ്യാപകനായ അരുൺ അദ്ദേഹത്തെപ്പോലെ നല്ലൊരു ക്യാപ്റ്റൻ ആകണം എന്നാണ് എന്റെ ആഗ്രഹം. ഇവർ എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ കൈത്താങ്ങ് വളരെ വലുതാണ്.
നമ്മളെ പിന്നോട്ട് വലിക്കുന്ന ഘടകങ്ങളാണ് സ്വപ്നങ്ങൾക്കൊപ്പം അതിവേഗം സഞ്ചരിക്കാൻ നമ്മളെ പ്രാപ്തരാക്കുന്നത്. പലരും പറഞ്ഞിട്ടുണ്ട് നിനക്കൊന്നും ഇത് പറ്റിയ ജോലിയല്ല. കുറച്ചുദിവസം കഴിയുമ്പോൾ ഇതൊക്കെ ഇട്ടെറിഞ്ഞു പോകും. ജോലിയുടെ സ്വഭാവവും സമയവും കടലിനോട് മാനസികമായും ശാരീരികമായും പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടും ഉള്ളതിനാൽ അധികനാൾ പിടിച്ചു നിൽക്കില്ലയെന്ന് അവര്‍ കണക്കുകൂട്ടി. അങ്ങനെ പറയുന്നവർക്ക് മുൻപിൽ നമ്മളെക്കൊണ്ട് കഴിയുമെന്ന് കാണിച്ചുകൊടുക്കണം. അതാണ് ഞാൻ ചെയ്യുന്നതും.
പെൺകുട്ടികൾക്ക് നിരവധി അവസരങ്ങളുള്ള മേഖലയാണിത്. നാം കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ കാര്യങ്ങളെ വിലയിരുത്തുമ്പോൾ എല്ലാവരും പറയുന്നത്. ഷിപ്പിങ് മേഖല ഒരു പുരുഷകേന്ദ്രീകൃത മേഖലയാണ് എന്നാണ്. എന്റെ ചോദ്യം എന്തുകൊണ്ട് പെൺകുട്ടികൾക്കും ഈ മേഖലയിൽ കടന്നുവന്നു കൂടാ? ആദ്യം മാറേണ്ടത് ഈ ചിന്താഗതിയാണ്. പരിശ്രമിച്ചാൽ നേടാൻ കഴിയാത്തതായി ഒന്നുമില്ല. നാം എത്രത്തോളം ആകാൻ ആഗ്രഹിക്കുന്നുവോ അത്രത്തോളം നാം ആവുക തന്നെ ചെയ്യും. അതിനായി പരിശ്രമിക്കുക തന്നെ വേണം.
കുടുംബമാണ് എല്ലാം. ഇരുപത്തിയൊന്നാം വയസ്സിലാണ് ഞാൻ ഷിപ്പിംഗ് ഫീൽഡിലേക്ക് ഇറങ്ങുന്നത്. വീട്ടുകാരെ സംബന്ധിച്ചെടുത്തോളം ഞാൻ ഒരു പെൺകുട്ടിയാണ്. മകൾക്ക് കല്യാണപ്രായം ആയിരിക്കുന്നു. ഈ പ്രായത്തിൽ ഞാൻ ഇത്രയും പുരുഷന്മാരുടെ കൂടെ ജോലിക്കായി പോകുന്നു എന്ന് പറയുമ്പോൾ, എന്നെ വിശ്വസിച്ച് എല്ലാ പ്രോത്സാഹനവും നൽകി വിട്ടയച്ചതിൽ എന്റെ കുടുംബത്തോടുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല.
എന്റെ മകൾ അവൾ ഇഷ്ടപ്പെടുന്ന ജോലി ചെയ്യാൻ പോകുകയാണ്. പോകും പോലെ തന്നെ തിരിച്ചു വരും അവളുടെ ജോലിയാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കി എന്റെ കൂടെ നിന്നത് കുടുംബമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് അവർ. ആദ്യമൊക്കെ കടലിനോട് പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടിൽ പല ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്. രക്തം വരെ ശർദ്ദിച്ചിട്ടുണ്ട്. ഇനി പോകണമോ എന്ന് കൂടി ആലോചിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും എനിക്ക് തടസ്സമായില്ല. എന്റെ അച്ഛൻ, അമ്മ, സഹോദരൻ, സഹോദരന്റെ ഭാര്യ ഇവരൊക്കെ തരുന്ന ആത്മധൈര്യവും പ്രോത്സാഹനവും വളരെ വലുതാണ്.
ഷിപ്പിങ് മേഖലയിൽ തന്നെ ജോലി ചെയ്യുന്ന ഒരാളെ ജീവിത പങ്കാളിയായി സ്വീകരിക്കാനാണ് ആഗ്രഹിക്കുന്നത്. കാരണം എന്റെ ജോലി എന്താണെന്ന് മനസ്സിലാക്കി എന്നെ ചേർത്തുപിടിക്കാൻ അദ്ദേഹത്തിന് ആവും. ഒരുപാട് വിവാഹാലോചനകൾ വന്നിട്ടുണ്ട്. എന്നാൽ അവരൊക്കെ പറയുന്നത് ഇത്രയും നാൾ ജോലിയൊക്കെ ചെയ്തില്ലേ ഇനി വേണ്ടയെന്നാണ്.പക്ഷേ എനിക്ക് അങ്ങനെ കരുതാൻ കഴിയില്ലല്ലോ. കാരണം ഞാൻ ആഗ്രഹിച്ച് പരിശ്രമിച്ച് നേടിയതാണ് ഈ ജോലി.
തന്റെ മുൻപിലുള്ള തടസ്സങ്ങളെ സധൈര്യം ഇല്ലാതെയാക്കി മുന്നോട്ട് കുതിച്ചതിന്റെ തിളക്കമാണ് ഹരിതയുടേത്.ആലപ്പുഴ ജില്ലയിലെ എരമല്ലൂർ സ്വദേശിനിയാണ് ഹരിത . കുഞ്ഞപ്പൻ സുധർമ ദമ്പതികളുടെ മകളാണ്. സഹോദരൻ : ഹരി.