സുനിത ദിനം
ജി.കണ്ണനുണ്ണി
ത്രില്ലർ ഹോളിവുഡ് സിനിമ കാണുന്നത് പോലെ ലോകത്തെമുഴുവൻ അതിശയിപ്പിച്ച്, ശ്വാസമടക്കിപിടിപ്പിച്ച്, ക്രൂ 9 ഡ്രാഗൺ പേടകം വിണ്ണിൽ നിന്ന് മണ്ണിലേക്ക് പറന്നിറങ്ങി. എട്ട് ദിവസത്തേക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയദൗത്യവുമായി പോയ സുനിത വില്യംസും, വിൽമോറും 287 ദിവസങ്ങൾക്ക് ശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തിയ ശാസ്ത്രകുതുകികൾക്ക് ആനന്ദമേകുന്ന കാഴ്ച. നീണ്ട ഒൻപത് മാസത്തെ 150ൽ അധികം പരീക്ഷണങ്ങൾക്ക് ശേഷം സുനിതയൂം വിൽമോറും ഭൂമി തൊട്ടപ്പോൾ അവരെ കാത്തിരിക്കുന്നത് ഏറെ ശാരീരികപ്രശ്നങ്ങൾ ആണ്. ലോകത്ത് ഇന് നിലനിൽക്കുന്ന ഏത് പുരസ്കാരങ്ങൾക്കും മുകളിലാണ് ഇവർ എന്ന് നിസംശയം പറയാം.ലോക ജനതയുടെ ഹൃദയപുരസ്‌കാരം ഏറ്റുവാങ്ങുകയാണ് സുനിതയും വിൽമോറും ഒപ്പമെത്തിയ രണ്ടുപേരും.

നമ്മൾ ഒരു ട്രെയിൻ കാത്ത് നിൽകുമ്പോൾ അത് പറഞ്ഞ സമയത്തിലും അര മണിക്കൂറും,ഒരു മണിക്കൂറും,ഒന്നര മണിക്കൂറും വൈകി ഓടുന്നത് പോലെയല്ല…കൃത്യം മാർച്ച് 19ആംതിയതി വെളുപ്പിന് 3.27(am ന്).. പറഞ്ഞ സമയത്ത് തന്നെ ഡ്രാഗൺ പേടകം 17മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ മെക്സിക്കൻ കടലിൽ പാരചൂട്ടുകൾ വിടർത്തി പറന്നിറങ്ങി. കാത്തുനിന്ന കപ്പലും,രക്ഷാ ദൗത്യ സംഘവും വളരെ പെട്ടെന്ന് തന്നെ പേടകത്തെ കപ്പലിലേക്ക് ഉയർത്തി.4.20 നു സുനിതയും 4.22്ന് വിൽമോറും സുരക്ഷിതരായി പുറത്തിറങ്ങി. ഒരു തീഗോളം പോലെ ഉയർന്ന താപനിലയിൽ വെടിയുണ്ടയുടെ പോലെ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച ഡ്രാഗൺ പേടകത്തെ പാരച്ചൂട്ടുകൾ വേഗത കുറച്ച് ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്ന കോരിത്തരിപ്പിക്കുന്ന കാഴ്ച്ച..ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മനോഹരമായ കാഴ്ച.. കൊളംബിയ ദുരന്തവും കല്പന ചൗളയും ഇന്നും തീരാ ദുഖമായ് നമ്മുടെ മുന്നിൽ ഉണ്ടെന്നതും യാഥാർത്ഥ്യം. അഭിമാനിക്കാം നാസയ്ക്കും.. ഏലോൺ മസ്കിൻ്റെ സ്പേസ് എക്സിനും.. ഇച്ഛാശക്തിയോടെ നിലപാടുകളെടുത്ത അമേരിക്കൻ പ്രസിഡൻ്റ് ട്രമ്പിനും..ശാസ്ത്ര ലോകത്തിനും.
ബഹിരാകാശ നിലയത്തിൽ ഏറ്റവും കൂടുതൽ നടന്ന റെക്കൊർഡ് ഉൾപടെ ഒത്തിരി പരീക്ഷണങ്ങൾക്കും സഹനങ്ങൾക്കും ശേഷം സുനിത വില്യംസ് എത്തുമ്പോൾ ഇനി മാധ്യമ ആഘോഷങ്ങൾ കേൾക്കാം..സുനിതയ്ക്ക് ഇഷ്ടം സമൂസയും, നാസയും തുടങ്ങി പല വാർത്തകൾ ഇനി ഇറക്കി വിടുന്നതും കാണാം.
