കുട്ടനാടിന്‍റെ സ്വന്തം ‘ഹെയര്‍ സ്റ്റൈലിസ്റ്റ് ‘
സാഹചര്യം ചിലരുടെ ജീവിതത്തില്‍ വഴിത്തിരിവ് കൊണ്ടുവരാരുണ്ട്. അത്തരത്തിലുള്ള കാര്യമാണ് ഷൈലമ്മയ്ക്ക് പറയാനുള്ളത്. ലോക്ക്ഡൌണ്‍ സമയത്ത് മുടിവെട്ടാന്‍ ബുദ്ധിമുട്ടിയ ഭര്‍ത്താവിന്‍റെയും മക്കളുടെയും മുടിവെട്ടി തുടങ്ങിയ ഷൈലമ്മ ഇന്ന് കുട്ടനാടിന്‍റെ പ്രീയങ്കരിയായ ഹെയര്‍ സ്റ്റൈലിസ്റ്റാണ്.
സ്ത്രീകളുടെ മാത്രമല്ല, പുരുഷന്മാരുടെയും തലമുടിവെട്ടാൻ കൈനകരി കുട്ടമംഗലം ചെറുകായിൽച്ചിറയിൽ കെ. ഷൈലമ്മയ്ക്കറിയാം. ഓരോരുത്തരുടേയും മുഖത്തിന് ചേരുന്ന ഹെയര്‍ കട്ട് ഷൈലമ്മ ചെയ്യും. ഫോണില്‍ കാണിച്ച് ഇങ്ങനെ വെട്ടണമെന്ന് പറഞ്ഞാലും ആ ഹെയര്സ്റ്റൈലില്‍ തന്നെ അവരെ മേക്കോവര്‍ ചെയ്തുകളയും ഹെയര്‍ സ്റ്റൈലിസ്റ്റ് ഷൈലമ്മ.
കോവിഡ് കൊണ്ടുവന്ന ഭാഗ്യം
ഭർത്താവും മക്കളും കോവിഡ് കാലത്ത് ബാർബർ ഷോപ്പിൽ പോകാൻ ബുദ്ധിമുട്ടിയതോടെയാണ് ഷൈലമ്മ മുടി വെട്ടി തുടങ്ങിയത്.ഇരുപത്തിരണ്ട്കാരനായ മകൻ ആഷിക്കിന്റെ മുടിയാണ് ആദ്യം വെട്ടിയത്. പത്താം ക്സാസുകാരനായ ഇളയ മകൻ അതുലിന്റെയും ഭർത്താവ് പാപ്പച്ചന്റെയും മുടി വെട്ടിക്കൊടുത്തതോടെ കേട്ടറിഞ്ഞ് അത്യാവശ്യക്കാർ എത്തിത്തുടങ്ങി.
കുട്ടനാടിന്‍റെ പ്രീയങ്കരി
കൈനകരി കുട്ടമംഗലത്ത്കാര്‍ക്ക് വലിയ സൗകര്യങ്ങളുള്ള ബാർബർ ഷോപ്പിലെത്തണമെങ്കിൽ നിന്നു ബോട്ടുകടന്നു അക്കരെ എത്തണം. അതിനാൽ കോവിഡ് കാലത്ത് ഷൈലമ്മയ്ക്ക് ഇതൊരു വരുമാനമാർഗംകൂടിയായി മാറി. അതു പിന്നീട് വീട്ടിലെ ബാർബർ ഷോപ്പായി മാറി. നാട്ടുമ്പുറത്തെ ഒരു സ്ത്രീ ചുറുചുറുക്കോടെ പുരുഷന്മാരുടെ മുടിവെട്ടാൻ ഇറങ്ങിത്തിരിക്കുമ്പോൾ പ്രതിസന്ധികൾ പലതുമുണ്ടായി. എന്നാൽ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനം ലഭിച്ചപ്പോൾ അതെല്ലാം മറികടന്നു. ഷൈലമ്മയ്ക്ക് ഇപ്പോൾവീട്ടിൽ ഒരു കൊച്ചു സലൂണുണ്ട്. യൂട്യൂബിലൂടെയും പുതിയ ട്രെൻഡുകൾ കണ്ടുപഠിച്ചു. ഹെയർ-സ്കിൻ-ലെഗ് കെയർ, ബ്രൈഡൽ കെയർ, ഹെയർ കട്ടിങ്, ഫേഷ്യൽ, മസാജ് ട്രീറ്റ്മെന്റ്, നെയിൽ ആർട്ട്, മെയ്ക്കപ്പ് തുടങ്ങിയവയെല്ലാം കൈപ്പിടിയിലായി.
മറ്റ് വിശേഷങ്ങള്‍
‘ഹെവൻ’. കുടുംബശ്രീയംഗമായ ഷൈലമ്മ റീബിൽഡ് കേരള ഇനിഷ്യറ്റീവ്-എൻട്രപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് പ്രോഗ്രാമി (ആർ. കെ. ഐ. ഇ. ഡി. പി. )ന്റെ ഭാഗമായി സലൂൺ തുടങ്ങിയത്. അംഗങ്ങൾക്കുള്ള പരിശീലനം ആരംഭിച്ചപ്പോൾതന്നെ മനസ്സിൽ വന്നത് ഒരു സലൂൺ ആരംഭിക്കാമെന്ന ആശയമായിരുന്നെന്നു ഷൈലമ്മ പറയുന്നു. അങ്കണവാടി ഹെൽപ്പർ കൂടിയാണ് ഷൈലമ്മ.
അങ്കണവാടിയിലെ ജോലി കഴിഞ്ഞു മടങ്ങി വന്നശേഷം വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലുമാണു സേവനം.സ്വയം തൊഴില്‍ ചെയ്യുന്നതോടൊപ്പം പ്ലസ്ടു തത്തുല്യകോഴ്സും ഷൈലമ്മ പഠിക്കുന്നുണ്ട്.