അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്; സിനിമ ഒടിടിയില്‍
ഭാവന ഉത്തമന്‍
കുന്നോളം ആഗ്രഹിച്ചാൽ കുന്നിക്കുരുവോളം കിട്ടുമെന്നല്ലേ. ഇവിടെ കുന്നോളം ആഗ്രഹിച്ച് അത്രതന്നെ സ്വന്തമാക്കിയ രമ സജീവൻ എന്ന വീട്ടമ്മയുടെ സിനിമയെന്ന സ്വപ്നം സഫലമായിരിക്കുകയാണ്. താന്‍ സംവിധാനം ചെയ്ത ചിരാത് എന്ന മലയാള സിനിമ ലൈംലൈറ്റ്, ഹൈഹോപ് തുടങ്ങിയ ഓടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ആസ്വാദകരിലേയ്ക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് രമ
ഒട്ടും പ്രതീക്ഷിക്കാതെ സിനിമാ മേഖലയിലേക്ക് കടന്നു വന്ന വ്യക്തിയാണ് ഞാൻ. ചിരാത് എന്ന ഒരു സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്യാൻ കഴിഞ്ഞുവെന്ന കാര്യം എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. ചിത്രങ്ങൾ വരയ്ക്കുന്ന ഒരാളാണ് ഞാൻ. ഇതിനിടയിലും ചെറിയ ചെറിയ കഥകൾ എഴുതുമായിരുന്നു. യഥാർത്ഥത്തിൽ ചിരാത് എന്ന ചിത്രം ഞാൻ എഴുതിയ ആദ്യ കഥയുടെ ചിത്രാവിഷ്ക്കാരമാണ്. ഏകദേശം എട്ടു വർഷത്തോളമാകുന്നു ഞാൻ ഈ കഥ എഴുതിയിട്ട്. അന്ന് “മൺവീണ”യെന്നായിരുന്നു പേരിട്ടിരുന്നത്. ചെറിയ ഒരു കഥ എന്ന നിലയിലാണ് എഴുതിത്തുടങ്ങിയത്. എന്നാൽ അതിലെ ഓരോരോ ഭാഗങ്ങൾ എഴുതി വന്നപ്പോൾ ഒരു വിധം വലിയ കഥയായി. പിന്നീട് ആലോചിച്ചപ്പോൾ ഇത് എന്തുകൊണ്ട് ഒരു സിനിമയാക്കി കൂടായെന്ന ചിന്ത ഉദിച്ചത്. ആളുകളിലേക്ക് എളുപ്പം എത്താനുള്ള മാർഗ്ഗം സിനിമയാണെന്ന് തോന്നി. സാങ്കേതികവിദ്യ വികസിച്ചുവരുന്ന കാലഘട്ടത്തില്‍ പുസ്തകം വായിക്കുവാന്‍ ആരും മെനക്കെടില്ല തോന്നി. അങ്ങനെയാണ് സിനിമയാക്കാമെന്ന ആലോചനയുണ്ടായത്. നല്ല രീതിയിൽ തന്നെ സംവിധായകരെയും പ്രൊഡ്യൂസറെയും ഒക്കെ കണ്ടെത്തി ചെയ്യാമെന്നാണ് ഉദ്ദേശിച്ചത്. എന്നാൽ കോവിഡ് വ്യാപനവും ലോക്ക്‌ഡൗണും എന്റെ ചിന്തകളെ തകിടംമറിച്ചു. ഈയൊരു സാഹചര്യത്തിൽ ആരും തന്നെ മുന്നോട്ടു വന്നില്ല. അങ്ങനെയാണ് സ്വന്തമായി തന്നെ സംവിധാനം ചെയ്യാമെന്ന തീരുമാനത്തിലെത്തുന്നത്. ചിത്രങ്ങൾ വരച്ചുണ്ടാക്കി കിട്ടിയ സമ്പാദ്യത്തിൽ കുറഞ്ഞ ബജറ്റിൽ നിർമ്മിച്ച ഒരു കുടുംബചിത്രമാണ് ചിരാത്. പിന്നെ തൊടുപുഴയിലുള്ള ഒരു സഹോദരിയും സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. നിർമ്മാണം മകനായ നിതിൻ സജീവനാണ് നിർവഹിച്ചിരിക്കുന്നത്.
ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ ഒരു സ്ത്രീയുടെ മകളുടെയും അതിജീവനത്തിന്റെ കഥയാണ് ഈ ചിത്രം. യഥാർത്ഥത്തിൽ ചിത്രത്തിന്റെ കഥാതന്തു ഉരുത്തിരിയുന്നത് ഞാൻ ചിത്രങ്ങൾ വരയ്ക്കുമ്പോഴാണ്. ആ നിമിഷം നമ്മൾ ഒരുപാട് ചിന്തയിലേക്ക് കടന്നു പോകുമല്ലോ. പലരുടെയും ജീവിതം കാണും. ഈ സന്ദർഭത്തിൽ നമ്മുടെ ജീവിതത്തിലെ കഷ്ടപ്പാടുകളും ഓർക്കും. ഈ ചിന്തകളുടെ എല്ലാം കൂടിച്ചേരലാണ് ചിരാത് .
