ഓട്ടിസം: മിനു നല്കുന്ന ‘സാമൂഹ്യപാഠം’
പൂര്‍ണ്ണിമ
സമൂഹത്തില്‍ എന്നും മാറ്റി നിര്ത്തപ്പെട്ടുപോയേക്കാവുന്ന ഒരു പറ്റം കുഞ്ഞുങ്ങളെ അവരുടെ ജീവിതത്തിലേയ്ക്ക് കൈ പിടിച്ച് നടത്തുന്ന മിനു ഏലിയാസ്. ഓട്ടിസം ബാധിതരായ കുഞ്ഞു മക്കള്‍ക്ക് , അവരുടെ പ്രകടനങ്ങള്‍ക്ക് കാഴ്ചക്കാരി, കേള്‍വിക്കാരി അങ്ങനെയെല്ലാമാണ് മിനു.
മിനുവിന്റെ വിശേഷങ്ങളിലേക്ക്
കോട്ടയം ജില്ലയിലെ കോതനല്ലൂരിലെ ലിസ കാമ്പസില്‍ ലീഡേഴ്സ് ആന്‍ഡ് ലാഡേഴ്സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഓട്ടിസം (ലിസ) സ്ഥാപനത്തിലാണ് മിനു. കഴിഞ്ഞ ആറര വര്‍ഷമായി ഓട്ടിസം കുട്ടികളാണ് മിനുവിന്റെ ലോകം.
മുന്‍കൂട്ടി തയ്യാറായി ഈ മേഖലയിലേയ്ക്ക് എത്തിയതല്ലെന്നു പറയുമ്പോഴും, ഓട്ടിസം ഉള്ള ഒരു കുട്ടിയെ എങ്ങനെ സാധാരണ ജീവിതത്തിലേയ്ക്ക് എത്തിക്കാമെന്ന് മിനു ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. കഴിഞ്ഞ ആറര വര്‍ഷത്തിനിടയില്‍ ഓട്ടിസം ബാധിതരായ 18 കുട്ടികളെ നോര്‍മല്‍ ലൈഫിലേയ്ക്ക് മാറ്റാനായതാണ് മനസ്സിന് സന്തോഷം നല്കുന്ന കാര്യം. ഭര്‍ത്താവ് സി വി ലതീഷ് നല്കുന്ന സപ്പോര്‍ട്ടും ആത്മവിശ്വാസം കൂട്ടുന്നതായി മിനു പറയുന്നു.

‘ലിസയില്‍ രണ്ടര മുതല്‍ 15 വയസ് വരെയുള്ള ഓട്ടിസം കുട്ടികളുണ്ട്. അവര്‍ ഓരോരുത്തരും ഓരോ പ്രത്യേകമായ അവസ്ഥകളിലൂടെ കടന്ന് പോകുന്നവരാണ്. ശാസ്ത്രീയവും പ്രായോഗികവുമായി ഒരു മാസത്തെ സമയമെടുത്ത് നടത്തുന്ന അസസ്മെന്റുകളിലൂടെയാണ് ഓരോ കുട്ടിയേയും ട്രെയിന്‍ ചെയ്തെടുക്കുന്നത്.
സാധാരണ കുട്ടികളില്‍ നിന്നും വ്യത്യസ്തരായ ഇവര്‍ക്ക് കൂടുതല്‍ കരുതല്‍ ആവശ്യമാണ്. അതോടൊപ്പം പരിശീലിപ്പിക്കുന്നവര്‍ക്ക് ക്ഷമയും. തന്റെ കുട്ടിക്ക് ഓട്ടിസമാണെന്ന് അറിഞ്ഞാല്‍ അതിനെ അംഗീകരിക്കുകയാണ് ആദ്യം മാതാപിതാക്കള്‍ ചെയ്യേണ്ടതെന്ന് മിനു പറയുന്നു. കുട്ടികള്‍ക്ക് എന്ന പോലെ അവരുടെ മാതാപിതാക്കള്‍ക്കും ചില ക്ലാസ്സുകള്‍ ആവശ്യമാണ്. മാതാപിതാക്കളുടെ സങ്കടങ്ങള്‍ കേള്‍ക്കാനും അതിനുളള പ്രതിവിധികള്‍ പറഞ്ഞു കൊടുക്കാനും മിനു തയ്യാറാണ്.
ഓട്ടിസം ഒരു രോഗമല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് ഒരിക്കലും മരുന്ന് നല്‍കരുത്. പകരം ഫലപ്രദമായി വേണ്ട തെറാപ്പികള്‍ യഥാവിധി നല്‍കുകയും മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ എന്നിവയുടെ ഉപയോഗങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കുകയും ചെയ്യണം. ഭക്ഷണത്തിലും ക്രമീകരണങ്ങള്‍ ആവശ്യമാണെന്ന് മിനു ഏലിയാസ് പറയുന്നു. അതിന് പ്രത്യേകമായി ഡയറ്റ് പ്ലാന്‍ ഉണ്ട്. കുട്ടികള്‍ക്ക് മാത്രമായി ഡയറ്റീഷ്യന്മാരുടെയും ഡോക്ടര്‍മാരുടെയും സഹായത്തോടെയാണ് ഒരു ഡയറ്റ് പ്ലാന്‍ തയ്യാറാക്കിയത്.