ഇവിടെ പലരും പറമ്പില് ഒരു പുല്ലുപോലും കിളിർപ്പിക്കാൻ മെനക്കെടാത്ത സമയത്ത് സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ പയർ മുളപ്പിച്ച് കാണിച്ച് തന്നു. പപ്പടത്തിനും , ഗ്രേവിക്കും ഇവിടെ പല കുശ്മാണ്ടന്മാരും തമ്മിൽ തല്ലി ചാകുമ്പോൾ അവിടെ ബഹിരാകാശത്ത് സപ്ളിമെൻ്റുകൾ ഉൾപടെ നിർമ്മിച്ച് ഒട്ടേറേ ശാസ്ത്ര മുന്നേറ്റങ്ങളുടെ പരീക്ഷണങ്ങളിൽ മുഴുകി വിജയം വരിക്കുകയായിരുന്നു സുനിത വില്യംസ്. ഇതാണ് യഥാർത്ഥ സ്ത്രീമുന്നേറ്റം..ഇന്നാണ് വനിതാ ദിനം..സുനിത ദിനം.
അന്ധവിശ്വാസങ്ങളിൽ മുഴുകി കള്ളജോത്സ്യൻ്റെ വാക്കുകേട്ട് മനുഷ്യകുരുതി ചെയ്യുകയും, മനുഷ്യ മാസം ഭക്ഷിക്കുകയും ചെയ്യുന്ന കാലത്ത്, മുടിയുള്ള അയൽവാസിയാണ് കുടുംബം നശിപ്പിച്ചത് എന്ന ജോത്സ്യൻ്റെ പ്രവചനത്തിൽ അയൽവാസികളെ വെട്ടികൊല്ലുന്ന ചെന്താമരകളുടെ കാലത്ത് ,സഹപാഠിയെ തല്ലി കൊല്ലുന്നകാലത്ത്, കൊടികൾക്ക് മറവിൽ കഞ്ചാവും മയക്ക് മരുന്നും അടിച്ച് കേറ്റിയൂം വിൽപന നടത്തിയും നശിക്കുന്ന കൗമരങ്ങളുടെ കാലത്ത്,കോടികൾ മുടക്കി പ്രതിമകൾ പണിയുന്ന കാലത്ത് നമ്മൾ പോകേണ്ടത് ഇത്തരം ശാസ്ത്രലോക കണ്ടുപിടുത്തങ്ങളുടെ ലഹരികൾക്ക് പുറകെയാണ്..നവയുഗ സൃഷ്ടികളുടെ പുറകെയാണ്.

നമ്മുടെ സ്വപ്നങ്ങളിലെ സ്വർഗവും നരകവും ഒക്കെ കണ്ടാണ് സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള മടക്കം. നിന്നെക്കാൾ ഒരുപാട് ഓണം കൂടുതൽ ഉണ്ടയാളാണ് ഞാൻ എന്ന് ചിലർ പറയുന്നത് കേട്ടിട്ടില്ലേ..അത്പോലെ നമ്മൾ 24മണിക്കൂറിൽ ഒരു സൂര്യോദയവും,അസ്തമയവും കാണുമ്പോൾ സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ കണ്ടത് 24മണിക്കൂറിൽ 16സൂര്യോദയവും,അത്രതന്നെ അസ്തമയവും ആണ്. അങ്ങനെ 287× 16=4592 എണ്ണം. ഒരു ഫുട്ബോൾ കോർട്ടിൻ്റെ വലിപ്പമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭൂമിയെ വലം വയ്ക്കുന്നതോ മണിക്കൂറിൽ 28000കിലോമീറ്റർ വേഗതയിലും. അതായത് ഒരു വെടിയുണ്ടായേക്കാൾ പത്തുമടങ്ങ് വേഗത്തിൽ. അങ്ങനെ ഒരു ദിവസം ഭൂമിയെ വലം വയ്ക്കുന്നത് 16 തവണ.ഇപ്പൊ കാര്യം പിടികിട്ടി കാണുമല്ലോ.നാസയുടെ ചാനലിൻ്റെ സബ്സ്ക്രൈബ്ഴസ് 1.2കോടി…ലോകത്ത് ജനങ്ങൾ 800കോടി..ശാസ്ത്ര സംബന്ധമായി നമ്മൾ ഇനിയും വളരേണ്ടിയിരിക്കുന്നു. കണ്ട കോപ്രായക്കാരുടെയും , തോറ്റ് തൊപ്പി ഇട്ടവരുടേയും , ചാനൽ കണ്ട് സമയം കളയുന്നവർ ഇത് കൂടി ശ്രദ്ധിക്കാൻ അപേക്ഷ.
സുനിത വില്യംസ് നിങ്ങൾ ആണ് യഥാർത്ഥ താരം.ചൊവ്വാദോഷം കൊണ്ട് കല്യാണം വേണ്ടന്ന് വയ്ക്കുന്നവർക്ക് ഇനി ശാസ്ത്രത്തിൻ്റെ പുറകിൽ നടക്കാൻ പ്രേരിപ്പിക്കുന്ന താരം. വിണ്ണിൽ നിന്ന് മണ്ണിലെത്തിയ നക്ഷത്രം.