എന്റെ മനസ്സിൽ ഇങ്ങനെ ഒരു സിനിമ മോഹമുണ്ടെന്ന കാര്യം ആദ്യം പറയുന്നത് മകനോടാണ്. കഥ വായിച്ചപ്പോൾ അവന്റെ കണ്ണൊക്കെ നിറഞ്ഞു. ഇതൊരു ചെറിയ സിനിമ ആക്കിയാലോയെന്ന് ചോദിച്ചപ്പോൾ, അതിനെന്താ എന്നെങ്കിലും നമുക്ക് അത് ചെയ്യാമെന്ന് പറഞ്ഞു. ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രതികരണമായിരുന്നു അത്. കഥയിൽനിന്നും സിനിമയാക്കിയപ്പോൾ ആവശ്യമായ മാറ്റങ്ങളൊക്കെ വരുത്തിയിട്ടുണ്ട്.
സിനിമയുടെ സാങ്കേതിക വശങ്ങളെപ്പറ്റി വലിയ ധാരണ ഇല്ലാത്ത ഒരാളാണ് ഞാൻ. ഒരു സിനിമ കാണാൻ പോലും ഉള്ള സമയം ജീവിതത്തിന്റെ കഷ്ടപ്പാടിന്റെ ഇടയിൽ പറ്റിയിട്ടില്ല. വലിയ ചിത്രങ്ങളെ കുറിച്ച് പഠിക്കാനും ഓർക്കാനും ഒക്കെ ഇപ്പോഴും പേടിയാണ്. എന്നെ സംബന്ധിച്ചിടത്തോളം പച്ചയായ അവതരണം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. സത്യസന്ധമായി കാര്യങ്ങളെ അവതരിപ്പിക്കുക. അതുകൊണ്ട് തന്നെ സിനിമയുടെ സാങ്കേതിക സഹായങ്ങൾ ചെയ്തു തന്നത് അല്ലെങ്കിൽ വേണ്ട സഹായങ്ങൾ ഒക്കെ ചെയ്തു തന്നത് .”ഓത്ത്” യെന്നചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച പി. കെ ബിജു ആയിരുന്നു. അദ്ദേഹമാണ് യഥാർത്ഥത്തിൽ എനിക്ക് ഒരു ചിത്രം എടുക്കുന്നതിന് വേണ്ട എല്ലാ പിന്തുണയും മനോബലവും നൽകിയത്. IFFK 2018ലെ പ്രദർശനത്തിനെത്തിയ മികച്ച ചിത്രമായിരുന്നു ഓത്ത്. ഈ ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരാണ് ചിരാത് എന്ന ചിത്രത്തിന്റെ പിറവിക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകിയത്. ക്യാമറ, ആർട്ട്, മ്യൂസിക്, അഭിനേതാക്കൾ തുടങ്ങി എല്ലാകാര്യത്തിലും അദ്ദേഹത്തിന്റെ സഹായമുണ്ടായിരുന്നു.
ആദ്യമായി സ്ക്രീനിൽ തിരക്കഥ, സംവിധാനം രമ സജീവൻ എന്ന് എഴുതി കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് ഉണ്ടായത്. ചിത്രത്തിനു പിന്നിലുള്ള എന്റെ കഷ്ടപ്പാടുകളൊക്കെ ആ നിമിഷം ഓർമ്മ വന്നു. എന്നാലും ഇനിയും എന്തൊക്കെയോ ചെയ്യാനുണ്ടെന്ന തോന്നലാണ് ഇപ്പോഴും. എനിക്ക് എത്രയൊക്കെ ചെയ്താലും അതിപ്പോ വരയ്ക്കുന്നതാണെങ്കിലും കഥ എഴുതുമ്പോഴാണെങ്കിലും ഇനിയും കൂടുതൽ മികച്ചതാക്കണമെന്ന തോന്നലാണ്. സത്യത്തിൽ നല്ല പേടിയുണ്ടായിരുന്നു പ്രേക്ഷകർ എങ്ങനെ ഈ ചിത്രത്തെ നോക്കി കാണുമെന്ന്. എല്ലാവർക്കും ചിത്രം ഇഷ്ടപ്പെട്ടുയെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. ഇതൊരു ന്യൂജനറേഷൻ മൂവിയല്ല. ഒരു കുടുംബചിത്രമാണ്. ചെറുപ്പക്കാർക്ക് ഇഷ്ടപ്പെടണമെന്നില്ല.നാം എന്തുകാര്യം ചെയ്യുമ്പോഴും അതിനൊരു പോസിറ്റീവും നെഗറ്റീവും ഉണ്ടാവും. പോസിറ്റീവായ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക. പോരായ്മകൾ പരിഹരിക്കുക. അതുകൊണ്ട് നെഗറ്റീവ് അഭിപ്രായങ്ങളും ഞാൻ വിലക്കെടുക്കാറുണ്ട്. അത് അടുത്ത പ്രാവശ്യം പരിഹരിക്കാമല്ലോ.”ഒരു നോക്ക് ” എന്ന ഹ്രസ്വചിത്രം കൂടി ഒരുക്കിയിട്ടുണ്ട്. അത് ഞാൻ എഴുതിയ അഞ്ചാമത്തെ കഥയാണ്.