മിനു ഒരു ഡയറ്റീഷ്യനല്ല. പക്ഷെ, ലിസയിലെ കുട്ടികളെ ഓരോരുത്തരെയും പഠിച്ച്, അവരെ അറിഞ്ഞ് മിനു സ്വയം പഠിച്ചും അറിഞ്ഞും ഡയറ്റീഷ്യന്മാരുടെയും ഡോക്ടര്‍മാരുടെയും സഹായത്തോടെയും തയ്യാറാക്കിയതാണ് ഈ ഡയറ്റ് പ്ലാന്‍.ഓട്ടിസം കുട്ടികളുടെ ഉന്നമനത്തിനും മാതാപിതാക്കള്‍ക്ക് സൗജന്യ ഗൈഡന്‍സ് നല്കുന്നതിനുമായി ലിസ ആവിഷ്കരിച്ച തണല്‍ പദ്ധതിയുടെ ചുമതലയും മിനുവിനാണ്. ‘എത്ര സമയം വേണമെങ്കിലും ക്ഷമയോടെ ഓട്ടിസം കുട്ടികളുടെ മാതാപിതാക്കളോട് സംസാരിച്ചിരിക്കുവാനും അവര്‍ക്ക് ഗൈഡന്‍സ് നല്‍കാനും എനിക്ക് ഇഷ്ടമാണ്. അവരെ കേള്‍ക്കുന്നതില്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. തങ്ങളുടെ കുട്ടിക്ക് ഓട്ടിസമാണെന്നറിഞ്ഞ് വര്‍ധിച്ച ആധിയോടെയും ദുഃഖത്തോടെയുമെത്തുന്നവരെ ആദ്യം ഞാന്‍ കേള്‍ക്കും, പിന്നീട് എനിക്ക് അറിയാവുന്ന വിധത്തില്‍ അവരെ സഹായിക്കുവാന്‍ ശ്രമിക്കും’, മിനു പറഞ്ഞു. ഓട്ടിസം ബാധിച്ച കുട്ടികളെ മുഖ്യധാരയിലെത്തിച്ച് അവരെ സ്വയംപര്യാപ്തരാക്കണമെന്നതാണ് മിനുവിന്റെ ലക്ഷ്യം. ഇതിനായി വിവിധ പദ്ധതികളുടെ പണിപ്പുരയിലാണ്.

ലീഡേഴ്സ് ആന്‍ഡ് ലാഡേഴ്സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഓട്ടിസം (ലിസ) ലോകത്തിലെ പ്രഥമ ഓട്ടിസം സ്കൂളാണെന്ന് മിനു പറയുന്നു. അതുപോലെ തന്നെ ഓട്ടിസം കുട്ടികള്‍ക്ക് മാത്രമായുള്ള ലോകത്തിലെ ആദ്യത്തെ ബോര്‍ഡിംഗ് സ്കൂളുമാണിത്. ഇവിടെ എല്ലാ തെറാപ്പികളും സി ബി എസ് ഇ സിലബസില്‍ വിദ്യാഭ്യാസവും സംരംക്ഷണവും നല്കുന്നു എന്നതാണ് പ്രധാന പ്രത്യേകത. ഡേ സ്കൂളും ബോര്‍ഡിംഗ് സ്കൂളും ഒരു കാമ്പസില്‍ പ്രവര്‍ത്തിക്കുന്നു. 2023 ഏപ്രിലിലാണ് ബോര്‍ഡിംഗ് സ്കൂള്‍ ആരംഭിക്കുന്നത്. വിവിധ തെറാപ്പികളും സി ബി എസ് ഇ നിലബസിലുള്ള പഠനവും കെയറിംഗും ചേര്‍ത്തുള്ള ഒരു ത്രീ ടയര്‍ സിസ്റ്റമാണ് ഈ പാഠ്യപദ്ധതി. പ്രായോഗികതയിലൂടെ രൂപപ്പെടുത്തിയെടുത്തതിനാല്‍ ലിസ മോഡലിന് ഓട്ടിസം കുട്ടികളില്‍ ഏറെ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിക്കുന്നു. 2018 ഒക്ടോബര്‍ 19നാണ് കോട്ടയം ജില്ലയിലെ കോതനല്ലൂരില്‍ ലിസ കാമ്പസില്‍ ലീഡേഴ്സ് ആന്‍ഡ് ലാഡേഴ്സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഓട്ടിസം (ലിസ) സ്ഥാപിക്കുന്നത്.

