മോഡലിങ്ങിൽ നിന്നു സിനിമയിലേക്ക്
ചെന്നൈ:മോഡലിങ്ങിൽ നിന്നു സിനിമയിലേക്കുള്ള യാത്രയിലാണു പ്രാർത്ഥന. സത്യരാജിന്റെ മകൻ സിബി രാജ് നായകനാകുന്ന പേരിടാത്ത ചിത്രത്തിലൂടെ തമിഴിലും ഒരു കൈ നോക്കാനുള്ള ഒരുക്കത്തിലാണു പ്രാർത്ഥന. അവനി സിനിമാക്സ്, വിഷാൽ ഫിലിം ഫാക്ടറി എന്നിവയുടെ ബാനറിൽ ശ്രീജിത്ത് ചന്ദ്രമോഹൻ നിർമിക്കുന്ന സിനിമയിൽ അധ്യാപികയുടെ വേഷമാണു പ്രാർത്ഥനയെ കാത്തിരിക്കുന്നത്.
രാധിക ശരത് കുമാറും മനോബാലയും സൂരിയും ഉൾപ്പെടെ വലിയ ഒരു താര നിരയുള്ള ചിത്രത്തെ കുറിച്ചു ഇപ്പോൾ കൂടുതൽ പറയാൻ വിലക്കുണ്ടെന്നും പ്രാർത്ഥന പറയുന്നു.കോവിഡ് മൂലം ഷൂട്ടിങ് മുടങ്ങിയ ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ ആരംഭിക്കും. കൊല്ലം സ്വദേശിയാണു പ്രാർത്ഥന. ഒവിഎം ഇന്ത്യ ഫാഷൻ ക്വീൻ സീസൺ 2 മൽസരത്തിൽ മിസ് കൺജീനിയാലിറ്റിയായും ടൈറ്റിൽ വിന്നറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഗോവ ഐഎഫ്ഡബ്ല്യു ഷോയിൽ റാംപ് മോഡലും ഒട്ടേറെ തീം ബേസ്ഡ് ഫോട്ടോ ഷൂട്ടുകളും ചെയ്തിട്ടുണ്ട്. മുംബൈ എഫ്എൻഎക്സ് ഉൾപ്പെടെ ഒട്ടേറെ ഷോകളിൽ അതിഥിയായും പങ്കെടുത്തിട്ടുണ്ട്. നർത്തകിയും മേക്കപ്പ് ആർട്ടിസ്റ്റും കൂടിയാണു പ്രാർത്ഥന.
ഏതു ഭാഷയിലും അവസരങ്ങൾ ലഭിച്ചാൽ സ്വീകരിക്കുമെന്നു പ്രാർത്ഥന പറയുന്നു. തമിഴിലാണ് ആദ്യ അവസരം ലഭിച്ചിരിക്കുന്നതെങ്കിലും മാതൃഭാഷയായ മലയാളത്തിൽ അഭിനയിക്കാനുള്ള ആഗ്രഹവും പ്രാർത്ഥന മറച്ചു വയ്ക്കുന്നില്ല.സ്വന്തം ഭാഷയിൽ അഭിനയിക്കുന്നതു ഏറെ സന്തോഷമുള്ള കാര്യമാണു പ്രാർത്ഥന പറയുന്നു.