അഭിഭാഷകവൃത്തിയാണ് സ്വപ്നം; ജീവിതം നയിക്കുന്നത് പൊറാട്ട അടിച്ച്
സൂര്യതേജസ്വിനി
ജീവിതത്തിൽ കഠിനാധ്വാനത്തിലൂടെ സ്വന്തമാക്കാൻ കഴിയാത്തതൊന്നുമില്ല. എന്നാൽ ഇതിനുള്ള മനസ്സ് എത്ര പേർക്കുണ്ടാകും? തന്റെ സ്വപ്നമായ അഭിഭാഷകവൃത്തി സാധ്യമാക്കാൻ വേണ്ടി കഠിനാദ്ധ്വാനം ചെയ്യുകയാണ് അനശ്വര എന്ന കൊച്ചു മിടുക്കി. ഇതിനായി അവൾ ചെയ്യുന്ന കഠിനാദ്ധ്വാനം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. പൊറാട്ട അടിക്കുന്ന പെൺകുട്ടി എന്ന് നിലയിലാണ് അനശ്വര ഇപ്പോൾ താരം.
പൊറാട്ട വക്കീൽ എന്നൊരു ഓമനപ്പേരും സോഷ്യൽ മീഡിയ ചാർത്തി നൽകി. ഇതേക്കുറിച്ചു ചോദിച്ചാൽ മറുപടി ഇങ്ങനെ ” കൂട്ടുകാരും എന്നെ ഈ പേര് വിളിക്കാറുണ്ട്. അത് കേൾക്കുമ്പോൾ അഭിമാനം മാത്രമേയുള്ളൂ”.
സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന അനശ്വര എന്ന നിയമവിദ്യാർഥിനിയുടെ ജീവിത പോരാട്ടത്തിന് ലക്ഷക്കണക്കിന് ആളുകളാണ് സ്നേഹം വാരിക്കോരി നൽകുന്നത്.

അമ്മ സുബിയെ സഹായിക്കാനായാണ് അനശ്വര ഹോട്ടലിൽ പൊറോട്ടയടിക്കാൻ തുടങ്ങിയത്. പിന്നെ അത് പതിവായി. ആദ്യമൊക്കെ അൽപം ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും ഇപ്പാൾ ആരെയും വെല്ലുന്ന കൈവഴക്കത്തോടെ അനശ്വര ഈ പണി ചെയ്യും. അമ്മയും അമ്മയുടെ സഹോദരിയും എല്ലാ സഹായത്തിനും കൂടെയുണ്ട്. എരുമേലി കാഞ്ഞിരപ്പള്ളി റോഡിലെ കുറുവാമൊഴിയിൽ ഇവർ സ്വന്തമായി നടത്തുന്ന ‘ആര്യ’ ഹോട്ടലിൽ ഏറ്റവും ഡിമാന്റുള്ള ഭക്ഷണം പൊറാട്ടയാണ്. പൊറാട്ട അടിക്കുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. സാധാരണ പൊറോട്ടയടിക്കുന്ന സ്ത്രീകള്‍ വളരെ കുറവാണ്. എന്നാൽ, ഈ അമ്മയും മകളും അനായാസമായി പൊറോട്ടയടിക്കുന്നത് ഇവിടെയെത്തുന്നവർക്ക് കൗതുകം നിറഞ്ഞ കാഴ്ചയാണ്.

തൊടുപുഴ അൽ അസർ കോളേജിൽ എൽഎൽബി അവസാന വർഷ വിദ്യാർഥിനിയാണ് അനശ്വര. മകൾ വക്കീലാകുന്നതും പൊറാട്ട അടിക്കുന്നതും ഒക്കെ സന്തോഷമാണ് അമ്മയ്ക്ക്. ഇതിന്റെ എല്ലാം മാസ്റ്റർ അമ്മയും അമ്മയുടെ ചേച്ചിയുമാണെന്ന് അനശ്വര പറഞ്ഞു. പൊറാട്ടയടിക്കാൻ പഠിപ്പിച്ചത് അമ്മയാണ്. ആദ്യം ചെറിയ ബോളുകൾ ഉരുട്ടാൻ പഠിപ്പിച്ചു, പിന്നെ പതിയെ വീശാനും ചുട്ടെടുക്കാനും. രണ്ട് അനിയത്തിമാരുണ്ട്– മാളവികയും അനാമികയും. പ്ലസ് വണ്ണിലും ആറാംക്ലാസിലും പഠിക്കുന്നു. അനശ്വര പഠിക്കാൻ പോകുമ്പോൾ അവരാണ് അമ്മയെ സഹായിക്കുന്നത്.

പഠനം പൂർത്തിയാക്കാൻ ഇനി കുറച്ച് മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. പക്ഷെ പഠിച്ച് വക്കീൽ ആയാലും പൊറാട്ടയടി വിടില്ലെന്നാണ് അനശ്വര പറയുന്നത്. അമ്മ ചെയ്യുന്ന പണി ഏറ്റെടുക്കും. വക്കീൽ പഠനവും ഹോട്ടലിലെ ജോലിയുമെല്ലാം ഒരുമിച്ച് കൊണ്ടുപോവുന്നതിൽ അമ്മയ്ക്കും കുടുംബത്തിനും സന്തോഷം മാത്രമേ ഉള്ളൂ.
അനശ്വരയുടെ അമ്മമ്മയാണ് ആര്യ ഹോട്ടൽ തുടങ്ങിയത്. പിന്നീട് അനശ്വരയുടെ അമ്മ സുബിയും സഹോദരിയും ഹോട്ടലിന്റെ മേൽനോട്ടം ഏറ്റെടുത്തു. അനശ്വരയ്ക്കും കുടുംബത്തിനും സ്വന്തമായി വീട് എന്നതാണ് അടുത്ത സ്വപ്നം.