ചെറുപ്പം മുതൽ തന്നെ ചിത്രങ്ങൾ വരയ്ക്കാൻ വളരെയധികം താൽപര്യം കാണിച്ചിരുന്നു. അച്ഛൻ വളരെ കർക്കശക്കാരനായിരുന്നു. കുട്ടിയായിരുന്ന എന്നെ പുറത്തൊന്നും കളിക്കാൻ വിടാറെ ഉണ്ടായിരുന്നില്ല. ആ ഒരു പ്രായത്തിൽ എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ വേദന ആയിരുന്നു. അങ്ങനെയാണ് വീടിനുള്ളിൽ തന്നെ ഇരുന്ന് ചെറിയ രീതിയിൽ വരയ്ക്കാനൊക്കെ തുടങ്ങിയത്. മറ്റു കുട്ടികളെപ്പോലെ പുറത്തൊക്കെ പോയി കളിക്കാൻ പറ്റാത്ത വിഷമത്തിനിടയിലും ഞാനും സഹോദരങ്ങളും ചിത്രങ്ങൾ വരച്ച് ഞങ്ങളുടേതായ സന്തോഷം കണ്ടെത്തി. അതിപ്പോൾ എനിക്ക് അനുഗ്രഹമായി. ഭർത്താവ് മരിച്ചതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തവും വർദ്ധിച്ചു. അതിനുശേഷമാണ് ഒരു കട മുറി വാടകയ്ക്കെടുത്ത് ആർട്ട് പെയിന്റ് എന്ന പേരിൽ ഉപജീവനമാർഗ്ഗം കണ്ടെത്തിയത്.5000 മുതൽ വിലവരുന്ന ചിത്രങ്ങൾ പലരും വാങ്ങിയിട്ടുണ്ട്. അതിനുമുൻപ് ഒക്കെ വീട്ടിൽ ഇരുന്നു കൊണ്ടായിരുന്നു ചിത്രങ്ങൾ വരച്ചിരുന്നത്.
സിനിമ കണ്ടവര്‍ മികച്ച അഭിപ്രായം കൂടി പറഞ്ഞതോടെ കൈമുതലായി ലഭിച്ച ആത്മവിശ്വാസത്തിന്റെ കരുത്തില്‍ നടന്‍ ഇന്ദ്രന്‍സിനെ പ്രധാന വേഷത്തില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് രമ. അതിനുള്ള തിരക്കഥാ രചനയിലേയ്ക്ക് കടന്നുകഴിഞ്ഞു. ഒരു വീട്ടമ്മയില്‍ നിന്ന് നാടറിയുന്ന ചിത്രകാരിയും ഇപ്പോള്‍ സിനിമാ സംവിധായകയുമായ രമയുടെ ജീവിതത്തില്‍ ഒരു ഹിറ്റ് സിനിമയ്ക്കുളള മുഹൂര്‍ത്തങ്ങളുണ്ട്ഞാൻ കുറച്ച് കഥകളൊക്കെ എഴുതിയിട്ടുണ്ട്. അതൊക്കെ കൂടി ഒരു പുസ്തകമായി പബ്ലിഷ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. മകനായ നിധിൻ, നീതു, മരുമകൻ, ചെറുമക്കൾ എല്ലാവരും വലിയ പിന്തുണയാണ്. ആത്മവിശ്വാസത്തോടെ സധൈര്യം മുന്നോട്ടുപോകാനാണ് തീരുമാനം.
കൂത്താട്ടുകുളം സ്വദേശിയായ രമ സജീവൻ എന്ന വീട്ടമ്മ എല്ലാവർക്കും ഒരു മാതൃക തന്നെയാണ്. നമുക്ക് എത്ര വലിയ സ്വപ്നങ്ങൾ ഉണ്ടെങ്കിലും അതിപ്പോൾ എത്ര വിലപിടിപ്പുള്ളതാണെങ്കിലും പരിശ്രമിച്ചാൽ നേടിയെടുക്കാം എന്നുള്ള ഒരു സന്ദേശം കൂടി ഇവർ നൽകുന്നുണ്ട്. ഇവിടെ അവസാനിക്കുന്നില്ല രമ സജീവന്റെ കഥ.