‘സൂര്യകാന്തി’പ്രഭയില്‍ ഓണാട്ടുകരതിളങ്ങുന്നു

പാര്‍വ്വതി

ബോട്ടില്‍ ആര്‍ട്ടിലൂടെ സൂര്യപുത്രി നേടിയത്‌ മൂന്നു റെക്കോര്‍ഡുകള്‍. കായംകുളം സ്വദേശിനിയായ യുവപ്രതിഭ സൂര്യപുത്രിയുടെ വിശേഷങ്ങളിലേക്ക്.

ബോട്ടില്‍ ആര്‍ട്ടിലേക്കുള്ള ചുവടുവെപ്പ്

കുട്ടിക്കാലം മുതല്‍ ചിത്രരചനയിലും മറ്റു കലകളിലും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, ഇതിനായി പ്രത്യേകം പരിശീലനം ഒന്നും നേടാന്‍ കഴിഞ്ഞില്ല. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നു. എങ്കിലും ഉള്ളില്‍ ഉറങ്ങിക്കിടന്ന അഭിരുചി ഒരുവശത്തു മുറുകെപ്പിടിച്ച സൂര്യ സ്റ്റെന്‍സില്‍ ആര്‍ട്ട് ചെയ്തുതുടങ്ങി. ലോക്കഡോണ്‍ സമയത്താണ് ബോട്ടില്‍ ഡിസൈനിങ് ശ്രദ്ധിച്ചത്.വീടിന്റെ നിര്‍മ്മാണത്തിന് ശേഷം മിച്ചം വന്ന പെയിന്‍റ് ഇതിനായി ഉപയോഗിച്ചു. കുപ്പികളെ കൂടുതല്‍ ഭംഗിയാക്കി.

റെക്കോര്‍ഡിലേക്ക്


65 കുപ്പികള്‍ 6 മണിക്കൂര്‍ കൊണ്ട് ഡിസൈന്‍ ചെയ്താല്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടാം എന്ന് അറിഞ്ഞത്. ചെറിയ ആശങ്കയോടെ ആപ്ലിക്കേഷന്‍ അയച്ചു. പിന്നീട് അതിനുള്ള ശ്രമമായി. ഫ്രണ്ട്‌സിന്റെ വീടുകളില്‍ നിന്നും മറ്റും കുപ്പികള്‍ ശേഖരിച്ചു. ഏഷ്യന്‍ റെക്കോര്‍ഡിന്റെ ഗ്രാന്‍ഡ്‌ മാസ്‌റ്റര്‍ പദവിയും ലഭിച്ചു. ഒരു ബോട്ടില്‍ ആര്‍ട്ട്‌ ചെയ്യാന്‍ കുറഞ്ഞത്‌ രണ്ടു മണിക്കൂര്‍ വേണം. എന്നാല്‍ ആറു മണിക്കൂര്‍ കൊണ്ട്‌ 65 കുപ്പികള്‍ ഡിസൈന്‍ ചെയ്‌തായിരുന്നു റെക്കോര്‍ഡിലേക്ക്‌ എത്തപ്പെട്ടത്‌. കറുപ്പും വെള്ളയും ചായങ്ങള്‍ മാത്രം ഉപയോഗിച്ചാണ്‌ കുപ്പികള്‍ ഡിസൈന്‍ ചെയ്‌തിട്ടുള്ളത്‌.


ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ അക്രലിക്ക്‌ എക്‌സ്‌റ്റീരിയര്‍ എമര്‍ഷന്‍ പെയിന്റ്‌ ഉപയോഗിച്ചാണ്‌ ഡിസൈനുകള്‍ ചെയ്‌തിട്ടുള്ളത്‌. ബഹുമതി സൂചകമായി മെഡല്‍, സര്‍ട്ടിഫിക്കറ്റ്‌, ബാഡ്‌ജ്‌ എന്നിവ ലഭിച്ചു. ലോക്ക്‌ഡൗണ്‍ സമയത്ത്‌ വളരെ പരിശ്രമിച്ചാണ്‌ ആവശ്യമായ കുപ്പികള്‍ ശേഖരിച്ചിട്ടുള്ളത്‌. രണ്ടു ദിവസം കൊണ്ട്‌ 130 കുപ്പികളാണ്‌ സുഹൃത്തുക്കളുടെ സഹായത്തോടെ ശേഖരിച്ചത്‌.

ഉപയോഗശൂന്യമായി വലിച്ചെറിയപ്പെട്ട മദ്യക്കുപ്പികളാണ്‌ റെക്കോര്‍ഡുകള്‍ നേടാന്‍ സഹായമായത്‌. റെക്കോര്‍ഡുകള്‍ക്കായി അപേക്ഷ അയക്കുമ്പോഴും മൂന്നു റെക്കോര്‍ഡുകള്‍ തന്നെ തേടിയെത്തുമെന്ന്‌ ഒട്ടും തന്നെ പ്രതീക്ഷിച്ചില്ല സൂര്യപുത്രി. അപേക്ഷയ്‌ക്ക്‌ അംഗീകാരം കിട്ടിയ ശേഷം ഏഴു ദിവസത്തിനുള്ളില്‍ റെക്കോര്‍ഡിനായി തയാറെടുപ്പ്‌ നടത്തണമെന്നായിരുന്നു നിയമം. രണ്ടു ദിവസം ബോട്ടില്‍ ശേഖരിക്കാനും രണ്ടു ദിവസം അവ വൃത്തിയാക്കാനും വേണ്ടി വന്നു.


പരിഹസിച്ചവര്‍ക്കുള്ള മറുപടി

ഉപയോഗ ശേഷം കുപ്പികള്‍ പൊതുനിരത്തുകളിലും മറ്റും വലിച്ചെറിയരുതെന്നുള്ള ഓര്‍മപ്പെടുത്തലിനൊപ്പം തന്നെ പല രീതിയിലും പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ്‌ ഈ റെക്കോര്‍ഡുകള്‍ എന്ന്‌ സൂര്യപുത്രി പറഞ്ഞു.

കരിയര്‍

നിയമ ബിരുദ വിദ്യാര്‍ത്ഥിയാണ് സൂര്യ. ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷക്കു ശേഷം നിയമത്തില്‍ പിജി ചെയ്യണമെന്നും പിന്നീട് തന്റെ അഭിരുചികളില്‍ കൂടുതല്‍ പ്രവീണ്യം നേടണമെന്നുമാണ് ആഗ്രഹം. ബോട്ടില്‍ ആര്‍ട്ടിന്‌ പുറമെ സ്‌റ്റെന്‍സില്‍, സെന്റാങ്കില്‍, പെന്‍സില്‍, എന്നിവയും ഡൂഡില്‍ ആര്‍ട്ടും സൂര്യപുത്രിയ്‌ക്ക്‌ വശമുണ്ട്‌. കവിതാരചനയിലും നൃത്തത്തിലും പ്രാവീണ്യവും തെളിയിച്ചിട്ടുണ്ട്‌.

കുടുംബം

പ്രവാസിയായ ഉദയനാണ് അച്ഛന്‍. അമ്മ പ്രീത ഇംഗ്ലീഷ് അധ്യാപിക ആണ. ഇളയസഹോദരന്‍ സൂര്യകിരണ്‍.

Leave a Reply

Your email address will not be published. Required fields are marked *