സംസ്ഥാനത്തെ ആദ്യ വനിതാ ഡഫേദാർ

സംസ്ഥാനത്തെ കളക്ടറേറ്റിൽ ആദ്യമായി ഒരു വനിതാ ഡഫേദാർ. പവര്‍ലിഫ്റ്റിംഗ് താരമായിരുന്ന കെ സിജി ഇത്തവണ എടുത്ത് ഉയര്‍ത്തിയത് ചരിത്രമാണ് . വെള്ള ചുരിദാറും ഷൂവും ചുവന്ന ക്രോസ്ബെൽറ്റും സർക്കാർ മുദ്രയും ധരിച്ച് ആലപ്പുഴ കളക്ടറുടെ മുറിക്കുമുന്നിൽ സിജി നിൽക്കുമ്പോൾ ചരിത്രത്തിന്റെ ഭാഗമാകുന്നു.

അടുത്ത ഡഫേദാർ ആരെന്ന ചോദ്യമുയർന്നപ്പോഴേ സമ്മതമറിയിച്ചു. കളക്ടറടക്കമുള്ളവർ പിന്തുണച്ചെന്ന് സിജി പറഞ്ഞു. ജില്ലയിലെ ഏറ്റവും സീനിയറായ ഓഫീസ് അറ്റൻഡറെയാണ് കളക്ടറുടെ ഡഫേദാറായി നിയമിക്കുക. ഓഫിസ് അസിസ്റ്റന്റ് റാങ്കിലുള്ള തസ്തികയാണു ഡഫേദാർ. കലക്ടറുടെ പേഴ്സണൽ അസിസ്റ്റന്റ് എന്നു ഡഫേദാറിനെ പറയാം. ചേംബറിൽ കലക്ടർക്കു വേണ്ട ക്രമീകരണങ്ങൾ ഒരുക്കുക, കലക്ടറെ കാണാൻ എത്തുന്നവരെ ചേംബറിലേക്ക് കടത്തിവിടുക, അവർക്കു വേണ്ട നിർദേശങ്ങൾ നൽകുക തുടങ്ങിയവയാണു പ്രധാന ജോലികൾ.


ചെത്തിയെന്ന തീരഗ്രാമത്തിൽനിന്ന് 2000ൽ ജി വി രാജയുടെ മികച്ച കായികതാരത്തിനുള്ള അവാർഡ് നേടിയ സിജി 24 വർഷത്തിനിപ്പുറം വീണ്ടും ചരിത്രത്തിൽ ഇടം നേടി. ഇപ്പോൾ ആലപ്പുഴ കളക്ടർ അലക്സ് വർഗീസിൻറെ ഡഫേദാറായി (അകമ്പടി ജീവനക്കാരി) സദാസമയവും സിജിയുണ്ട്. നവംബർ 11 നാണ് ജോലിയിൽ പ്രവേശിച്ചത്. ജോലിസമയത്തിൽ കൃത്യതയില്ലാത്തതിനാൽ പൊതുവേ ആളുകൾ മടിക്കുന്ന ഈ ജോലി ചേർത്തല ചെത്തി അറയ്ക്കൽ വീട്ടിൽ കെ സിജിയാണ് ഇഷ്ടത്തോടെ ഏറ്റെടുക്കുകയായിരുന്നു. മുൻ ഡഫേദാറിന്റെ ഒഴിവിലാണ് സിജിയുടെ നിയമനം. ഭാരോദ്വഹനത്തിൽ 1996, 1997, 1998 വർഷങ്ങളിൽ ദേശീയ, സംസ്ഥാന മത്സരങ്ങളിലും 1995ൽ ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ മത്സരത്തിലും സ്വർണമെഡൽ നേടി.

2005ൽ സ്പോർട്സ് ക്വാട്ടയിൽ കളക്ടറേറ്റിൽ അറ്റൻഡറായി ജോലിയിൽ പ്രവേശിച്ചു. 2019ൽ കളക്ടറുടെ ചേംബറിലെത്തി. വിരമിക്കാൻ ഇനി ആറുമാസം കൂടിയേയുള്ളൂ. നന്നായി പ്രവർത്തിക്കാനാകുമെന്ന് വിശ്വസിക്കുന്നു. ജോലി ഏറ്റെടുത്തപ്പോൾ ഏറ്റവുമധികം പിന്തുണ തന്നത് കുടുംബമാണെന്നും സിജി.ചെത്തി അറയ്ക്കൽ ഹൗസിൽ ജോസഫ് പി അറയ്ക്കലാണു ഭർത്താവ്. മക്കൾ: വർണ ജോസഫ്, വിസ്മയ ജെ അറയ്ക്കൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!